'അവർ കലക്കും, അവർ അന്വേഷിക്കും'; പൂരം കലക്കൽ റിപ്പോർട്ട് മടക്കിയതിനെ സ്വാഗതം ചെയ്ത് തിരുവമ്പാടി ദേവസ്വം
text_fieldsതൃശൂർ: പൂരം കലക്കൽ റിപ്പോർട്ട് തള്ളിയ സംഭവത്തിൽ പ്രതികരണവുമായി തിരുവമ്പാടി ദേവസം സെക്രട്ടറി കെ. ഗിരീഷ് കുമാർ. പുനരന്വേഷണം ദേവസ്വം ആവശ്യപ്പെട്ടിരുന്നുവെന്നും ദേവസ്വം പ്രതിനിധികൾ ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നുവെന്നും കെ. ഗിരീഷ് കുമാർ പറഞ്ഞു. പൂരത്തിന് എന്ത് സംഭവിച്ചു എന്ന് മാധ്യമങ്ങൾക്കടകം അറിയാം. എക്സിബിഷൻ പന്തൽ പൂട്ടിക്കുക, കുടമാറ്റത്തിന് കുട കൊണ്ടുവരുന്നത് തടയുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ സംഭവിച്ചിരുന്നു. ഒരു ഗൂഢാലോചന നടന്നിരുന്നു. എന്നിട്ടും തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തുകയായിരുന്നു. അക്കാര്യങ്ങളെല്ലാം ആഭ്യന്തര മന്ത്രി പരിശോധിച്ചതിൽ സന്തോഷമെന്നും കെ. ഗിരീഷ് കുമാർ പറഞ്ഞു.
റിപ്പോർട്ട് തള്ളിയതിൽ സന്തോഷം. പൊലീസ് ബന്ധവസ്സിന് വേണ്ടി പൂരത്തിന് വലിയ സംഖ്യ തന്നെയാണ് ദേവസ്വങ്ങൾക്ക് ചെലവ് വരുന്നത്. പിന്നെയെങ്ങനെയാണ് ഇരു ദേവസ്വങ്ങളും പൂരം കലക്കാൻ തുനിയുന്നത്. ആടിനെ പട്ടിയാക്കുന്ന തരത്തിലേക്കാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ആഭ്യന്തരവകുപ്പ് റിപ്പോർട്ട് തള്ളിയതിനെ പൂർണമായും സ്വാഗതം ചെയ്യുന്നു. കള്ളന്റെ കൈയിൽ താക്കോൽ കൊടുത്തതുപോലെ ആയിരുന്നു റിപ്പോർട്ട്. അവര് തന്നെ കലക്കുന്നു അവരു തന്നെ അന്വേഷിക്കുന്നു അതായിരുന്നു നടന്നതെന്നും കെ. ഗിരീഷ് കുമാർ പറഞ്ഞു. തൃശൂർ പൂരം കലക്കൽ കേസിൽ ക്രൈംബ്രാഞ്ച് നൽകിയ അന്വേഷണ റിപ്പോർട്ട് സർക്കാർ മടക്കുകയായിരുന്നു. അന്വേഷണ റിപ്പോർട്ടിൽ അവ്യക്‌തതയന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് ആഭ്യന്തരമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, പൂരം കലക്കൽ കേസിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് എതിരെ ദുർബല പരാമർശം മാത്രം ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് നൽകിയ അന്വേഷണ റിപ്പോർട്ട് സർക്കാർ മടക്കി. തിരുവമ്പാടി ദേവസ്വത്തിലെ 10 പേരെ പ്രതി ചേർക്കാൻ അനുമതി തേടിയാണ് റിപ്പോർട്ടെങ്കിലും ഇവർക്കെതിരെ വ്യക്തമായ തെളിവുകൾ എസ്.ഐ.ടി നൽകിയിട്ടില്ല. കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടാണ് ചെന്നിത്തല റിപ്പോർട്ട് മടക്കിയത്.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഏറെ വിവാദമായ പൂരം കലക്കൽ അന്വേഷണം ഇതോടെ വീണ്ടും പൊലീസിലേക്ക് തിരിച്ചെത്തുന്നു. എ.ഡി.ജി.പി എം.ആർ. അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ട് 2024 ൽ ആഭ്യന്തര വകുപ്പ് തള്ളിയിരുന്നു. തുടർന്നാണ്, മുൻ സർക്കാറിന്റെ കാലത്ത് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ എസ്.ഐ.ടി രൂപീകരിച്ചത്. പൊലീസിന്റെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും ഭാഗത്തുണ്ടായ 16 വീഴ്ചകളാണ് എസ്.ഐ.ടിയുടെ 15 പേജ് റിപ്പോർട്ടിലുള്ളത്. പൊലീസിന്റെ നിർദേശങ്ങൾ ദേവസ്വം ജീവനക്കാർ അവഗണിച്ചെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

