തിരുവല്ല കോയിപ്രത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ; ‘നഗരസഭ മൈതാനത്തിന് സമീപത്തെ ഷെഡിൽ കിടന്നുറങ്ങുകയായിരുന്നു പ്രതി’
text_fieldsകൊല്ലപ്പെട്ട ശാരിമോൾ, പ്രതി ജയകുമാർ
തിരുവല്ല: കോയിപ്രത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തുകയും ഭാര്യ പിതാവ് അടക്കം രണ്ടു പേരെ കുത്തി പരിക്കേൽപിക്കുകയും ചെയ്ത പ്രതി പൊലീസ് പിടിയിൽ. കവിയൂർ കോട്ടൂർ സ്വദേശി ജയകുമാർ (അജി-42) ആണ് പിടിയിലായത്. തിരുവല്ല വൈ.എം.സി.എ ജങ്ഷനിലെ നഗരസഭ മൈതാനത്തിന് സമീപം മേൽപാലത്തിന് താഴെയുള്ള ഷെഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന പ്രതിയെ ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് പിടികൂടിയത്.
ശനിയാഴ്ചയാണ് ജയകുമാർ ഭാര്യ ശാരിമോളെ (ശ്യാമ-35) കുത്തി കൊലപ്പെടുത്തുകയും ഭാര്യയുടെ ബന്ധുക്കളുടെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. സംഭവശേഷം ട്രെയിനിൽ കടന്നുകളഞ്ഞതായും പൊലീസിൽ കീഴടങ്ങാനായി തിരികെ എത്തിയതാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പ്രതി കവിയൂർ, കല്ലൂപ്പാറ പ്രദേശങ്ങളിൽ ഉള്ളതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെ പ്രതി കല്ലൂപ്പാറ കറുത്തവടശ്ശേരികടവ് ഭാഗത്തുണ്ടെന്ന വിവരത്തെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അടക്കം വൻ പൊലീസ് സംഘം തിരച്ചിൽ തുടങ്ങി.
ഉച്ചക്ക് 12 മണിയോടെ സ്പെഷ്യൽ ബ്രാഞ്ച് സി.പി.ഒ സജിത് ലാലിന്റെ ഫോണിലേക്ക് ഒരു മണിക്കൂർ മുൻപ് തിരുവല്ല ടൗണിൽ കണ്ടുവെന്ന് ഒരാൾ ഫോണിൽ വിളിച്ചറിയിച്ചു. ഉടൻതന്നെ വിവരം ജില്ല പൊലീസ് മേധാവിയെ അറിയിച്ചു. തുടർന്ന് പ്രതിക്കായി തിരച്ചിൽ നടത്തുന്ന സംഘത്തോട് തിരുവല്ലയിൽ എത്താൻ ജില്ല പൊലീസ് മേധാവി ആവശ്യപ്പെട്ടു.
തിരുവല്ല ഡിവൈ.എസ്.പി എസ്. നന്ദകുമാർ, സി.ഐ എസ്. സന്തോഷ്, എ.സ്.ഐ കെ. രവിചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി നഗരത്തിൽ തിരച്ചിൽ ആരംഭിച്ചു. ഈ അന്വേഷണത്തിൽ പ്രതി സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് ഉള്ളതായി വ്യക്തമായി. തുടർന്ന് ഒരു സംഘം സി.സി.ടി.വി പരിശോധന നടത്തി. രണ്ടാം സംഘം നടത്തിയ പരിശോധനയിലാണ് ഷെഡിൽ കാർഡ്ബോർഡ് വിരിച്ച് കിടന്നുറങ്ങുകയായിരുന്ന ജയകുമാറിനെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

