
തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയെ കാർ തടഞ്ഞ് വെട്ടിപ്പരിക്കേൽപിച്ച് 100 പവൻ കവർന്നു; ഒരാളെ തട്ടിക്കൊണ്ടുപോയി
text_fieldsപോത്തൻകോട് (തിരുവനന്തപുരം): ജ്വല്ലറി ഉടമയെ കാർ തടഞ്ഞ് മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേൽപിച്ച് 100 പവൻ സ്വർണം കവർന്നു. വെള്ളിയാഴ്ച രാത്രി എേട്ടാടെ പള്ളിപ്പുറം ടെക്നോസിറ്റി പ്രധാന കവാടത്തിന് മുന്നിലായിരുന്നു സംഭവം. നെയ്യാറ്റിൻകര കേരള ഫാഷൻ ജ്വല്ലറി ഉടമ മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയും (47) കാർ ഡ്രൈവർ അരുണിനെയുമാണ് രണ്ട് കാറുകളിലെത്തിയ എട്ടംഗസംഘം ആക്രമിച്ചത്.
കാറിൽ ഒപ്പമുണ്ടായിരുന്ന ലക്ഷ്മണയെ സംഘം തട്ടിക്കൊണ്ടുപോയതായും പരാതിയുണ്ട്. ജില്ലയിലെ ജ്വല്ലറികൾക്ക് ആവശ്യമായ സ്വർണ ഉരുപ്പടികൾ നിർമിച്ച് നൽകുന്ന മൊത്ത വ്യാപാരിയാണ് സമ്പത്ത്. കാറിലുള്ളവരെ വെട്ടിയശേഷം ഡ്രൈവർ അരുണിനെ മർദിച്ച് അവശനാക്കി. തുടർന്ന് മോഷണസംഘം അവർ വന്ന കാറിൽ കയറ്റി അരുണിനെ വാവറയമ്പലം ജങ്ഷനുസമീപം ഉപേക്ഷിെച്ചന്നാണ് മൊഴി. അവിടെ നിന്ന് ഓട്ടോയിലാണ് അരുൺ മംഗലപുരം സ്‌റ്റേഷനിൽ എത്തിയത്.
മുന്നിലും പിന്നിലും കാറിലെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് സമ്പത്ത് പറഞ്ഞു. മുന്നിലെ കാർ നിർത്തിയാണ് ഇവർ സഞ്ചരിച്ച കാർ തടഞ്ഞത്. വെട്ടുകത്തി ഉപയോഗിച്ച് ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. ആറ്റിങ്ങൽ ഭാഗങ്ങളിലെ ജ്വല്ലറികൾക്ക് കൊടുക്കാനായി കൊണ്ടുവന്ന 788 ഗ്രാം സ്വർണമാണ് കവർന്നതെന്ന് സമ്പത്ത് മംഗലപുരം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മംഗലപുരം പൊലീസ് അന്വേഷണം തുടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.