ചിറ്റൂരുകാരുടെ ഏട്ടന് രണ്ടാമൂഴം
text_fieldsകെ. കൃഷ്ണൻകുട്ടി കൃഷിയിടത്തിൽ
ചിറ്റൂർ: തമിഴകവുമായി അതിർത്തിയും ജലവും പങ്കിടുന്ന ചിറ്റൂരിൽ ജലവിനിയോഗത്തിെൻറ രാഷ്ട്രീയം പറഞ്ഞ കെ. കൃഷ്ണൻകുട്ടിക്ക് ജലവിഭവ മന്ത്രിയായി രണ്ടാമൂഴം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ മേഖലകളിൽ പതിറ്റാണ്ടുകളായി തുടരുന്ന ജലവിഷയങ്ങളിൽ ശാശ്വത പരിഹാരം കണ്ടതാണ് കൃഷ്ണൻകുട്ടിയെ രണ്ടാമതും മന്ത്രിയാക്കിയത്.
കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി കേരളത്തിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ അതികായനായി മാറിയ ചരിത്രമാണ് ചിറ്റൂരുകാരുടെ 'കൃഷ്ണൻകുട്ടിയേട്ട'േൻറത്. ഉയർച്ച താഴ്ചകൾ ഏറെയുള്ള കൃഷ്ണൻകുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിൽ ജലവിഷയങ്ങളിലെ സജീവ ഇടപെടലുകൾ തന്നെയാണ് നിർണായകമായത്. ഒമ്പതുതവണ ചിറ്റൂരിൽനിന്ന് ജനവിധി തേടിയ കൃഷ്ണൻകുട്ടിയെ നാലുതവണ ചിറ്റൂരുകാർ െതരഞ്ഞെടുത്തു.
േകാൺഗ്രസിൽനിന്ന് ജനത പാർട്ടിയിലേക്കും പിന്നീട് ജനതാദളിലേക്കും ചുവടുെവച്ച കൃഷ്ണൻകുട്ടി, ചിറ്റൂരിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിെൻറ അമരക്കാരനാവുകയായിരുന്നു. മൂന്നുതവണ തുടർച്ചയായി കോൺഗ്രസിലെ കെ. അച്യുതനോട് പരാജയപ്പെടുകയും 20 വർഷം അധികാരത്തിൽ എത്താതിരിക്കുകയും ചെയ്തിട്ടും ജനകീയ വിഷയങ്ങളിൽ സജീവ ഇടപെടലുകൾ നടത്തിയത് ജനപിന്തുണയേറ്റി.
മഴക്കാലത്തും കുടിവെള്ള ടാങ്കറുകൾ വരുന്നതും കാത്തിരുന്ന പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയിൽ സമൃദ്ധമായി വെള്ളമെത്തിക്കാൻ കൃഷ്ണൻകുട്ടിക്ക് സാധിച്ചു. നെൽകൃഷി കൂടുതലുള്ള ചിറ്റൂരിെൻറ പടിഞ്ഞാറൻ മേഖലയിലുള്ളവരും കൂടുതൽ പച്ചക്കറി കൃഷി ചെയ്യുന്ന കിഴക്കൻ മേഖലയിലുള്ളവരും ഇതോടെ കൃഷ്ണൻകുട്ടിക്ക് പിന്തുണ നൽകി. ചിറ്റൂരുകാരുടെ ഏട്ടൻ, വീണ്ടും മന്ത്രിക്കസേരയിലെത്തുേമ്പാൾ വികസനത്തുടർച്ച നാട്ടുകാർ പ്രതീക്ഷിക്കുന്നു.
പറമ്പിക്കുളം ആളിയാർ കരാറിൽ തമിഴ്നാട്ടിെൻറ കരാർ ലംഘനങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ കെ. കൃഷ്ണൻകുട്ടി മന്ത്രിയായി വീണ്ടും അധികാരത്തിലെത്തുമ്പോൾ ചിറ്റൂരിലെ കർഷകരും തികഞ്ഞ പ്രതീക്ഷയിലാണ്. അന്തർസംസ്ഥാന നദീജല കരാറുകളെക്കുറിച്ച് ആഴത്തിലറിയുന്ന കൃഷ്ണൻകുട്ടിക്ക് കരാർ പുതുക്കലുകളും അർഹമായ വെള്ളം നേടിയെടുക്കലുമാണ് പ്രധാന വെല്ലുവിളി. മികച്ച കർഷകൻ കൂടിയ കൃഷ്ണൻകുട്ടി, കാർഷിക മേഖലയിലെ പുത്തൻ പരീക്ഷണങ്ങളെ ഏറ്റെടുക്കുന്നതിൽ തൽപരനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.