ആഭ്യന്തര കാർഗോയിൽ കുതിച്ചുചാട്ടവുമായി തിരുവനന്തപുരം വിമാനത്താവളം; വളർച്ച 41 ശതമാനം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2026-’27 സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ ആഭ്യന്തര കാർഗോ കൈകാര്യം ചെയ്യുന്നതിൽ 41 ശതമാനം വളർച്ച രേഖപ്പെടുത്തി. നിലവിൽ പ്രതിമാസം ശരാശരി 350 മെട്രിക് ടൺ ചരക്ക് ആണ് ആഭ്യന്തര കാർഗോ വിഭാഗം കൈകാര്യം ചെയ്യുന്നത്. ഭക്ഷ്യ ഉൽപന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, കൊറിയർ ചരക്കുകൾ, റബർ ചെടികൾ, അലങ്കാര മത്സ്യങ്ങൾ എന്നിവയാണ് പ്രധാനമായും ആഭ്യന്തര കാർഗോ വഴി കൈകാര്യം ചെയ്യുന്നത്.
റബ്ബർ തൈകൾ കേരളത്തിൽ നിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും അലങ്കാര മത്സ്യങ്ങൾ ഡൽഹി, ആഗ്ര, ജമ്മു തുടങ്ങിയ കേന്ദ്രങ്ങളിലേക്കുമാണ് കയറ്റി അയക്കുന്നത്. മരുന്നുകൾ, വാക്സിനുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മാംസ ഉൽപന്നങ്ങൾ, വാഹന സ്പെയർ പാർട്സ് തുടങ്ങിയവയാണ് പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്.
ആഭ്യന്തര കാർഗോയിലെ ശക്തമായ വളർച്ച ബിസിനസ് സ്ഥാപനങ്ങൾക്കും ലോജിസ്റ്റിക്സ് പങ്കാളികൾക്കും തിരുവനന്തപുരം വിമാനത്താവളത്തിലുള്ള വർധിച്ചുവരുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് വിമാനത്താവള വക്താവ് പ്രതികരിച്ചു. വിഴിഞ്ഞം പ്രധാന സമുദ്ര കവാടമായി ഉയരുന്ന സാഹചര്യത്തിൽ, വ്യോമ-കടൽ കാർഗോ ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ മേഖലയിലെ സംയോജിത ലോജിസ്റ്റിക്സ് സാധ്യതകൾ കൂടുതൽ വികസിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് പൂർണതോതിലുള്ള എക്സിം പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ തിരുവനന്തപുരം വിമാനത്താവളത്തിനും വിഴിഞ്ഞം തുറമുഖത്തിനുമിടയിലെ വ്യോമ-കടൽ ചരക്ക് ഗതാഗത ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ തുറന്നിരിക്കുകയാണ്. ഇത് കേരളത്തെ ഒരു പ്രധാന ബഹുമുഖ ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിനും ദേശീയ-ആഗോള വിതരണ ശൃംഖലയിൽ സംസ്ഥാനത്തിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനും സഹായകമാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

