കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെ.കെ.ആർ കവചം
text_fieldsതിരുവനന്തപുരം: കണ്ണൂർ സി.പി.എം ജില്ലാ സെക്രട്ടറിയായി മുൻ രാജ്യസഭാ എം.പി കെ.കെ. രാഗേഷിനെ തെരഞ്ഞെടുത്തതിന് പിന്നാലെ അഭിനന്ദന പോസ്റ്റുമായി ദിവ്യ എസ്. അയ്യർ. ഇൻസ്റ്റഗ്രാമിലാണ് ദിവ്യ എസ് അയ്യർ പോസ്റ്റിട്ടത്. ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ടെന്നും കുറിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം:
'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം!
ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്.
വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!📕
കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു! 🖌
Thank you, for always considering us with utmost respect--an art that is getting endangered in power corridors across the globe.' - ദിവ്യ എസ് അയ്യർ ഐ എ എസ്.
ഇന്ന് രാവിലെയാണ് പുതിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുൻ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെകെ രാഗേഷിനെ തീരുമാനിച്ചത്. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലയിൽ നിന്ന് രാഗേഷ് മാറും.
സിപിഎമ്മിൻറെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ജില്ലാ കമ്മിറ്റിയാണ് കണ്ണൂരിലേത്. കെ പി ആർ ഗോപാലൻ മുതൽ ചടയൻ ഗോവിന്ദനും പിണറായിയും കോടിയേരിയും ഇപിയും എം വി ഗോവിന്ദനും ഇരുന്ന പദവിയിലാണ് രാഗേഷിന്റെ ഊഴം. പാർട്ടിയിൽ വരുംകാല നേതൃത്വത്തിന്റെ പ്രഖ്യാപനമാകുന്ന കണ്ണൂർ സെക്രട്ടറി സ്ഥാനത്ത് രാഗേഷിനെ നിശ്ചയിക്കാൻ മുഖ്യമന്ത്രി നേരിട്ട് ജില്ലാ കമ്മിറ്റി യോഗത്തിനെത്തി. എം വി ഗോവിന്ദനും പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്, പനോളി വത്സൻ, എൻ ചന്ദ്രൻ, എം.പ്രകാശൻ എന്നിവരുടെ പേരുകളും പറഞ്ഞുകേട്ടെങ്കിലും നിർണായകമായത് മുഖ്യമന്ത്രിയുടെ തീരുമാനമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.