പഠനം മുടങ്ങിയ കുട്ടികൾക്ക് സഹായഹസ്തവുമായി തിരുവല്ല പൊലീസ്
text_fields1. തിരുവല്ല പൊലീസ് 2. സ്കൂളിലേക്ക് പോകുന്ന കുട്ടികൾ
തിരുവല്ല: രണ്ട് കുട്ടികളുടെ മുടങ്ങിക്കിടന്ന പഠനം പുനരാരംഭിക്കുവാൻ സഹായഹസ്തവുമായി തിരുവല്ല പൊലീസ്. കവിയൂർ ഞാലിക്കണ്ടം കളത്തിൽ വീട്ടിൽ സ്വദേശിയായ എബ്രഹാം വർഗീസിന്റെ 10ൽ പഠിക്കുന്ന ആൺകുട്ടിയുടെയും ആറിൽ പഠിക്കുന്ന പെൺകുട്ടിയുടെയും വിദ്യാഭ്യാസമാണ് പൊലീസിന്റെ സമയോചിത ഇടപെടൽമൂലം വെള്ളിയാഴ്ച മുതൽ പുനരാരംഭിച്ചത്. ഇരുവരും തിരുവല്ലയിലെ സ്വകാര്യ സ്കൂൾ വിദ്യാർഥികളാണ്. എന്നാൽ ഇവർ ഈ അധ്യായന വർഷം വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമാണ് സ്കൂളിൽ പോയത്.
പിതാവിൻറെ അമിത മദ്യപാനവും മാതാവിൻറെ രോഗാവസ്ഥയും ആണ് കുട്ടികളുടെ പഠനം മുടക്കിയത്. സംഭവം അറിഞ്ഞ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ, ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിനെ വിവരം അറിയിച്ചു. തുടർന്നാണ് ജനമൈത്രി പൊലീസ് ഇടപെട്ട് കുട്ടികളുടെ വിദ്യാഭ്യാസം തുടരുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകിയത്. കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് പൂർണമായും സ്കൂൾ അധികൃതർ ഏറ്റെടുത്തു.
മറ്റ് അടിസ്ഥാന സൗകര്യങ്ങൾ പഞ്ചായത്ത് അധികൃതർ ഉറപ്പുവരുത്തി. എസ്.ഐ ഉണ്ണികൃഷ്ണൻ, എ.എസ്.ഐ ജോജോ, വനിത പൊലീസുകാരായ കെ. ജയ, ജസ്ന കെ. ജലാൽ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ സജിത്ത് രാജ്, സുധീഷ് ചന്ദ്രൻ, കവിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ഡി. ദിനേശ് കുമാർ, വാർഡ് മെമ്പർ ടി.കെ. സജീവ് തുടങ്ങിയവർ കുട്ടികളെ വീണ്ടും സ്കൂളിലേക്ക് യാത്രയാക്കാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

