ഗൃഹപ്രവേശനത്തിനായി ആഗസ്റ്റിൽ നാട്ടിൽ വരാൻ കാത്തിരുന്നു; ബന്ധുക്കളെ തേടിയെത്തിയത് ദുരന്ത വാർത്ത
text_fieldsതിരുവല്ല: കുവൈത്തിലെ മൻഗഫിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ തിരുവല്ല സ്വദേശിയും. തിരുവല്ല പെരിങ്ങര പഞ്ചായത്തിൽ മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ വീട്ടിൽ ഉമ്മൻ - റാണി ദമ്പതികളുടെ മകൻ തോമസ് സി. ഉമ്മൻ (ജോബി - 37) ആണ് മരിച്ചത്.
അഞ്ച് വർഷം മുമ്പ് എൻ.ഡി. ടെക്നീഷ്യൻ ആയാണ് തോമസ് സി. ഉമ്മൻ കുവൈറ്റിലെ കമ്പനിയിൽ ജോലിക്കായി പോയത്. തീപിടിത്ത വിവരം അറിഞ്ഞ് ഭാര്യ അടക്കമുള്ള ബന്ധുക്കൾ ഇന്നലെ മുതൽ തോമസ് സി. ഉമ്മനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെ പത്രങ്ങളിലൂടെയാണ് മരണവിവരം അറിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു.
പുതിയതായി നിർമിച്ച വീടിന്‍റെ ഗൃഹപ്രവേശ ചടങ്ങുകൾക്കായി ആഗസ്റ്റിൽ നാട്ടിൽ വരാനിരിക്കെയാണ് തോമസ് സി. ഉമ്മന്‍റെ അന്ത്യം. ഭാര്യ: മറിയാമ്മ ജോണിക്കുട്ടി. മകൾ: ജസീക്ക (യു.കെ.ജി).
തിരുവല്ല സ്വദേശിയായ വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനിയുടെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ 49 പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലാളികൾ ഉറക്കത്തിലായിരുന്നത് അപകടത്തിന്‍റെ ആഘാതം വർധിപ്പിച്ചു. പുക ശ്വസിച്ചാണ് ഏറെ പേരും മരിച്ചത്.

