Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'വൺ, ടു, ത്രീ.....

'വൺ, ടു, ത്രീ.. ചത്തവന്‍റെ വീട്ടിൽ കൊന്നവന്‍റെ പാട്ട്': എം. എം മണിക്കെതിരെ തിരുവഞ്ചൂര്‍

text_fields
bookmark_border
Thiruvanchoor Radhakrishnan
cancel
Listen to this Article

അക്രമത്തിനിരയായ നടി ഹൈകോടതിയിൽ പുതിയ ഹരജി നൽകിയതിനെതിരെ മുന്‍ മന്ത്രി എം. എം മണി നടത്തിയ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍. മണിയുടെ വിവാദമായ വൺ, ടു, ത്രീ പരാമർശം മുൻനിർത്തിയാണ് തിരുവഞ്ചൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച പൈശാചിക സംഭവത്തെ ഇത്ര നിസ്സാരവത്കരിച്ച് പറയാനുള്ള മനസ്സിനെ സമ്മതിക്കണമെന്ന് തിരുവഞ്ചൂർ പറയുന്നു. നടിയെ രൂക്ഷമായി വിമർശിച്ച് ഇടതു ​നേതാക്കൾ രംഗത്തെത്തിയതിനെ തുടർന്ന് സംഭവം വീണ്ടും ചർച്ചാവിഷയം ആയിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

"വൺ,ടൂ,ത്രീ… ചത്തവന്റെ വീട്ടിൽ കൊന്നവന്റെ പാട്ട്"

1) നടിയെ ആക്രമിച്ച കേസ് നാണം കേട്ട കേസ്

2) വിശദമായി പരിശോധിച്ചാൽ പറയാൻ കൊള്ളാത്ത പലതും ഉണ്ട്.

3) കേസിൽ മുഖ്യമന്ത്രിക്കും, സർക്കാരിനും ഒന്നും ചെയ്യാനില്ല -മുൻ മന്ത്രി എം. എം മണി.

ഇനി പറഞ്ഞ ഓരോ കാര്യങ്ങളും ഒന്ന് വ്യക്തമായി പരിശോധിക്കാം,

1) ശരിയാണ്, കേരള ജനത ഒന്നടങ്കം വർഷങ്ങളായി പറയുന്നത് തന്നെയാണിത്; കേരളത്തിനും, മലയാളികൾക്കും നാണം കെട്ട് തല കുനിക്കേണ്ടി വന്ന കേസാണിത്.

2) അതെ, സത്യമാണ്. കേസന്വേഷണത്തെ ഇഴ കീറി പരിശോധിച്ചാൽ പറയാൻ കൊള്ളാത്ത പലതുമുണ്ട്. ആർക്കും ഈ കാര്യത്തിലും സംശയമില്ല.

3) പരമാർത്ഥം. പക്ഷേ,ഒരു ചെറിയ തിരുത്തുണ്ട്. കേസിൽ മുഖ്യമന്ത്രിക്കും, സർക്കാരിനും ഒന്നും ചെയ്യാനില്ല എന്നല്ല, ഒന്നും "ചെയ്യില്ല" എന്നതാണ് വസ്തുത.

മലയാളിയുടെ മനസ്സാക്ഷിയെ ഞെട്ടിച്ച, പൈശാചികമായ ഈ സംഭവത്തെ ഇത്ര നിസ്സാരവത്ക്കരിച്ച് പറയാനുള്ള ആ മനഃസാക്ഷി സമ്മതിക്കണം. സ്ത്രീ സുരക്ഷയെ പറ്റി അഹോരാത്രം സംസാരിക്കുന്ന സർക്കാരിനും, മുഖ്യമന്ത്രിക്കും ഒന്നും ചെയ്യാനില്ല പോലും. നാടൊട്ടുക്കും, അതിജീവിതക്കൊപ്പം എന്ന് മേനി നടിക്കുന്ന ഒരൊറ്റ "ഇടത് ബുദ്ധിജീവികളും, സഹയാത്രികരും" ഇതുവരെ പ്രതികരിച്ച് കണ്ടില്ല.

എല്ലാക്കാലവും സി.പി.ഐ(എം) പയറ്റുന്ന രക്ഷപ്പെടൽ തന്ത്രമാണ് ഇരയെ, എതിരാളിയെ സമൂഹത്തിൽ മോശക്കാരാക്കി ചിത്രീകരിക്കുക എന്നത്. ടി.പി ചന്ദ്രശേഖരൻ, ജിഷ്ണു പ്രണോയ്, ആന്തൂരിലെ സാജന്റെ ഭാര്യ, വാളയാറിലെ ഭാഗ്യവതി എന്നീ ഉദാഹരണങ്ങൾ മാത്രം മതി സി.പി.ഐ(എം) ന്റെ ഇരട്ടത്താപ്പ് മനസ്സിലാക്കാൻ. മനുഷ്യത്വം തീരെയില്ലാത്ത, അതിജീവിതയെ വിശ്വാസത്തിലെടുക്കാതെ മോശക്കാരിയാക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിർത്ത് പരാജയപ്പെടുത്തേണ്ടതുണ്ട്. അതിജീവിതക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും കൂടെ നിൽക്കേണ്ട സർക്കാരിന്റെ മൗനം, അവരോടുള്ള പരിഹാസം, അന്വേഷണ പാളിച്ചകൾ എന്നിവ കേരള ജനത തിരിച്ചറിയണം.

ഈ ധാർഷ്ട്യം ഓരോ മലയാളിക്കുമുള്ള മുന്നറിയിപ്പാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി അതിജീവിതയുടെ പരാതി കൂട്ടിക്കലർത്താൻ നോക്കുന്ന സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന, അന്തരിച്ച പി ടി തോമസിനെ അപമാനിച്ച മുഖ്യമന്ത്രിയുടെ പ്രസംഗം, ഇതെല്ലാം ചേർത്ത് വായിക്കണം. തങ്ങളുടെ നേട്ടത്തിന് ആരെയും, എന്തിനെയും ഇകഴ്ത്തുന്ന തരം താഴ്ന്ന പ്രഖ്യാപനങ്ങൾ സി.പി.ഐ(എം) ന് പുത്തരിയല്ല, എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

Show Full Article
TAGS:mm mani thiruvanchoor radhakrishnan 
News Summary - thiruvanchoor radhakrishnan against mm mani
Next Story