തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ നീക്കവുമായി യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: കോർപറേഷനിലെ എൽ.ഡി.എഫ്- ബി.ജെ.പി സംഘർഷത്തിനു പിന്നാലെ ഭരണസമിതിക്കെതിരെ അവിശ്വാസ നീക്കവുമായി യു.ഡി.എഫ്. ഭരണസ്തംഭനം ആരോപിച്ച് അവിശ്വാസ നോട്ടീസ് നൽകാനാണ് ശ്രമം. നോട്ടീസ് നൽകിയാൽ 15 ദിവസത്തിനകം അവിശ്വാസം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കും. അതിനുമുമ്പ്, കാപ്പ കേസിൽ ജയിലിലായ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന് ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
പാർട്ടിയും കൗൺസിലും ഇതിനായി സാധ്യമായ എല്ലാ വഴികളും തേടുന്നുണ്ട്. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തതിനുപിന്നാലെ അവിശ്വാസ നീക്കംകൂടി ആയതോടെ പത്മവ്യൂഹത്തിലാണ് ബി.ജെ.പി. 101 അംഗങ്ങളുള്ള കോർപറേഷനിൽ ബി.ജെ.പി- 50, എൽ.ഡി.എഫ്- 29, യു.ഡി.എഫ്-20, സ്വതന്ത്രർ- രണ്ട് എന്നതാണ് കക്ഷിനില. ഒരു സ്വതന്ത്രന്റെ പിന്തുണയിലാണ് ബി.ജെ.പി ഭരിക്കുന്നത്. നിലവിൽ ആർ. സുഗതൻ ജയിലിലായതിനാൽ ബി.ജെ.പി അംഗങ്ങളുടെ എണ്ണം 49 ആണ്. അവിശ്വാസത്തിൽ എൽ.ഡി.എഫിന്റെ നിലപാട് നിർണായകമാവും. എൽ.ഡി.എഫിന്റെ പിന്തുണയിലേ യു.ഡി.എഫ് അവിശ്വാസം പാസാകൂ. ഇരുവരും ഒന്നിച്ചാൽ ബി.ജെ.പി പരുങ്ങലിലാകും.
രണ്ടു കൗൺസിൽ യോഗത്തിൽ കൂടി സുഗതൻ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർ സ്ഥാനം നഷ്ടപ്പെടുമെന്ന പ്രതിസന്ധിയും ബി.ജെ.പിക്കു മുന്നിലുണ്ട്. സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 കൗൺസിലർമാരിലൊരാളാണ് സുഗതൻ. 19 കൗൺസിലർമാരും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജയിലിലായ സുഗതന് സത്യപ്രതിജ്ഞ ചെയ്യാനായിട്ടില്ല. നാലാഴ്ചക്കകം സത്യപ്രതിജ്ഞ ചെയ്യണം. യു.ഡി.എഫിന്റെ അവിശ്വാസത്തോട് എൽ.ഡി.എഫ് എന്തു നിലപാടെടുക്കുമെന്ന് വ്യക്തമല്ല. ഇക്കാര്യം ആലോചിക്കാൻ അടുത്ത ദിവസം യോഗം ചേരുമെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് പറഞ്ഞു.
ഇരുവിഭാഗത്തിനുമെതിരെ കേസ്
- ബി.ജെ.പി കൗൺസിലർമാർ ആശുപത്രി വിട്ടു; എൽ.ഡി.എഫിലെ മൂന്ന് വനിതകൾ ചികിത്സയിൽ
തിരുവനന്തപുരം: കോർപറേഷനിൽ നടന്ന എൽ.ഡി.എഫ്- ബി.ജെ.പി സംഘർഷത്തിൽ ഇരുവിഭാഗങ്ങൾക്കുമെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്. എൽ.ഡി.എഫ് കൗൺസിലർ സിന്ധു ശശിയുടെ പരാതിയിൽ ബി.ജെ.പിയിലെ മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, ഗിരികുമാർ, ജയ രാജീവ്, മധു, ഗോപൻ, സുമി ബാബു, ആർ.സി. ബീന, മഞ്ജു, എസ്.എസ്. ശ്രുതി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ബി.ജെ.പി കൗൺസിലർ എസ്.എസ്. ശ്രുതിയുടെ പരാതിയിൽ എൽ.ഡി.എഫ് കൗൺസിലർമാരായ എസ്.പി. ദീപക്, രാഖി രവികുമാർ, അരുൺ ചെല്ലമംഗലം, വേണുഗോപാൽ, രഞ്ജിത്ത് എന്നിവർക്കെതിരെയാണ് കേസ്. എഫ്.ഐ.ആറിൽ എസ്.പി. ദീപക്കിനു പകരം ദീപക് ദേവ് എന്ന് തെറ്റായാണ് പേര് രേഖപ്പെടുത്തിയത്. ഇത് തിരുത്തുമെന്ന് പൊലീസ് അറിയിച്ചു.
കാപ്പ കേസിൽ അറസ്റ്റിലായ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെയും സത്യപ്രതിജ്ഞാ ചട്ടലംഘനം നടത്തിയ മേയറുടെയും രാജി ആവശ്യപ്പെട്ട് വ്യാഴാഴ്ച എൽ.ഡി.എഫ് നടത്തിയ ഉപരോധത്തിനിടെയാണ് സംഘർഷമുണ്ടായത്. മേയർ, ഡെപ്യൂട്ടി മേയർ ഉൾപ്പെടെ 15 കൗൺസിലർമാർക്കും വനിത പൊലീസിനും പരിക്കേറ്റിരുന്നു. പരിക്കേറ്റ ബി.ജെ.പി കൗൺസിലർമാർ രാത്രിതന്നെ ആശുപത്രി വിട്ടു. മേയറുടെ കാലിൽ എല്ലിന് പൊട്ടലില്ല. ഡിസ്ലൊക്കേഷൻ സംഭവിച്ചതായും ബാൻഡേജിട്ടതായും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ആശുപത്രിയിൽനിന്നെത്തി മേയർ പങ്കെടുത്തിരുന്നു. ഡെപ്യൂട്ടി മേയർക്ക് ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, എൽ.ഡി.എഫ് കൗൺസിലർമാരായ സിന്ധു ശശി, സിന്ധു, വീണ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. സിന്ധു ശശിയുടെ തലക്ക് പൊട്ടലുണ്ടെന്നും നാല് തുന്നലിട്ടതായും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് അറിയിച്ചു. സിന്ധുവിനും വീണക്കും കാലിനാണ് പരിക്ക്. സിന്ധു ശശിയും സിന്ധുവും മെഡിക്കൽ കോളജിലും വീണ സ്വകാര്യആശുപത്രിയിലുമാണ്. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് സമരം ശനിയാഴ്ച പുനരാരംഭിക്കും.
അഞ്ചുവർഷത്തേക്ക് ഭരണം ‘സേഫ്’ -മേയർ
തിരുവനന്തപുരം: അഞ്ചുവർഷത്തേക്ക് കോർപറേഷനിലെ ബി.ജെ.പി ഭരണം ‘സേഫ്’ ആണെന്ന് മേയർ വി.വി. രാജേഷ്. കൗൺസിൽ യോഗം 29നുതന്നെ നടക്കും. ഭരണസമിതിക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസം വരട്ടെയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജനാധിപത്യത്തിൽ സമരവും പ്രതിഷേധവും സ്വാഗതാർഹമാണ്. എന്നാൽ, മേയറെയും ഉദ്യോഗസ്ഥരെയും മുറിയിൽ കയറാൻ അനുവദിക്കാതെ ജനങ്ങളെ ഭയപ്പെടുത്തി സമരം നടത്തുന്നത് അനുവദിക്കാനാവില്ല. കൗൺസിലർമാരല്ലാത്തവർ കോർപറേഷൻ ഓഫിസിനകത്ത് സമരം ചെയ്യുന്നത് ശരിയല്ല. കൗൺസിലർ സുഗതന്റെ വിഷയത്തിൽ കോടതിയെ സമീപിക്കും. ജാമ്യം നേടാൻ സാധ്യമായതെല്ലാം പാർട്ടിയും കൗൺസിലും ചെയ്യുന്നുണ്ട്. സത്യപ്രതിജ്ഞ കൗൺസിലർമാരെയും ഉത്തരവാദപ്പെട്ടവരെയും രേഖാമൂലം അറിയിച്ചിരുന്നു-രാജേഷ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

