സി.പി.എമ്മിലെ ഉൾപ്പോര്: വി. ജോയ് എം.എൽ.എ ജില്ല സെക്രട്ടറിയാവും, പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി
text_fieldsവി. ജോയ് എം.എൽ.എ, ആനാവൂർ നാഗപ്പൻ
അടുത്തകാലത്തായി സി.പി.എമ്മിന് തലവേദനയായിമാറിയ തിരുവനന്തപുരം ജില്ലയിൽ പരിഹാര നടപടികളുമായി നേതൃത്വം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ നേരിട്ട് ഇടപെടുകയും കർശനമായ തിരുത്തൽ നടപടികൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. ഇതിനു തുടർച്ചയായാണ് ഇപ്പോൾ പുതിയ ജില്ലാസെക്രട്ടറി വരുന്നത്.
വി.ജോയ് എം.എൽ.എ തിരുവനന്തപുരം ജില്ല സെക്രട്ടറിയാവും. ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി.ജോയിയുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടത്. പല മുതിർന്ന നേതാക്കളുടേയും പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് വന്നിരുന്നു. ഒടുവിൽ ചർച്ചയിലൂടെയാണ് വി.ജോയിലേക്കെത്തിയതെന്നറിയുന്നു. ഈ നിർണായക യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംബന്ധിച്ചു.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയാല്ലാതിരുന്നിട്ടും സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ് വി.ജോയ്. ഇതിന്റെ തുടർച്ചയായിട്ടാണ് ജില്ലയിലെ സിപിഎമ്മിനെ നയിക്കാനും നിയോഗിക്കപ്പെടുന്നത്. കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിൽ ജില്ല സെക്രട്ടറിയായ ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎമ്മിലെ പതിവ് അനുസരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ ജില്ല സെക്രട്ടറി പദവി കൈകാര്യം ചെയ്യാറില്ല. ജില്ലയിലെ പാർട്ടി ചില നേതാക്കളുടെ കീഴിലായി വിവിധ ചേരികളായി നിലനിൽക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇവരോട് ചേർന്ന് നിൽക്കുന്ന സിപിഎം, ഡിവൈഎഫ്ഐ, എസ്.എഫ്ഐ നേതാക്കളിൽ പലരുമാണ് അടുത്തിടെ സിപിഎമ്മിനെ നാണം കെടുത്തിയ പല വിവാദങ്ങളിലും പ്രതിസ്ഥാനത്തുണ്ടായിരുന്നത്. ഇതുകൂടി കണക്കിലെടുത്താണ് ജില്ലയിലെ നേതൃമാറ്റമെന്ന് പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

