കേരളത്തിൽ മൂന്നാമൂഴത്തിന് സാഹചര്യം, ബംഗാളിൽ തൃണമൂലും ബി.ജെ.പിയും ഒരുപോലെ ശത്രുക്കൾ-സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്
text_fieldsന്യൂഡൽഹി: കേരളത്തിൽ മൂന്നാമൂഴത്തിനുള്ള സാഹചര്യമുണ്ടെന്ന് കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ സി.പി.എം വിലയിരുത്തൽ. പശ്ചിമ ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം തുടരണമെന്ന് ആവശ്യപ്പെടുന്ന സി.പി.എം ബംഗാൾ ഘടകം ബി.ജെ.പിയെയും തൃണമൂൽ കോൺഗ്രസിനെയും ഒരുപോലെ ശത്രുക്കളായി കാണണമെന്ന നിലപാട് കൈക്കൊണ്ടു.
കേരളവും പശ്ചിമ ബംഗാളും ഉൾപ്പെടെ വരാനിരിക്കുന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകൾ സി.പി.എം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തു. കർഷക സംഘടനയെക്കുറിച്ചുള്ള റിപ്പോർട്ട് അംഗീകരിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി ദേശീയ, അന്തർദേശീയ തലങ്ങളിലെ പൊതുരാഷ്ട്രീയ സാഹചര്യങ്ങളും ചർച്ച ചെയ്തു.
കേരളത്തിൽ മൂന്നാമൂഴം ലക്ഷ്യം വെച്ച് സർക്കാറിന്റെ വികസന, ജനക്ഷേമ പദ്ധതികൾ പ്രചാരണമാക്കണമെന്നും കേന്ദ്ര കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് തയാറെടുപ്പുകളെ കുറിച്ചുള്ള റിപ്പോർട്ടിലുണ്ട്. വർഗീയരാഷ്ട്രീയത്തിലൂന്നിയ ബി.ജെ.പിയോടും ഏകാധിപത്യ പ്രവണതയുള്ള തൃണമൂലിനോടും ഒരേ സമീപനമാണ് വേണ്ടതെന്നും രണ്ടു പാർട്ടികളെയും ഒരുപോലെ ശത്രുക്കളായി കണ്ട് നേരിടണമെന്നും ബംഗാൾ ഘടകം കേന്ദ്ര കമ്മിറ്റിയിൽ ആവശ്യപ്പെട്ടു.
ഇതിനായി ബംഗാളിൽ കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലേതു പോലെ കോൺഗ്രസുമായി സഹകരിക്കണമെന്ന നിർദേശവും ബംഗാൾ ഘടകം മുന്നോട്ടുവെച്ചു. ഇൻഡ്യ സഖ്യവുമായി സഹകരിക്കുന്നുണ്ടെങ്കിലും മമത ബാനർജിയോട് മൃദുസമീപനം വേണ്ട. യുവാക്കൾക്ക് അവസരം നൽകുന്നത് ഗുണം ചെയ്യുമെന്നും ബംഗാൾ ഘടകം പറയുന്നു.
കർഷക സംഘടനയെക്കുറിച്ചുള്ള റിപ്പോർട്ട് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. അഖിലേന്ത്യ കിസാൻ സഭയിൽ ഏറ്റവും കൂടുതൽ അംഗ സഖ്യയുള്ളത് കേരളത്തിൽ നിന്നാണെങ്കിലും കേരളത്തിൽ പോലും എല്ലാ വിഭാഗം കർഷകരെയും അണിചേർക്കാനാകുന്നില്ലെന്നും, അതിനായുള്ള നടപടിയുണ്ടാകണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

