തിരുവനന്തപുരം കോർപറേഷൻ അവിശ്വാസ നീക്കത്തിലുറച്ച് യു.ഡി.എഫ്; അനിശ്ചിതത്വം ബാക്കി
text_fieldsതിരുവനന്തപുരം: ബി.ജെ.പി ഭരണസമിതിക്കെതിരെ തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിലുറച്ച് യു.ഡി.എഫ്. എന്നാൽ, മതിയായ അംഗസംഖ്യയില്ലാത്ത യു.ഡി.എഫിന് അവിശ്വാസ പ്രമേയം കൊണ്ടുവരണമെങ്കിൽ എൽ.ഡി.എഫിന്റെ പിന്തുണ വേണ്ടിവരും. എൽ.ഡി.എഫ് നിലപാട് എന്താകുമെന്നതിൽ അനിശ്ചിതത്വമുണ്ട്. യു.ഡി.എഫുമായി സഹകരിച്ചാൽ അത് ഏതുതരം പ്രചാരണത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് സി.പി.എം.
അതിനാൽ രാഷ്ട്രീയ സാഹചര്യം പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കാനാണ് എൽ.ഡി.എഫ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. യു.ഡി.എഫ് ശനിയാഴ്ച യോഗം ചേർന്ന് അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. കൗൺസിൽ യോഗം ചേരുന്ന 29ന് പ്രതിഷേധം ആചരിക്കുന്നതിനൊപ്പം ഈ പ്രമേയം കൂടി കൊണ്ടുവരാനാണ് അവർ ഉദ്ദേശിക്കുന്നത്. എന്നാൽ, ഭരണസമിതിക്ക് ഒരു പ്രതിസന്ധിയുമില്ലെന്നും അഞ്ച് വർഷവും ഭരിക്കുമെന്നുമാണ് മേയർ വി.വി. രാജേഷ് പറയുന്നത്.
ആകെ അംഗങ്ങളിൽ മൂന്നിലൊന്ന് പ്രമേയത്തിൽ ഒപ്പിടണമെന്നാണ് വ്യവസ്ഥ. അങ്ങനെയാണെങ്കിൽ 101 അംഗ കോർപറേഷനിലെ 34 അംഗങ്ങൾ ഒപ്പിടണം. വ്യക്തമായ മേൽക്കൈയില്ലാത്തിനാൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒറ്റക്ക് പ്രമേയം കൊണ്ടുവരാൻ സാധിക്കില്ല. എൽ.ഡി.എഫിന് 29ഉം യു.ഡി.എഫിന് 20ഉം അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രൻ യു.ഡി.എഫിനെ പിന്തുണച്ചാലും ഒറ്റക്ക് പ്രമേയം കൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യമാണ്.
ഇരുമുന്നണികളും ചേർന്ന് അവിശ്വാസപ്രമേയം കൊണ്ടുവരുന്ന കാര്യത്തിൽ ഇതുവരെ ധാരണയായിട്ടില്ല. അങ്ങനെ സംഭവിച്ചാൽ ഭാവിയിലുണ്ടായേക്കാവുന്ന രാഷ്ട്രീയ തിരിച്ചടി എൽ.ഡി.എഫിനെയാണ് കൂടുതൽ ആശങ്കയിലാക്കുന്നത്. പ്രമേയം അവതരിപ്പിക്കണമെങ്കിൽ കൗൺസിലിന്റെ പകുതിയിലധികം അംഗങ്ങൾ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. അതിന് 51 പേർ ഹാജരാകണം. എന്നാൽ, സ്വതന്ത്രനെയുൾപ്പെടെ ചേർത്താലും എൽ.ഡി.എഫിനും യു.ഡി.എഫിനുമായി 50 അംഗങ്ങളേയുള്ളൂ.
ബി.ജെ.പിക്കാകട്ടെ, കണ്ണമ്മൂലയിലെ സ്വതന്ത്ര കൗൺസിലർ പാറ്റൂർ രാധാകൃഷ്ണൻ ഉൾപ്പെടെ 51 പേരുടെ പിന്തുണയുണ്ട്. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന് എത്താനായില്ലെങ്കിലും 50 പേരുടെ പിന്തുണ നിലനിർത്താൻ ബി.ജെ.പിക്ക് സാധിക്കും. കൗൺസിൽ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ ബി.ജെ.പി തീരുമാനിച്ചാൽ ക്വാറം തികയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

