ഐ.ബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെതിരെ ബലാത്സംഗക്കേസ്; പ്രതി ലൈംഗികചൂഷണത്തിന് ഇരയാക്കിയതിന്‍റെ തെളിവുമായി പൊലീസ്
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ മേഘയുടെ (24) മരണത്തിൽ സഹപ്രവർത്തകനും ഐ.ബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗക്കേസ്. സുകാന്ത് പീഡിപ്പിച്ചതിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് ഒളിവിൽ കഴിയുന്ന പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്.
മേഘയെ പ്രതി ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടി പിതാവ് പരാതി നൽകുകയും തെളിവുകൾ കൈമാറുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം യുവതി ഗർഭചിദ്രം നടത്തിയതിന്‍റെ ആശുപത്രി രേഖകൾ പൊലീസിന് ലഭിച്ചിരുന്നു.
മേഘയിൽ നിന്ന് സുകാന്ത് 3.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന വിവരവും പൊലീസ് അനേഷിക്കുന്നുണ്ട്. മാതാപിതാക്കൾ ഹാജരാക്കിയ വിവിധ തെളിവുകളുടെ ആധികാരികത പരിശോധിക്കാൻ പലയിടത്തുമായി പൊലീസ് അന്വേഷണങ്ങൾ നടത്തുന്നുണ്ട്.
ഫോൺ രേഖകൾക്ക് പുറമെ, മേഘയുടെ ബാഗിൽ നിന്ന് ലഭിച്ച തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഒളിവിൽ പോയ സുകാന്തിനെ പിടികൂടാൻ പൊലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
മാർച്ച് 24ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയെ തിരുവനന്തപുരം പേട്ടക്കും ചാക്കക്കും മധ്യേ റെയിൽ പാളത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച ബ്യുറോ ഓഫ് സിവിൽ ഏവിയേഷന്‍റെ ഐ.ഡി കാർഡിൽ നിന്നാണ് മേഘയെ തിരിച്ചറിഞ്ഞത്.
കൊല്ലം ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്പ്രസ് ട്രെയിൻ കടന്നു വരുന്നതിനിടെ, ഫോണിൽ സംസാരിച്ച് നടന്നുവന്ന മേഘ പെട്ടെന്ന് പാളത്തിന് കുറുകെ തലവെച്ച് കിടക്കുകയായിരുന്നെന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം.
പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട. ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്‍റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളാണ് മേഘ. ഒരു മാസം മുമ്പ് കാരയ്ക്കാക്കുഴി ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനാണ് മേഘ അവസാനമായി നാട്ടിലെത്തിയത്. ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ ഇന്‍റലിജൻസ് ബ്യൂറോയിൽ ജോലിയിൽ പ്രവേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

