'ഇത് അന്തിമ വിധിയല്ല; മേൽക്കോടതിയിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം' - ബി. സന്ധ്യ
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ള നാലുപ്രതികളെ വെറുതെ വിട്ടത് അന്തിമ വിധിയല്ലെന്നും മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അന്വേഷണ സംഘം മുന്‍ മേധാവി ബി. സന്ധ്യ. ഈ കേസിലൂടെ കേരളത്തിലെ സിനിമ മേഖലയിൽ ഒരു പാട് മാറ്റങ്ങൾ വന്നുവെന്നും അവർ പറഞ്ഞു. മേല്‍ക്കോടതിയില്‍ നീതിക്കുവേണ്ടി അന്വേഷണ സംഘവും പ്രോസിക്യൂഷനും പോരാടുമെന്നും ബി. സന്ധ്യ കൂട്ടിച്ചേർത്തു.
'അന്വേഷണ സംഘം മികച്ച ജോലിയാണ് ചെയ്തത്. അതിന് അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. മാറിമാറി വന്ന പ്രോസിക്യൂട്ടര്‍മാരെല്ലാം നല്ല രീതിയിലാണ് ജോലി ചെയ്തത്. ഈയൊരു കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയില്‍ ഒരുപാട് പോസിറ്റീവായ മാറ്റങ്ങള്‍ വന്നു. അന്തിമ വിധി വരുന്നതുവരെ അതിജീവിതക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകും. ഒരുപാട് വെല്ലുവിളികള്‍ വിചാരണവേളയില്‍ നേരിട്ടുണ്ട്. മേല്‍ക്കോടതിയില്‍ നീതിക്കുവേണ്ടി അന്വേഷണ സംഘവും പ്രോസിക്യൂഷനും പോരാടും'- ബി. സന്ധ്യ കൂട്ടിച്ചേര്‍ത്തു.
എറണാകുളം പ്രിൻസപ്പൽ സെഷൻസ് കോടതിയാണ് നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയത്. യുടേതാണ് വിധി. കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിന്റെ വിധി പറഞ്ഞത്. ഒന്ന് മുതൽ ആറ് പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും.
എൻ.എസ് സുനിൽ(പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒന്നു മുതൽ ആറ് വരെ പ്രതികൾക്കെതിരെ ചുമത്തിയ ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. എന്നാൽ, ഏഴ് മുതലുള്ള പ്രതികൾക്കെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കൾ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനൊപ്പം ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി നായർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
2017 ഫെബ്രുവരി 17 നാണ് രാജ്യത്തുടനീളം ചർച്ചയായ ആക്രമണം നടന്നത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതും മലയാള സിനിമാ ലോകത്തെ ക്രിമിനൽ ഇടപെടലുകളിലേക്ക് വെളിച്ചം വീശുന്നതുമായ സംഭവമാണ് അന്ന് അരങ്ങേറിയത്. തൃശൂരിൽനിന്ന് ഒരു സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു നടി. അങ്കമാലി അത്താണിക്ക് സമീപത്തുവെച്ച് കാറില്‍ അതിക്രമിച്ച് കയറിയ അക്രമി സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തു. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട നടി സംവിധായകനും നടനുമായ ലാലിന്റെ കാക്കനാട്ടെ വീട്ടിലാണ് അഭയം തേടിയത്. അദ്ദേഹത്തിൽ നിന്ന് വിവരമറിഞ്ഞ അന്തരിച്ച പി.ടി. തോമസ് എം.എൽ.എ വിഷയം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

