തിരുനാവായ കുംഭമേള: രഥയാത്ര തടഞ്ഞ് തമിഴ്നാട് പൊലീസ്
text_fieldsതിരുനാവായയിൽ മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നടന്ന ശ്മശാന ശ്രാദ്ധം ചടങ്ങ്
ചെന്നൈ: തിരുനാവായയിൽ നിളാനദീ തീരത്ത് സംഘടിപ്പിക്കുന്ന കേരള കുംഭമേളയുടെ ഭാഗമായി നടത്താനിരുന്ന രഥയാത്രക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ. ജനുവരി 18 മുതൽ ഫെബ്രുവരി മൂന്നു വരെയാണ് കേരള കുംഭമേള നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിന് മുന്നോടിയായി ഉടുമലപേട്ട തിരുമൂര്ത്തിമലയില്നിന്ന് ജനുവരി 19ന് രാവിലെ ആരംഭിച്ച് തമിഴ്നാട്ടിലെ 30ഒാളം കേന്ദ്രങ്ങളിലെ സ്വീകരണമേറ്റുവാങ്ങി തിരുനാവായയിലെത്തുന്ന രീതിയിലായിരുന്നു രഥയാത്രയുടെ റൂട്ട് ക്രമീകരിച്ചിരുന്നത്.
ജനുവരി 19, 20 തീയതികളിൽ തമിഴ്നാട്ടിലും 21ന് കൽപ്പാത്തിയിൽനിന്നും രഥയാത്ര പുനരാരംഭിക്കാനുമാണ് ഉദ്ദേശിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ നദീപൂജ, ഗോപൂജകൾക്കുശേഷം പൂജിച്ച മഹാമേരു രഥത്തിൽ കയറ്റിയപ്പോഴാണ് ഉന്നത പൊലീസുദ്യോഗസ്ഥരെത്തി തടഞ്ഞത്. മഹാമേരു രഥത്തിൽനിന്ന് അഴിച്ചുമാറ്റാനും പൊലീസ് നിർദേശിച്ചു. ഇതിനെ തുടർന്ന് മഹാമേരു മറ്റൊരു വാഹനത്തിൽ കയറ്റി കേരളത്തിലേക്ക് കൊണ്ടുപോയി.
ക്രമസമാധാന- സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് പൊലീസ് അനുമതി നിഷേധിച്ചത്. ഈ സാഹചര്യത്തിൽ 21ന് പാലക്കാട് കൽപ്പാത്തിയിൽനിന്ന് രഥയാത്ര നടത്താനാണ് സംഘാടകരുടെ തീരുമാനം. രഥയാത്ര തടഞ്ഞ തമിഴ്നാട് പൊലീസ് നടപടിയിൽ സംഘ്പരിവാർ സംഘടനകൾ പ്രതിഷേധിച്ചു.
‘കുംഭമേള’: സ്റ്റോപ് മെമ്മോക്ക് എതിരെ ഹരജി
കൊച്ചി: ദക്ഷിണേന്ത്യയിലെ കുംഭമേള എന്ന പേരിൽ തിരുനാവായിൽ നടക്കുന്ന മഹാമാഘം മഹോത്സവവുമായി ബന്ധപ്പെട്ട് ഭാരതപ്പുഴയോരത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനുള്ള വില്ലേജ് ഓഫിസറുടെ നോട്ടീസ് ചോദ്യംചെയ്ത് ഹൈകോടതിയിൽ ഹരജി. കലക്ടറും ജില്ല പൊലീസ് മേധാവിയും പഞ്ചായത്തടക്കം മറ്റ് അധികൃതരുമായി ചർച്ച നടത്തുകയും പരിപാടിക്ക് അനുമതി വാങ്ങുകയും ചെയ്തശേഷം വില്ലേജ് ഓഫിസർ നൽകിയ സ്റ്റോപ് മെമ്മോ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജനറൽ കൺവീനർ എം.കെ. വിനയകുമാറാണ് ഹരജി നൽകിയത്. ഹരജിയിൽ സർക്കാറിന്റെ വിശദീകരണം തേടിയ ജസ്റ്റിസ് സി. ജയചന്ദ്രൻ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
പരിപാടി നടത്തിപ്പുമായി അധികൃതർ നൽകിയ മാർഗനിർദേശങ്ങൾ പാലിച്ചാണ് ഒരുക്കങ്ങൾ നടത്തിയതെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, നദീതട സംരക്ഷണ നിയമം ചൂണ്ടിക്കാട്ടി തിരുനാവായ വില്ലേജ് ഓഫിസർ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ് സ്റ്റോപ് മെമ്മോ നൽകുകയായിരുന്നു. എന്നാൽ, ഇത്തരം പ്രവർത്തനങ്ങൾ ചെയ്തിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു. ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവും തങ്ങളെ കേൾക്കാതെയുമാണെന്നും ഹരജിയിൽ ആരോപിക്കുന്നു. ജനുവരി 19 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘ മഹോത്സവം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

