യോഗാ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസിൽ അഭയം തേടി VIDEO
text_fieldsമലപ്പുറം: ആർ.എസ്.എസ് ഭീഷണിയിൽനിന്ന് രക്ഷതേടി തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട യുവതി മലപ്പുറം എസ്.പി ഓഫിസിൽ അഭയംതേടി. ഐക്കരപ്പടി കണ്ണംവെട്ടിക്കാവ് സ്വദേശിനിയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ എസ്.പി ഓഫിസിലെത്തിയത്. പേങ്ങാട് സ്വദേശിയായ യുവാവുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചതായും എസ്.പിക്ക് നൽകിയ മൂന്നുപേജ് പരാതിയിൽ പറയുന്നു.
പ്ലസ് ടു പഠനകാലത്തുതന്നെ തങ്ങൾ പ്രണയത്തിലായിരുന്നു. ബന്ധുക്കളും ആർ.എസ്.എസ് പ്രവർത്തകരും യുവാവിെൻറ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ബിരുദ പഠന കാലത്ത് ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. യുവാവും പിതാവും നിരീശ്വരവാദികളാണെന്നും പരാതിയിലുണ്ട്. താൻ മതവിശ്വാസിയായിരുന്നെങ്കിലും യുവാവിന് ഇഷ്ടമല്ലെന്ന് കണ്ട് വിശ്വാസം ഉപേക്ഷിച്ചു.
പ്രണയത്തിൽനിന്ന് പിന്തിരിയാത്തത് കാരണം അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലാണെന്നും അമ്മാവെൻറ വീട്ടിലെത്തണമെന്നും തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. യോഗ കേന്ദ്രത്തിൽ സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്ന് എഴുതി സമ്മതപത്രത്തിൽ ഒപ്പിടാൻ പറഞ്ഞു. വിസമ്മതിച്ചപ്പോൾ തിരുവനന്തപുരത്തെ കേന്ദ്രത്തിലേക്ക് മാറ്റി മർദിക്കുമെന്ന് ഭീഷണിപ്പെടുത്തി.
കേന്ദ്രത്തിൽനിന്ന് നേരത്തേ രക്ഷപ്പെട്ടവരെക്കുറിച്ച് പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. എതിർത്താൽ രക്ഷപ്പെടാൻ കഴിയില്ലെന്ന് തോന്നിയതിനാൽ സഹകരണം നടിക്കുകയായിരുന്നു. പിന്നീട് വിവാദങ്ങളുണ്ടായപ്പോൾ താൻ ഉൾപ്പെടെയുള്ളവരെ വീട്ടിലേക്ക് പറഞ്ഞയച്ചു. പുതിയ കേന്ദ്രത്തിലാക്കുമെന്ന് അമ്മയിൽ നിന്നറിഞ്ഞപ്പോൾ ഫോണിൽനിന്ന് യുവാവിനെ വിളിച്ച് രക്ഷപ്പെട്ടു. ഇനി വീട്ടിലേക്ക് തിരിച്ചുപോകാനാകില്ല. യുവാവിനൊപ്പം ജീവിച്ചാൽ മതി.
പ്രണയത്തിൽ തുടക്കം മുതൽ ആർ.എസ്.എസ് പ്രവർത്തകർ ഇടപെട്ടിരുന്നു. അഞ്ച് മാസം തൃപ്പൂണിത്തുറയിലെ കേന്ദ്രത്തിൽ തടവിലിട്ടതും ഇതിെൻറ ഭാഗമാണ്. ആർ.എസ്.എസ് പ്രവർത്തകർ എല്ലായിടത്തും ഉണ്ടെന്നും അവർ യുവാവിനെ കൊല്ലുമെന്നും ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം കണക്കിലെടുത്ത് ഇരുവർക്കും സംരക്ഷണം നൽകണമെന്ന് അപേക്ഷിച്ചാണ് പരാതി അവസാനിപ്പിച്ചിരിക്കുന്നത്. സ്പെഷൽ മാരേജ് ആക്ട് പ്രകാരം പെൺകുട്ടിയും യുവാവും വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയിട്ടുണ്ട്. പരാതി തുടർനടപടിക്കായി കൊണ്ടോട്ടി സി.ഐക്ക് കൈമാറുമെന്ന് എസ്.പി ഒാഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
