തിരുനാവായ-തവനൂർ പാലം: ഇ. ശ്രീധരന്‍റെ രണ്ടാം നിവേദനത്തിൽ തീരുമാനമെടുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: നിർദിഷ്ട തിരുനാവായ-തവനൂർ പാലത്തിന്റെ നിലവിലെ അലൈൻമെന്‍റ് ചോദ്യംചെയ്ത് മെട്രോമാൻ ഇ. ശ്രീധരൻ രണ്ടാമത് നൽകിയ നിവേദനത്തിൽ 14 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈകോടതി. പുതിയ അലൈൻമെന്‍റടക്കം ഉൾപ്പെടുത്തി നൽകിയ നിവേദനം സംബന്ധിച്ചാണ് ജസ്റ്റിസ് ജി. ഗിരീഷ്, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ആദ്യം നൽകിയ പരാതിയിൽ തീരുമാനമെടുക്കാൻ നേരത്തേ കോടതി നിർദേശിച്ചെങ്കിലും അലൈൻമെന്റ് മാറ്റുന്നത് 2.40 കോടി രൂപയുടെ അധികബാധ്യതയാക്കുമെന്ന് ചൂണ്ടിക്കാട്ടി നിവേദനം സർക്കാർ തള്ളിയിരുന്നു. തുടർന്നാണ് അധികബാധ്യതയുണ്ടാവില്ലെന്ന് വ്യക്തമാക്കി വീണ്ടും നിവേദനം നൽകിയത്.
നിലവിലെ അലൈൻമെന്റ് പ്രകാരം പാലം നിർമിച്ചാൽ കേരളഗാന്ധി കെ. കേളപ്പന്റെ സ്മൃതിമണ്ഡപത്തെയും ഭാരതപ്പുഴയുടെ തീരത്തുള്ള ക്ഷേത്രങ്ങളെയും ബാധിക്കുമെന്ന് ഹരജിയിൽ പറയുന്നു. നിലവിൽ ചരിഞ്ഞാണ് പാലം നിർമാണം പദ്ധതിയിട്ടിരിക്കുന്നത്. ഇത് ബലക്ഷയത്തിന് കാരണമാകും.
ഇതിനുപകരം സർക്കാറിന് താൻ സമർപ്പിച്ച രണ്ട് രൂപരേഖകളിലൊന്ന് സ്വീകാര്യമാണെങ്കിലും അധികബാധ്യതയുണ്ടാക്കുമെന്നാണ് സർക്കാർ വാദം. എന്നാൽ, പാലം നിർമാണത്തിന് സ്വയം ഭൂമി വിട്ടുനൽകാൻ ഉടമകൾ തയാറാണെന്നും നിലവിൽ ഏറ്റെടുത്ത കേളപ്പജിയുടെ ഭൂമി തിരികെ നൽകാൻ തയാറായാൽ തുക മടക്കിനൽകി ഭൂമി തിരിച്ചെടുക്കാൻ സർവോദയ മണ്ഡൽ തയാറാണെന്നും ഇ. ശ്രീധരൻ ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

