ജെബി മേത്തറും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചുമതലയേറ്റു
text_fieldsതിരുവനന്തപുരം: ഉത്സവാന്തരീക്ഷം നിറഞ്ഞ ചടങ്ങില്‍ മഹിളാ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷയായി ജെബി മേത്തറും സംസ്ഥാനതല കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ അധ്യക്ഷനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചുമതലയേറ്റു. മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിൽ പാര്‍ട്ടി ആസ്ഥാനമായ ഇന്ദിര ഭവനില്‍ നടന്ന വെവ്വേറെ ചടങ്ങുകളിലാണ് ഇരുവരും ചുമതലയേറ്റത്.
പക്ഷപാതപരമായ ഒരു നടപടിയും അച്ചടക്കത്തിന്റെ കാര്യത്തില്‍ ഉണ്ടാകില്ലെന്നും അച്ചടക്ക സമിതിയുടെ തീരുമാനങ്ങളെല്ലാം മെറിറ്റിന്റെയും നീതിബോധത്തോടെയുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തിലും ആയിരിക്കുമെന്ന് ചുമതലയേറ്റെടുത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. സമിതി അംഗങ്ങളായ എന്‍. അഴകേശന്, ഡോ. ആരീഫ എന്നിവരും അദ്ദേഹത്തോടൊപ്പം ചുമതല ഏറ്റെടുത്തു.
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസ് ശബ്ദമുയര്‍ത്തുമെന്നും ഏറ്റെടുത്ത ഉത്തരവാദിത്തം പൂര്‍ണമായി നിറവേറ്റുമെന്നും ജെബി മേത്തര്‍ അറിയിച്ചു. ചടങ്ങുകളിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, കെ.പി.സി.സി ഭാരവാഹികൾ, പോഷകസംഘടനാ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.

