തിരുവല്ലയിൽ ഒഴുക്കിൽപ്പെട്ട യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
text_fieldsതിരുവല്ല: മണിമലയാറിന് കുറുകെയുള്ള കുറ്റൂർ റെയിൽവെ മേൽപ്പാലത്തിന് താഴെ കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. സംഭവം നടന്നിടത്തു നിന്ന് നാല് കിലോമീറ്റർ മാറി വെൺപാല പനച്ചിമൂട്ടിൽ കടവിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.
കുറ്റൂർ പാറയിൽ ഷാജിയുടെ മകൻ ജിബിെൻറ (22) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ 11.30ഓടെ പനച്ചിമൂട്ടിൽ കടവിന് സമീപത്തെ പൊന്തക്കാട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ജിബിനിനൊപ്പം ഒഴുക്കിൽപ്പെട്ട കുറ്റൂർ കലയത്തറ വീട്ടിൽ ജോയലിന് വേണ്ടിയുള്ള തെരച്ചിൽ അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തുടരുകയാണ്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ഇരുവരും ഒഴുക്കിൽപ്പെട്ടത്. ഇവർക്കൊപ്പം ഒഴുക്കിൽപ്പെട്ട മൂന്ന് യുവാക്കൾ നീന്തി രക്ഷപ്പെട്ടിരുന്നു.

