ആര്യനാട്ട് പഞ്ചായത്തംഗം ആസിഡ് കുടിച്ച് ജീവനൊടുക്കി; സാമ്പത്തിക ബാധ്യത കാരണമെന്ന് സൂചന
text_fieldsശ്രീജ
നെടുമങ്ങാട്: തിരുവനന്തപുരം ആര്യനാട് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിന്റെ വനിതാ വാർഡ് മെമ്പറെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയ്ക്കകം വാർഡ് മെമ്പറായ പേഴുംകട്ടയ്ക്കൽ ശ്രീജ എസ്. (48) ആണ് മരിച്ചത്. ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. മകളാണ് ശ്രീജയെ മരിച്ച നിലയിൽ കണ്ടത്. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് വിവരം. മൃതദേഹം ഇൻക്വസ്റ്റ് നടപടിക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.
മൂന്നുമാസത്തിന് മുമ്പ് ശ്രീജ ഗുളികൾ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് നാട്ടുകാർക്ക് പണം കൊടുക്കാനുണ്ടെന്ന് ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കഴിഞ്ഞ ദിവസം എൽ.ഡി.എഫ് പ്രതിഷേധം നടത്തിയിരുന്നു. 80 ലക്ഷത്തോളം രൂപ നാട്ടുകാരിൽ നിന്ന് വാങ്ങിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കോൺഗ്രസ് ആരോപിച്ചു.
സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണവുമായി ശ്രീജയുടെ ഭർത്താവ് ജയൻ രംഗത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിജു മോഹൻ ആരോപണങ്ങൾ ഉന്നയിച്ചതിൽ മനംനൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്‍റെ പരാതി. ഇന്നലെ ബിജു മോഹന്റെ നേതൃത്വത്തിലാണ് ശ്രീജക്കെതിരെ സി.പി.എം പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. ശ്രീജ മൈക്രോ ഫിനാൻസുകളിൽ നിന്നെടുത്ത പണം തിരിച്ചുകൊടുക്കാത്തത് തട്ടിപ്പാണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. ഇതിൽ വലിയ മനോവിഷമത്തിലായിരുന്നു ശ്രീജയെന്ന് ഭർത്താവ് ജയൻ പറയുന്നു.
ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ ആസിഡ് കുടിച്ച നിലയിൽ കണ്ടെത്തിയ ശ്രീജയെ ഉടൻ തന്നെ വീട്ടുകാർ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീജയുടെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങാനിരിക്കെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ആര്യനാട് പഞ്ചായത്ത് പ്രസിഡന്‍റിനും മറ്റ് സി.പി.എം പ്രവർത്തകർക്കുമെതിരെ എഫ്.ഐ.ആർ ഇടണം എന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ശ്രീജയെ സി.പി.എം വ്യക്തിപരമായി വേട്ടയാടിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471 2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

