നീറ്റിലെ മലയാളിത്തിളക്കമിങ്ങനെ; പട്ടിക 20 ദിവസത്തിനകം
text_fieldsകാർത്തിക ജി. നായർ, ഗൗരിശങ്കർ
മാവേലിക്കര: നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് മുതൽ മലയാളിത്തിളക്കമുണ്ട്. കാർത്തിക ജി. നായർ ആണ് അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്ക് നേടിയ മലയാളി. കേരളത്തിൽ പരീക്ഷയെഴുതിയതിൽ ഒന്നാം റാങ്ക് ഗൗരി ശങ്കറിനാണ്.
അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്ക് നേടിയ കാർത്തിക ജി. നായർ മഹാരാഷ്ട്രയിലാണ് പരീക്ഷ എഴുതിയത്. കണ്ണൂർ കരിവെള്ളൂർ സ്വദേശിനിയാണ്. ആകെ മാർക്കായ 720 സ്കോർ ചെയ്ത കാർത്തിക നവി മുംബൈയിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായ ഗംഗാധരൻ നായരുടെയും പൻവേൽ പിള്ള കോളജ് അധ്യാപികയായ ശ്രീവിദ്യയുടെയും മകളാണ്. പൻവേൽ ഡി.എവി സ്കൂൾ വിദ്യാർഥിനിയാണ്.
വെട്ടിയാർ പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപം തണൽ വീട്ടിൽ സുനിൽകുമാർ -രേഖ ദമ്പതികളുടെ മകനാണ് ഗൗരി ശങ്കർ. അഖിലേന്ത്യ തലത്തിൽ 17ാം റാങ്കാണ് ഈ കൊച്ചുമിടുക്കന്. 720ൽ 715 മാർക്ക് നേടി.
ഇ-മെയിലിൽ വന്ന അറിയിപ്പിൽ നിന്നാണ് ഉന്നത വിജയം നേടിയ വിവരം ഗൗരി ശങ്കർ അറിഞ്ഞത്. മാവേലിക്കര പാറ്റൂർ ശ്രീബുദ്ധ സെൻട്രൽ സ്കൂളിലാണ് എൽ.കെ.ജി മുതൽ പത്താംതരംവരെ പഠിച്ചത്. 98.2 ശതമാനം മാര്‍ക്കോടെയാണ് പത്താം ക്ലാസ് വിജയം. ചങ്ങനാശ്ശേരി ചെത്തിപ്പൂഴ പ്ലാസിഡ് വിദ്യ വിഹാറിൽനിന്ന് പ്ലസ് ടുവിന് 98.8 ശതമാനം മാർക്കോടെ മികച്ച വിജയം നേടി. ആഴ്ചയില്‍ ഒരു ദിവസമായിരുന്നു നീറ്റ് പരിശീലനം.
ഗൗരി ശങ്കർ മാതാപിതാക്കൾക്കൊപ്പം
രക്ഷകര്‍ത്താക്കളുടെയും അധ്യാപകരുടെയും പിന്തുണയും ചിട്ടയായ പഠനവും സമയക്രമവുമാണ് നേട്ടത്തിന് കാരണമെന്ന് ഗൗരിശങ്കർ പറഞ്ഞു. ആറാം ക്ലാസ് മുതലാണ് ഡോക്ടറാകാനുള്ള മോഹം മനസ്സില്‍ കയറിയത്. ശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലിരുന്ന മുത്തച്ഛനെ പരിചരിച്ചു കൂട്ടിരുന്നതാണ് ആഗ്രഹത്തിന് പിന്നിലെ കാര്യം. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എം.ബി.ബി.എസ് പഠിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഗൗരി ശങ്കർ കൂട്ടിച്ചേർത്തു. പിതാവ് സുനിൽ മുൻ പ്രവാസിയാണ്. അനുജന്‍ പവി ശങ്കർ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
കേരളത്തിൽനിന്നുള്ള വൈഷ്ണ ജയവർധനൻ 710 സ്കോറോടെ അഖിലേന്ത്യതലത്തിൽ 23ാം റാങ്കും നേടി. കേരളത്തിൽനിന്നുള്ള ആർ.ആർ. കവിനേഷന് 30ാം റാങ്കുമുണ്ട്. 60ാം റാങ്കുള്ള സി. നിരുപമയും കേരളത്തിൽനിന്ന് മുൻനിര റാങ്കിൽ ഇടംപിടിച്ചു. 3830ാം റാങ്കുള്ള ജോനാഥൻ എസ്. ഡാനിയൽ എസ്.ടി വിഭാഗത്തിൽ ദേശീയതലത്തിൽ ആറാം സ്ഥാനത്തെത്തി.
ഇത്തവണ 1,16,010 പേരാണ് കേരളത്തിൽനിന്ന് നീറ്റ് പരീക്ഷക്ക് അപേക്ഷിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 12ന് നടന്ന നീറ്റിൽ 15.44 ലക്ഷം വിദ്യാർഥികളാണ് രാജ്യത്താകെ പരീക്ഷ എഴുതിയത്. 15 വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചു. 8,70,074 പേർ യോഗ്യത നേടി.
കേരളത്തിലെ പ്രവേശന നടപടികൾക്കായി നീറ്റ് സ്കോർ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്ഥാന റാങ്ക് പട്ടിക 15- 20 ദിവസത്തിനകം പ്രസിദ്ധീകരിക്കും. ഇതിനായി നീറ്റ് പരീക്ഷ നടത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽനിന്ന് കേരളത്തിൽനിന്ന് യോഗ്യത നേടിയ കുട്ടികളുടെ വിവരം പ്രവേശന പരീക്ഷ കമീഷണറേറ്റ് ശേഖരിക്കും. ഇതിനുശേഷം വിദ്യാർഥികൾക്ക് നീറ്റ് മാർക്ക് വെബ്സൈറ്റ് വഴി സമർപ്പിക്കാനുള്ള അവസരം നൽകും. ഇതുകൂടി പരിഗണിച്ചായിരിക്കും സംസ്ഥാന റാങ്ക് പട്ടിക തയാറാക്കുക.
സർക്കാർ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും സംസ്ഥാന റാങ്ക് പട്ടികയിൽനിന്നായിരിക്കും പ്രവേശനം. 15 ശതമാനം അഖിലേന്ത്യ ക്വോട്ടയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് പ്രവേശന നടപടികൾ നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

