Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം...

തിരുവനന്തപുരം വിമാനത്താവളം: നിയമസഭയിൽ പാസാക്കിയ പ്രമേയം

text_fields
bookmark_border
തിരുവനന്തപുരം വിമാനത്താവളം: നിയമസഭയിൽ പാസാക്കിയ പ്രമേയം
cancel

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തി​െൻറ നടത്തിപ്പും, മേൽനോട്ടവും അദാനി എൻറര്‍പ്രൈസസിനെ ഏൽപിക്കുവാൻ തീരുമാനിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിന് എതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കി.

യു.ഡി.എഫും എൽഡി.എഫും പ്രമേയത്തെ പിന്തുണച്ചു​. പ്രതിഷേധത്തോടെയാണ്​ പ്രതിപക്ഷം പ്രമേയത്തെ പിന്തുണച്ചത്​​.

നിയമസഭയിൽ പാസാക്കിയ പ്രമേയം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തി​െൻറ നടത്തിപ്പും മേല്‍നോട്ടവും അദാനി എൻറര്‍പ്രൈസസിനെ ഏല്‍പ്പിക്കുവാന്‍ 19.08.2020ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനമെടുത്തിരിക്കുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തി​െൻറ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്ന സംസ്ഥാന സര്‍ക്കാരി​െൻറ ശക്തിയായ ആവശ്യം പരിഗണിക്കാതെയാണ് ഈ തീരുമാനം. ഇക്കാര്യത്തില്‍ ബഹു. പ്രധാനമന്ത്രിയുടെയും ബഹു. വ്യോമയാനമന്ത്രിയുടെയും മുമ്പാകെ അതാത് അവസരങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കത്തുകള്‍ വഴിയും നേരിട്ടും സംസ്ഥാനത്തി​െൻറ താല്‍പര്യം ഉന്നയിച്ചിട്ടുണ്ട്. ബിഡ്ഡില്‍ കൂടുതല്‍ തുക സ്വകാര്യ കമ്പനി ക്വാട്ട് ചെയ്ത സാഹചര്യം കണക്കിലെടുത്തുകൊണ്ട്, അതേ തുക ഓഫര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതെല്ലാം പാടെ അവഗണിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രിസഭ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്.

2003ല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ഉറപ്പില്‍, സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള വികസനത്തിനായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചുകൊണ്ട് വിമാനത്താവളത്തി​െൻറ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരി​െൻറ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് നല്‍കാമെന്ന് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന അനുഭവ പരിജ്ഞാനമുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള അനുഭവ പരിജ്ഞാനമൊന്നുമില്ലാത്ത ഒരു സ്വകാര്യ സംരംഭകനെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തി​െൻറ മേല്‍നോട്ടവും നടത്തിപ്പും ഇപ്പോള്‍ ഏല്‍പ്പിച്ചിട്ടുള്ളത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്‍ തിരുവിതാംകൂര്‍ സംസ്ഥാനം നല്‍കിയ റോയല്‍ ഫ്ലൈയിങ്​ ക്ലബ്ബി​െൻറ വക 258.06 ഏക്കര്‍ ഭൂമിയും വിമാനത്താവളത്തി​െൻറ 636.57 ഏക്കര്‍ വിസ്തൃതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിനുശേഷം സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി 32.56 ഏക്കര്‍ ഏറ്റെടുത്ത് നല്‍കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ 250 കോടി രൂപ മതിപ്പ് വിലയുള്ള 18 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് സൗജന്യമായി നല്‍കിയ ഭൂമിയുടെ വില സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ (SPV) സംസ്ഥാന സര്‍ക്കാരി​െൻറ ഓഹരിയായി കണക്കാക്കണമെന്ന നിലയിലാണ് ഇത് ഏറ്റെടുത്ത് നല്‍കിയിരുന്നത്.

ബിഡ്ഡിനുശേഷം കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനിടയില്‍ എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണത്തിനെതിരെ ബഹു: കേരള ഹൈകോടതിയില്‍ റിട്ട് ഹര്‍ജിയും പൊതുതാല്‍പര്യ ഹരജിയും ഫയല്‍ ചെയ്യപ്പെട്ടു. ബഹു: ഹെകോടതി ഈ വിഷയം പരിശോധിച്ച് പുറപ്പെടുവിച്ച വിധിയില്‍, കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഉള്‍പ്പെട്ട വിഷയമായതിനാല്‍ ഈ ഹരജിയുടെ ഒറിജിനല്‍ ജൂറിസ്ഡിക്ഷന്‍ ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം ബഹു: സുപ്രീംകോടതിക്കാണെന്ന് വിധി പ്രസ്താവിച്ചു.

ഈ വിധി പ്രസ്താവനയില്‍ കേന്ദ്രസര്‍ക്കാര്‍ എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കിയ ശിപാര്‍ശകളിന്മേല്‍ തീരുമാനമെടുത്ത് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല എന്നും പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. ഇതിനെതിരെ ബഹു. സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ അപ്പീല്‍ ഫയല്‍ ചെയ്തു. തുടര്‍ന്ന് ബഹു. സുപ്രീംകോടതി മേല്‍പ്പറഞ്ഞ ഹൈകോടതി വിധി റദ്ദാക്കുകയും ഹൈകോടതി റിട്ട് ഹരജി കേള്‍ക്കണമെന്ന് വിധി പ്രസ്താവിക്കുകയും ചെയ്തു. ബഹു. സുപ്രീംകോടതി വിധിക്ക് അനുസൃതമായി ബഹു: ഹൈകോടതിയില്‍ കേസില്‍ ഹിയറിങ്​ നടന്നു വരികയാണ്. ഇതിനിടയിലാണ് കേന്ദ്രമന്ത്രിസഭയുടെ 19.08.2020 ലെ തീരുമാനം വന്നിരിക്കുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തി​െൻറ സ്വകാര്യവല്‍ക്കരണ തീരുമാനം സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവികാരത്തിന് അനുസൃതമല്ല എന്ന് 19.08.2020ന് തന്നെ ബഹു. പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചിരുന്നു. പൊതുമേഖലയില്‍ നിലനിന്നപ്പോള്‍ വിമാനത്താവളത്തിന് നല്‍കിയ സഹായ സഹകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരി​െൻറ ശക്തമായ അഭിപ്രായത്തെ മറികടന്നുകൊണ്ട് സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന വിമാനത്താവളത്തിന് നല്‍കാന്‍ കഴിയില്ല എന്നും അറിയിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ആഗസ്റ്റ് 20, 2020ന് എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളുടെയും യോഗം മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി വിളിച്ചുചേര്‍ക്കുകയും ചെയ്തു. യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം ബഹു. പ്രധാനമന്ത്രിയെ വീണ്ടും കത്തിലൂടെ അറിയിച്ചിട്ടുണ്ട്.

അദാനി എൻറര്‍പ്രൈസസ് നല്‍കാന്‍ തയാറായ തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം എടുത്തതിന് യാതൊരു നീതികരണവുമില്ല. സംസ്ഥാനത്തി​െൻറ പൊതു താല്‍പര്യവും, സംസ്ഥാന സര്‍ക്കാരി​െൻറ യുക്തിസഹമായ അഭിപ്രായങ്ങളും, ബഹുഭൂരിപക്ഷം രാഷ്ട്രീയകക്ഷി നേതാക്കളുടെ അഭിപ്രായവും പരിഗണിച്ചുകൊണ്ട് ആഗസ്റ്റ് 19, 2020ലെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും, തിരുവനന്തപുരം വിമാനത്താവളത്തി​െൻറ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള എസ്​.പി.വിക്ക് നല്‍കണമെന്നും കേരള നിയമസഭ കേന്ദ്രസര്‍ക്കാരിനോട് ഐകകണ്‌ഠ്യേന അഭ്യർഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala assemblyresolutionThiruvananthapuram Airport
Next Story