Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം മൃഗശാല കാടിനരികിലേക്ക് മാറ്റണമെന്ന് സതീശൻ; എന്തിനാണ് ഇനിയും നമുക്ക് മൃഗശാലകളെന്ന മറുപടിയുമായി ശ്രീദേവി എസ്. കർത്ത

text_fields
bookmark_border
https://www.madhyamam.com/tags/thiruvananthapuram-zoo
cancel
camera_alt

വി.ഡി. സതീശൻ, ശ്രീദേവി എസ്. കർത്ത

തിരുവനന്തപുരം: മൃ​ഗശാല തിരുവനന്തപുരത്തു നിന്ന് മാറ്റണമെന്ന നിർദേശവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃ​ഗശാല സ്ഥിതിചെയ്യുന്ന സ്ഥലം മാഡിസൺ സ്ക്വയർ പോലെയോ പ്രാഗിലെ സ്ക്വയർ പോലെയോ അതിമനോഹരമായ ഒരു സ്ക്വയറാക്കി മാറ്റണമെന്ന ആശയമാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. ‘റീ ഇമാജിനിങ് കേരള’ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ, സതീശന്റേത് അതീവ വിചിത്രമായ ആശയമായിപ്പോയെന്നാണ്, ഇതിനോട് എഴുത്തുകാരിയും മൃഗാവകാശ പ്രവർത്തകയുമായ ശ്രീദേവി എസ്. കർത്ത പ്രതികരിച്ചത്. ഒരുകാലത്ത് വന്യമൃഗങ്ങളെ കൂട്ടിലടച്ച് മനുഷ്യർക്ക് കാണിച്ചുകൊടുക്കുക എന്ന മനുഷ്യകേന്ദ്രീകൃതമായ ആശയത്തിലാണ് മൃഗശാലകൾ പ്രവർത്തിച്ചിരുന്നതെന്നും എന്നാൽ, കാലം മാറിയതനുസരിച്ച് മൃഗശാലകൾ ഘട്ടംഘട്ടമായി നിർത്തലാക്കുകയാണ് വേണ്ടതെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

‘തലസ്ഥാന നഗരത്തിലേക്ക് എത്തുന്ന ആളുകൾ ചുരുങ്ങിയത് നാലുദിവസമെങ്കിലും ഇവിടെ തങ്ങുന്ന സ്ഥിതിവിശേഷമുണ്ടാകണം. ആളുകളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രമായി ഈ സ്ഥലത്തെ മാറ്റിയെടുക്കണം. ഇവിടെ സ്ഥിതിചെയ്യുന്ന മൃ​ഗശാല വനത്തോട് ചേർന്നുള്ള സ്ഥലത്തേക്ക് മാറ്റണമെന്നാണ് തന്റെ നിർദേശം’ -മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല അവിടെത്തന്നെ നിലനിർത്തേണ്ടതുണ്ടോയെന്ന് ചിന്തിക്കണം. അത് നെയ്യാറിലേക്കോ മറ്റോ മാറ്റിസ്ഥാപിക്കുകയാണ് വേണ്ടത്. മൃഗശാല നിലവിൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. ഓരോ മൃഗത്തിനും അവരുടേതായ സ്വാഭാവിക വാസസ്ഥലമുണ്ട്. അതിനാൽ നെയ്യാർ പോലെയോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റു വനമേഖലകളിലേക്കോ മൃഗശാല മാറ്റുകയാണ് വേണ്ടതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

തലസ്ഥാനനഗരത്തിലേക്ക് എത്തുന്ന ആളുകൾക്കുള്ള പ്രധാനകേന്ദ്രമായി ഈ സ്ഥലം മാറണം. തന്റെ സ്വപ്ന പദ്ധതിയാണിത്. ബജറ്റിൽ ഉൾപ്പെടാത്ത ഈ ആഗ്രഹം ആദ്യമായാണ് പൊതുജനസമക്ഷം തുറന്നുപറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള മോഡല്‍ എന്നൊക്കെ പറഞ്ഞ്, നമ്മള്‍ ഇപ്പോഴും പഴയ പ്രതാപത്തില്‍ ജീവിക്കുകയാണ്. അതില്‍ നിന്നൊക്കെ മാറ്റം ഉണ്ടാകണം. ലോകം മാറുകയാണ്. വിജ്ഞാനവിപ്ലവം നടക്കുകയാണ്. ഫ്യൂച്ചര്‍ ടെക്‌നോളജീസ് പലസ്ഥലത്തും കീഴടക്കുകയാണ്. സര്‍ക്കാര്‍ പരമ്പരാഗത വഴിയിലൂടെ സഞ്ചരിച്ചാല്‍ വണ്ടി പോകും മുമ്പോട്ട്. പക്ഷേ, വണ്ടി എവിടെയെങ്കിലും പോയി ഇടിച്ചുനില്‍ക്കുമെന്നും സതീശൻ പറഞ്ഞു.

അതേസമയം, ‘ഹരിത എം.എൽ.എ’ ‘ഹരിത മുഖ്യമന്ത്രി’യായപ്പോൾ പരിസ്ഥിതിബോധവും കാട്ടിൽ നിന്നിറങ്ങി ക്ലിഫ് ഹൗസിൽ താമസമായി എന്ന് തോന്നുന്നുവെന്ന് ശ്രീദേവി എസ്. കർത്ത കുറ്റ​പ്പെടുത്തി.

‘മൃഗശാല വനത്തോട് ചേർന്നാകുമ്പോൾ മൃഗങ്ങൾക്ക് കൂടുതൽ സ്വാഭാവിക അന്തരീക്ഷം ലഭിക്കുമെന്ന വാദം തികച്ചും അബദ്ധമാണ്. പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും അത് വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. തടവിൽ കഴിയുന്ന മൃഗങ്ങളും കാട്ടിലെ വന്യജീവികളും തമ്മിലുള്ള അതിർത്തി സങ്കീർണമാകുന്നതോടെ ‘സൂനോട്ടിക്’ രോഗങ്ങൾ പടരാനുള്ള സാധ്യത വർധിക്കും. രോഗബാധിതരായ തടവിലെ മൃഗങ്ങളിൽ നിന്നോ മാലിന്യങ്ങൾ വഴിയോ പകർച്ചവ്യാധികൾ കാട്ടിലേക്ക് വ്യാപിച്ചാൽ, അത് കാടുകളിലെ വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ പോലും സമ്പൂർണ നാശത്തിലേക്ക് നയിച്ചേക്കാം.’ -അവർ ചൂണ്ടിക്കാട്ടി.

മനുഷ്യരുടെ വിനോദത്തിനായി വന്യമൃഗങ്ങളെ കൂട്ടിലടക്കുന്നതല്ല, മറിച്ച് മനുഷ്യന്റെ അനാവശ്യ ഇടപെടലുകൾ പൂർണമായി ഒഴിവാക്കി വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ജീവിക്കാൻ അനുവദിക്കുന്നതാണ് യഥാർഥ പരിസ്ഥിതി സംരക്ഷണമെന്നും ശ്രീദേവി എസ്. കർത്ത ഓർമിപ്പിച്ചു. വന ഇടനാഴികൾ സംരക്ഷിക്കുകയും വന്യജീവികളെ സ്വാഭാവികമായി നിലനിർത്തുകയും ചെയ്യുകയാണ് വേണ്ടത്. മൃഗങ്ങളെ തടവിലിട്ട് കാണുന്നതിന് പകരം അവയെ അവയുടെ വഴിക്ക് വിടാൻ തീരുമാനിക്കുന്നതാണ് യഥാർഥ ഭരണത്തിനും മനുഷ്യത്വത്തിനും അന്തസ്സ് നൽകുന്നതെന്നും വിവരക്കേടിന് സ്വയം ഒരു പരിധി വെക്കണമെന്നും അവർ പറഞ്ഞു.

ശ്രീദേവി എസ്. കർത്തയു​ടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അതീവ വിചിത്രമായ ആശയമായിപ്പോയി സതീശൻ സർ!!! ഹരിത MlA ഹരിത മുഖ്യമന്ത്രിയായപ്പോൾ പരിസ്ഥിതി ബോധവും കാട്ടിൽ നിന്നിറങ്ങി ക്ലിഫ് ഹൗസിൽ താമസമായി എന്ന് തോന്നുന്നു..

എന്തിനാണ് ഇനിയും നമ്മുക്ക് മൃഗ ശാലകൾ?

ഒരു കാലത്ത് കാട്ടുമൃഗങ്ങളെ കൂട്ടിലടച്ച് മനുഷ്യർക്ക് കാണിച്ചുകൊടുക്കുക എന്നതായിരുന്നു മൃഗശാലകളുടെ പ്രധാന ആശയം. കാലം മാറി. വന്യജീവികളെക്കുറിച്ചും അവയുടെ സ്വാഭാവിക പെരുമാറ്റത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ഇന്ന് നമുക്ക് കൂടുതൽ ശാസ്ത്രീയമായ, മെച്ചപ്പെട്ട അറിവുണ്ട്.

അത് കൊണ്ടാണ് എന്തിനാണ് നമുക്ക് ഇനിയും മൃഗശാലകൾ എന്ന ചോദ്യം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്. മറ്റൊന്ന്

വന്യമൃഗങ്ങളെ സംരക്ഷിക്കണമെങ്കിൽ അവയെ കാട്ടിൽ നിന്ന് മാറ്റി മനുഷ്യരുടെ കാഴ്ചയ്ക്കും വിനോദത്തിനുമായി അടച്ചിടേണ്ടതുണ്ടോ എന്ന ചോദ്യമാണ്.

ഒരു മൃഗത്തിന് ഭക്ഷണം കൊടുക്കുന്നതും ചികിത്സ നൽകുന്നതും മാത്രം അതിന്റെ ക്ഷേമം ഉറപ്പാക്കുന്നില്ല. സ്വതന്ത്രമായി സഞ്ചരിക്കുക, സ്വന്തം കൂട്ടത്തോടൊപ്പം ജീവിക്കുക, സ്വാഭാവികമായി ഭക്ഷണം തേടുക, ഇണയെ തിരഞ്ഞെടുക്കുക, സ്വന്തം ആവാസവ്യവസ്ഥയുമായി ഇടപഴകുക — ഇവയെല്ലാം ഒരു വന്യമൃഗത്തിന്റെ സ്വാഭാവിക ജീവിതത്തിന്റെ ഭാഗമാണ്.

കൂട്ടിൽ സുരക്ഷിതമായി ജീവിക്കുന്നത് സ്വതന്ത്രമായി ജീവിക്കുന്നതിന് തുല്യമല്ല.

തടവിൽ കഴിയുന്ന ചില വന്യമൃഗങ്ങളിൽ അമിതമായ മാനസിക സമ്മർദ്ദം, സ്വാഭാവികമല്ലാത്ത ആവർത്തന സ്വഭാവങ്ങൾ, പെരുമാറ്റത്തിലെ മാറ്റങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഇന്ന് Conservation എന്നതിന്റെ അർത്ഥം മൃഗങ്ങളുടെ കൂടുതൽ എണ്ണം ശേഖരിച്ച് സംരക്ഷിക്കുന്നതിലല്ല; അവയ്ക്ക് ആവശ്യമുള്ള കാടുകളും ആവാസവ്യവസ്ഥകളും സംരക്ഷിക്കുന്നതിലാണ്. നിലനിറുത്തുന്നതിലാണ്

ഇതിനർത്ഥം എല്ലാ zoo-കളുടെയും എല്ലാ പ്രവർത്തനങ്ങളും ഒരുപോലെയാണെന്നല്ല. IUCN പോലും zoos-ന് Conservation, ഗവേഷണം , Reintroduction തുടങ്ങിയ മേഖലകളിൽ ചില സംഭാവനകൾ ഉണ്ടെന്ന് അംഗീകരിക്കുന്നു. അതോടൊപ്പം, അവയുടെ പ്രധാന ലക്ഷ്യം മൃഗങ്ങൾ മനുഷ്യരുടെ നിയന്ത്രിത സാഹചര്യങ്ങളിൽ തുടരുക എന്നതല്ല, അവയ്ക്ക് കാട്ടിൽ നിലനിൽക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുക എന്നതായിരിക്കണം എന്നും വ്യക്തമാക്കുന്നു.

പക്ഷേ അതുകൊണ്ട് മൃഗശാല എന്ന പഴഞ്ചൻ ആശയത്തെ തന്നെ ചോദ്യം ചെയ്യരുത് എന്നർത്ഥമില്ല.

ഇനി മറ്റൊരു ഗൗരവമുള്ള വിഷയം —

ഒരു മൃഗശാലയെ കാടിനോട് ചേർന്ന് സ്ഥാപിക്കുമ്പോൾ പലരും പറയുന്ന ഒരു വാദമുണ്ട്:

“കാടിനടുത്തല്ലേ, അതുകൊണ്ട് മൃഗങ്ങൾക്ക് കൂടുതൽ സ്വാഭാവികമായ അന്തരീക്ഷം ലഭിക്കും.”

പക്ഷേ ചിത്രം അത്ര ലളിതമല്ല.

ഒരു മൃഗശാലയിൽ വിവിധ വർഗ്ഗത്തിലുള്ള മൃഗങ്ങൾ , മനുഷ്യർ, ജീവനക്കാർ, സന്ദർശകർ, ചുറ്റുമുള്ള വളർത്തു മൃഗങ്ങൾ , ഭക്ഷണം, മാലിന്യസംസ്കരണം തുടങ്ങിയവ ഒരേ സംവിധാനത്തിന്റെ ഭാഗമാകുന്നു.

ഇനി അതിനോട് ചേർന്നാണ് സ്വാഭാവികമായി ജീവിക്കുന്ന വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയെങ്കിൽ, Captive wildlife-നും Real wildlife-നും ഇടയിലുള്ള അതിർത്തി കൂടുതൽ സങ്കീർണ്ണമാകും.

ഇവിടെ ഏറ്റവും പ്രധാനപ്പെട്ടത് രോഗവ്യാപനത്തിന്റെ സാധ്യതയാണ്.

Zoonotic diseases എന്നത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കോ മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കോ പകരാൻ കഴിയുന്ന രോഗങ്ങളാണ്.

രോഗാണുക്കളുടെ സഞ്ചാരം എല്ലായ്പ്പോഴും ഒരേ ദിശയിലല്ല.

മനുഷ്യനിൽ നിന്ന് വന്യമൃഗത്തിലേക്കും,

വന്യമൃഗത്തിൽ നിന്ന് മനുഷ്യനിലേക്കും,

ഒരു മൃഗത്തിൽ നിന്ന് മറ്റൊരു species-ലേക്കും രോഗാണുക്കൾ എത്താം.

Zoo പോലുള്ള ഇടങ്ങളിൽ വിവിധ species-കൾ, മനുഷ്യർ, വളർത്തു മൃഗങ്ങൾ എന്നിവ തമ്മിൽ ഉണ്ടാകുന്ന ഇടപെടലുകൾ ഈ അപകടത്തിന്റെ ഒരു ഭാഗമാണ്.

പ്രത്യേകിച്ച് ഒരു വനത്തിന്റെ അതിരിൽ മൃഗശാല പോലെ വലിയ captive-animal facility ഉണ്ടാകുമ്പോൾ, രോഗാണുക്കൾ പുറത്തേക്ക് എത്താനുള്ള സാധ്യതകൾ വളരെ ശ്രദ്ധാപൂർവം വിലയിരുത്തേണ്ടതുണ്ട്.

ഉദാഹരണത്തിന്, രോഗബാധിതമായ ഒരു തടവിലെ മൃഗം അതിന്റെ മാലിന്യം , ഭക്ഷണം, വെള്ളം, മനുഷ്യരുടെ സഞ്ചാരം, തെരുവ് മൃഗങ്ങൾ , പക്ഷികൾ, കീടങ്ങൾ തുടങ്ങിയവയിലൂടെ Pathogen കാട്ടു മൃഗങ്ങളിലേക്ക് എത്താനുള്ള സാധ്യതയെ പൂർണ്ണമായും അവഗണിക്കാനാവില്ല.

അതുപോലെ തന്നെ കാട്ടിൽ നിന്നുള്ള രോഗാണുക്കൾ മൃഗശാലയിലേക്കും എത്താം.

ഇത് വെറും മനുഷ്യാരോഗ്യത്തിന്റെ പ്രശ്നമല്ല.

ഒരു pathogen ഒരു ചെറിയ വന്യജീവി ലോകത്തേക്ക് പ്രവേശിച്ചാൽ, പ്രത്യേകിച്ച് എണ്ണം കുറവുള്ളതോ ഇതിനകം തന്നെ വംശനാശഭീഷണി നേരിടുന്നതോ ആയ നൂറു കണക്കിന് ജീവി വർഗ്ഗങ്ങളുടെ സമ്പൂർണ നാശത്തിലേക്ക് വഴി തെളിച്ചേക്കാം സ്ഥിതി അങ്ങേയറ്റം ഗുരുതരമായേക്കാം.

രോഗാണുക്കളുടെ വ്യാപനത്തിൽ ഇത്തരം Ecosystem Boundaries നിർണായകമാണെന്ന് Disease-Ecology ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. വനവും മനുഷ്യവാസവും തമ്മിലുള്ള അതിർത്തികൾ പല Zoonotic spillover സംഭവങ്ങൾക്കും പ്രധാനപ്പെട്ട ഇടങ്ങളാണ്.

അതിനാൽ ഒരു വനത്തിന്റെ അതിരിൽ വലിയ തോതിലുള്ള captive wildlife facility സ്ഥാപിക്കുന്നത് “കാടിനോട് ചേർന്നതിനാൽ കൂടുതൽ natural” എന്ന ലളിതമായ വാദം കൊണ്ട് മാത്രം തീരുമാനിക്കാവുന്ന കാര്യമല്ല.

അവിടെ ചോദിക്കേണ്ടത്:

എന്തെല്ലാം ജീവി വർഗ്ഗങ്ങളെയാണ് ആണ് കൊണ്ടുവരുന്നത്?

അവയുടെ ആരോഗ്യവസ്ഥ എന്താണ്?

Quarantine എങ്ങനെ?

മാലിന്യസംസ്കരണം എങ്ങനെ?

ജല ഉറവിടങ്ങൾ സുരക്ഷിതമാണോ?

Wildlife–zoo interface എങ്ങനെ നിയന്ത്രിക്കും?

Vectors-നെ എങ്ങനെ നിയന്ത്രിക്കും?

മൃഗശാലയിൽ നിന്ന് രോഗ ബാധയുള്ള ഒരു ജീവി കാട്ടിലേക്ക് രക്ഷപ്പെട്ടാൽ എന്ത് ചെയ്യും

Pathogen spillover എങ്ങനെ തടയും?

ഇത് വെറും മൃഗ ക്ഷേമ വിഷയമല്ല.

ഇത് പൊതു ജനആരോഗ്യത്തിന്റെയും വിഷയമാണ്.

അതുകൊണ്ടാണ് ഇന്ന് “One Health” എന്ന ആശയം കൂടുതൽ പ്രാധാന്യം നേടുന്നത്.

മനുഷ്യരുടെ ആരോഗ്യം, മൃഗങ്ങളുടെ ആരോഗ്യം, പരിസ്ഥിതിയുടെ ആരോഗ്യം — ഇവ മൂന്നും വേർതിരിച്ച് കാണാൻ കഴിയില്ല.

അപ്പോൾ നമുക്ക് എന്താണ് വേണ്ടത്?

വന്യമൃഗങ്ങളെ സംരക്ഷിക്കണമെങ്കിൽ ആദ്യം അവയുടെ കാട് സംരക്ഷിക്കണം.

കാടുകൾ നശിപ്പിച്ച് മൃഗങ്ങളെ മൃഗശാലകളിൽ സംരക്ഷിക്കുന്നതിനെക്കാൾ,

സ്വാഭാവിക ആവാസവ്യവസ്ഥകൾ സംരക്ഷിക്കപ്പെടണം

വന ഇടനാഴികൾ ഒരു കോട്ടവുമില്ലാതെ നിലനിർത്തണം

മനുഷ്യ–വന്യജീവി ഇടപെടലുകൾ കൂട്ടുന്ന വന ടൂറിസം നിരുത്സാഹപ്പെടുത്തണം

വന്യമൃഗങ്ങളുടെ സ്വാഭാവിക ജനസംഖ്യ സംരക്ഷിക്കണം

രോഗവ്യാപന സാധ്യതകൾ പരമാവധി കുറയ്ക്കണം

ആവശ്യമുള്ളിടത്ത് Rescue Rehabilitation, Scientific conservation programmes എന്നിവ ശക്തിപ്പെടുത്തണം

മൃഗ ശാലകൾ എന്ന മനുഷ്യ കേന്ദ്രീകൃത പഴഞ്ചൻ സംവിധാനം മൃഗാ വകാശ വിരുദ്ധമാണ് എന്ന് മനസ്സിലാക്കി ഘട്ടം ഘട്ടമായി അടച്ചു പൂട്ടണം

നമുക്ക് വന്യമൃഗങ്ങളെ കാണാൻ വേണ്ടി അവരുടെ ലോകം മാറ്റേണ്ടതില്ല.

അവരുടെ ലോകം അതേപടി നിലനിർത്താൻ ശ്രമിക്കുകയാണ് വേണ്ടത് .

കാരണം യഥാർത്ഥ വന്യജീവി സംരക്ഷണം എന്നത്

മൃഗങ്ങളെ മനുഷ്യരുടെ ലോകത്തേക്ക് കൊണ്ടുവരുന്നതല്ല —

മനുഷ്യന്റെ ഇടപെടൽ കുറച്ച് മൃഗങ്ങളെ അവരുടെ ലോകത്ത് തന്നെ ജീവിക്കാൻ അനുവദിക്കുകയാണ്.

നമ്മൾ ഒരു കാട്ടാനയെയോ, കാണ്ടാ മൃഗത്തെയോ കരിമ്പുലിയേയോ മല മുഴക്കിയേയോ കാണാതെ മരിച്ചു പോയാൽ നഷ്ടമാണ് എന്ന് വേണമെങ്കിൽ കരുതാം. പക്ഷേ കണ്ടേ അടങ്ങൂ എന്ന് വിചാരി ക്കുന്നത് കൊണ്ട് ഒരു ജീവിവർഗ്ഗം ജീവിതാന്ത്യം വരെ തടവിൽ കഴിയേണ്ടി വരികയോ ഒരു ജീവി വർഗ്ഗം സമ്പൂർണമായി ഇല്ലാതാകുകയോ ചെയ്യുന്നെങ്കിൽ കാണേണ്ടതില്ല എന്ന് തീരുമാനിച്ചു അവയെ അവയുടെ വഴിക്ക് അവയുടെ സ്വാഭാവിക ജീവിതം ജീവിക്കാൻ അനുവദിക്കുന്നതാണ്

""മനുഷ്യൻ " എന്ന പദത്തിന് " ശരിയായ ഗവണ്ണൻസ് " എന്ന സംവിധാനത്തിന് അർഥവും അന്തസ്സും കൊടുക്കുന്നത്

വിവരക്കേടിനു നമ്മൾ സ്വയം ഒരു പരിധി വയ്ക്കുക.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story