'ഇത് സാമ്പിൾ'; പിഷാരടിയെ ബി.ജെ.പി തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി
text_fieldsപാലക്കാട്: പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥി രമേശ് പിഷാരടിയെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി. കേരളത്തിലെ ജനാധിപത്യ ബോധത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ബി.ജെ.പി മറ്റു പലയിടത്തും നടപ്പാക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശൈലിയുടെ ഒരു 'സാമ്പിൾ' മാത്രമാണ് പാലക്കാട് ഇന്നലെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ബേപ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു പ്രതികരണം.
ഒരു സ്ഥാനാർഥിക്ക് വോട്ട് ചോദിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. ബി.ജെ.പിയുടെ നിലപാട് രാഷ്ട്രീയ അസഹിഷ്ണുതയുടെ അടയാളമാണ്. പിഷാരടിയെ ശാരീരികമായി ആക്രമിക്കാനും ശ്രമമുണ്ടായെന്നും ഇതിനെ സി.പി.എം ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സ്വന്തം സ്ഥാനാർഥി തെരുവിൽ അപമാനിക്കപ്പെട്ടിട്ടും ബി.ജെ.പിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നത് അവരുടെ നിസ്സഹായാവസ്ഥയെയാണ് കാണുക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം രാത്രിയാണ് വടക്കന്തറയിൽ സ്ഥാനാർഥി പര്യടനത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബി.ജെ.പി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള വനിത പ്രവർത്തകർ പിഷാരടിയുടെ വഴി തടയുകയായിരുന്നു. ക്ഷേത്രദർശനത്തിനുശേഷം വോട്ട് ചോദിക്കാനെത്തിയ സ്ഥാനാർഥിയെ "ഇത് ബി.ജെ.പി കോട്ടയാണ്, ഇവിടെ കോൺഗ്രസുകാർക്ക് വോട്ട് ചോദിക്കാൻ അവകാശമില്ല" എന്ന് ആക്രോശിച്ചാണ് തടഞ്ഞത്.
തന്നെ ഒരിക്കലും ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാവില്ലെന്ന് രമേശ് പിഷാരടി ശക്തമായ ഭാഷയിൽ പ്രതികരിച്ചു.
വടക്കന്തറ അമ്പലത്തിന് പിന്നിലെ ചെറിയ ക്ഷേത്രത്തിലേക്ക് പോകവേയാണ് ഒരു സംഘം സ്ത്രീകൾ രോഷാകുലരായി കടന്നുവന്നത്. നീല ചുരിദാറിട്ട ഒരു സ്ത്രീയാണ് ബഹളത്തിന് നേതൃത്വം നൽകിയത്. ജനാധിപത്യപരമായ പ്രചാരണത്തെ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീകളായതുകൊണ്ടാണ് ഞാൻ പരമാവധി സംയമനം പാലിച്ചത്. ബി.ജെ.പി ശക്തികേന്ദ്രമാണെന്ന് പറഞ്ഞ് സ്ഥാനാർഥികളെ തടയുന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും പിഷാരടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

