‘എൽ.ഡി.എഫിന് ഈ ജനവിധി അവസാനമല്ല, ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കും’; നാലാം നാൾ പ്രതികരിച്ച് പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നതായി പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിർപ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും ഇടയിലും എൽ.ഡി.എഫിന് ജനങ്ങൾ നൽകിയ പിന്തുണക്ക് നന്ദി പറയുന്നതായും പിണറായി വിജയൻ പ്രസ്താവനയിൽ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ ദയനീയ തോൽവിയിൽ നാലാം ദിനമാണ് പിണറായി പ്രതികരിക്കുന്നത്. മൂന്നാംവട്ടം തുടർച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും വലിയൊരു ജനവിഭാഗം എൽ.ഡി.എഫിനൊപ്പം ഉറച്ചുനിന്നുവെന്നത് തങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. എൽ.ഡി.എഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയിൽ വീണ്ടെടുക്കാനും കൂടുതൽ ശക്തമായി മുന്നോട്ട് പോകാനും പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞ 10 വർഷങ്ങളിലുടനീളം നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നത് നിസ്സംശയമാണ്. അവ നിലച്ചുപോകാതിരിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ശക്തമായ ജനജാഗ്രത തുടർന്നും ഉണ്ടാകേണ്ടതുണ്ട്.
നവകേരള നിർമാണത്തിനായി എൽ.ഡി.എഫ് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ — വിജ്ഞാന സമ്പദ്‌വ്യവസ്ഥ, യുവജന തൊഴിൽ, സാമൂഹികനീതി, പൊതുആരോഗ്യവും വിദ്യാഭ്യാസവും — ഇവയെല്ലാം ഇനി മുന്നോട്ടുപോകുമെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കും. അതിദാരിദ്ര്യ നിർമാർജനവും സ്ത്രീശക്തീകരണവും സാമൂഹികസുരക്ഷയും ഉൾപ്പെടെയുള്ള മേഖലകളിൽ മുന്നോട്ടുവെച്ച നയങ്ങൾ ജനങ്ങൾക്ക് ആവശ്യമായവയാണ്. അവ നടപ്പാക്കുന്നതിനായി പുതിയ സർക്കാറിന്മേൽ ജനാധിപത്യ സമ്മർദം ചെലുത്തും. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കും. അതേസമയം, ജനവിരുദ്ധമായ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യും. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുകയാണ് എൽ.ഡി.ഫിന്റെ ലക്ഷ്യം.
കേരളത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കുക എന്നത് എൽ.ഡി.എഫിന്റെ അടിസ്ഥാന നിലപാടാണ്. ഈ തെരഞ്ഞെടുപ്പിലെ ചില സൂചനകൾ മതനിരപേക്ഷത സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. ബി.ജെ.പി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരമാണ്. ഒരു വർഗീയതയോടും സന്ധി ചെയ്യാതെ വിഭജന രാഷ്ട്രീയത്തിനെതിരെ പോരാട്ടം തുടരും. ഈ തെരഞ്ഞെടുപ്പിനിടയിൽ വ്യാപകമായ വ്യാജപ്രചാരണങ്ങൾ നടന്നുവെന്നത് മുമ്പും പറഞ്ഞതാണ്. അതിൽ ചില മാധ്യമങ്ങൾ വഹിച്ച പങ്ക് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. അർധസത്യങ്ങളെയും അതിശയോക്തികളെയും വസ്തുതാവിരുദ്ധ പ്രചാരണങ്ങളെയും ആശ്രയിച്ച അവതരണങ്ങൾ ജനാധിപത്യത്തിന് ഗുണകരമല്ല. എങ്കിലും, ഈ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുകയാണ് പ്രധാനമെന്ന് എൽ.ഡി.എഫ് വിശ്വസിക്കുന്നു.
തെരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കാനും എല്ലാ സഖാക്കളുടെയും അഭിപ്രായങ്ങൾ കേൾക്കാനും എൽ.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. ജനാധിപത്യപരമായ തുറന്ന പരിശോധന ആണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പൊതുസമൂഹത്തിൽനിന്നും സഖാക്കളിൽനിന്നും ഉയരുന്ന ആശങ്കകളും അഭിപ്രായങ്ങളും വിമർശനങ്ങളും ഗൗരവബുദ്ധ്യാ പരിശോധിക്കും. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട് തീരുമാനങ്ങൾ എടുക്കും.
എൽ.ഡി.എഫിനുവേണ്ടി പതിനായിരക്കണക്കിന് പ്രവർത്തകരാണ് ഈ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അഹോരാത്രം ഏറ്റെടുത്തത്. അവരെ ആകെ അഭിവാദ്യം ചെയ്യുന്നു. ഞങ്ങളെ എതിർത്ത ശക്തികൾ —യു.ഡി.എഫ്, ബി.ജെ.പി, ചില മാധ്യമങ്ങളുടെ നിലപാട് — ഇവയെല്ലാം ചേർന്നുണ്ടാക്കിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ഫലം ഉണ്ടായത്. അരാജക-അരാഷ്ട്രീയ സ്വഭാവം ഉള്ള ചില കേന്ദ്രങ്ങളുടെ തെറ്റായ പ്രചരണത്തിലും ചിലരെങ്കിലും കുടുങ്ങി പോയിട്ടുണ്ട്. അവരെയൊക്കെ വസ്തുതകൾ ബോധ്യപ്പെടുത്താൻ ഗൗരവമായ ശ്രമം ഉണ്ടാകും. ജനങ്ങൾ നൽകിയ വിധിയെ മാനിച്ച് കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ ഞങ്ങൾ തയാറാണ്. നുണക്കഥകളും കോർപറേറ്റ്-പി.ആർ ബുദ്ധിശാലകളിൽ ഉരുത്തിരിഞ്ഞ വ്യാജപ്രചാരണങ്ങളും ഞങ്ങളെ പിന്നോട്ടടിപ്പിക്കില്ല. എൽ.ഡി.എഫിന്റെ നിലപാടുകളിലും ഇടപെടലുകളിലും വന്ന വീഴ്ചകൾ ജനാധിപത്യപരമായി തന്നെ പരിശോധിക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തും. ജനങ്ങളോടുള്ള ബന്ധം കൂടുതൽ ശക്തമാക്കി, കൂടുതൽ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും എൽ.ഡി.എഫ് മുന്നോട്ട് പോകുമെന്നും പ്രസ്താവനയിൽ പറയുന്നു.
കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടി പോരാട്ടം തുടരും. എൽ.ഡി.എഫിനൊപ്പം നിന്ന എല്ലാവർക്കും വീണ്ടും നന്ദി അറിയിക്കുന്നു. കേരള ജനതയുടെ വിശ്വാസം വീണ്ടെടുക്കാൻ കൂടുതൽ ശക്തമായി തിരിച്ചുവരുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

