രാജ്യത്ത് മാധ്യമങ്ങളെയും ഭയത്തിലാഴ്ത്തിയിരിക്കുന്ന കാലമാണിതെന്ന് മന്ത്രി പി. രാജീവ്
text_fieldsകൊച്ചി: രാജ്യത്ത് മാധ്യമങ്ങളെയും ഭയത്തിലാഴ്ത്തിയിരിക്കുന്ന കാലമാണിതെന്ന് മന്ത്രി പി. രാജീവ്. സീനിയർ ജേണലിസ്റ്റ് യൂനിയൻ കേരളയുടെ മൂന്നാം സംസ്ഥാന സമ്മേളനം എറണാകുളം വൈ.എം.സി.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്തെങ്കിലും എഴുതിയാൽ നടപടിയെടുക്കുമോയെന്ന ഭീതി നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ചില മാധ്യമങ്ങൾ ജനാധിപത്യത്തിന്‍റെ നാലാം തൂണ് എന്നതിൽനിന്നു എക്സിക്യൂട്ടിവ് മീഡിയ എന്ന നിലയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. സ്വതന്ത്ര മാധ്യമം എന്ന നിലയിൽ പ്രവർത്തിക്കുന്നവ അധികമില്ല. നിയമനിർമാണ സഭകളും അത്തരത്തിൽ മാറ്റപ്പെട്ടു. ഇപ്പോൾ പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ മാധ്യമപ്രവർത്തകരെ കാണാനാകില്ല.
പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമൊപ്പം യാത്രകളിൽ ഒരു കാലത്ത് മാധ്യമപ്രവർത്തകരുമുണ്ടാകുമായിരുന്നു. ഇപ്പോൾ അതും ഇല്ലാതായി. ഇപ്പോഴത്തെ പ്രധാനമന്ത്രി വന്നതിന് ശേഷം അദ്ദേഹം മാത്രം മതിയെന്ന രീതിയാണ്. മാധ്യമങ്ങൾതന്നെ കോർപറേറ്റുകളായി മാറി. അവ സെൻസേഷനലിസത്തിന് കീഴടങ്ങുന്നതാണ് കേരളത്തിൽ കാണാനാകുന്നത്. മുതിർന്ന മാധ്യമപ്രവർത്തകരുടെ ആവശ്യങ്ങളിൽ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.