തീരസദസ് 23 മുതല്‍ മേയ് 25 വരെ
text_fieldsതിരുവനന്തപുരം : ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ നേരില്‍ മനസിലാക്കുന്നതിനുമായി തീരസദസ് 23 മുതല്‍ മേയ് 25 വരെ. സംസ്ഥാനത്തെ എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലുമായി 47 കേന്ദ്രങ്ങളിലാണ് സദസ് നടത്തുന്നത്.
തീരദേശ മേഖലയിലെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങളും പരാതികളും വിശകലനം ചെയ്തു പരിഹാരങ്ങൾ കണ്ടെത്തിയുമുള്ള ഒരു സമഗ്രമായ വേദിയെന്ന നിലയിലാണ് തീരസദസ് വിഭാവനം ചെയ്തിട്ടുള്ളത്. രാവിലെ തീരസദസ്സ് നടക്കുന്ന സ്ഥലങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നുവരെയും ഉച്ചക്ക് ശേഷം നടക്കുന്ന സ്ഥലങ്ങളില്‍ മൂന്ന് മുതല്‍ ഏഴ് വരെയുമാണ് സമയക്രമം.
പരിപാടിയുടെ ആദ്യ ഭാഗത്ത് അതത് പ്രദേശത്തെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രദേശികമായുള്ള പ്രശ്നങ്ങളും നിലവില്‍ നടന്നു വരുന്ന പ്രവൃത്തികളെക്കുറിച്ചും വികസന സാധ്യതകളും വിശകലനം ചെയ്യും. തുടര്‍ന്ന് എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തീരസദസ് നടക്കും. ഉടനടി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ അവിടെവെച്ചുതന്നെ പരിഹരിക്കും.
തീരദേശ മേഖലയുടെ വികസന പ്രവർത്തനങ്ങളും മത്സ്യത്തൊഴിലാളി മേഖലയിൽ നടത്തി വരുന്ന ഇടപെടലുകളും വിശദീകരിക്കുന്ന ലഘുചിത്രങ്ങളുടെ പ്രദർശനവും അതത് തീരദേശ മേഖലയിലെ പ്രതിഭകളെ ആദരിക്കലും കരിയര്‍ ഗൈഡന്‍സ് സെഷനും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.
തീരസദസില്‍ പരിഗണിക്കപ്പെടാനുള്ള മത്സ്യത്തൊഴിലാളികളുടെ പരാതികള്‍, നിവേദനങ്ങള്‍, അപേക്ഷകള്‍ തുടങ്ങിയവ മുന്‍കൂട്ടി സമര്‍പ്പിക്കണം. നേരിട്ടോ അല്ലെങ്കില്‍ മത്സ്യഭവനുകള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ മുഖേനെയോ ഓണ്‍ലൈനായി പരാതി നല്‍കാം. ഇതിനായി മത്സ്യബന്ധന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.fisheries.kerala.gov.in എന്ന സൈറ്റിൽ തീരസദസ് എന്ന പ്രത്യേക പോർട്ടൽ വഴി പരാതികൾ സമർപ്പിക്കാനുള്ള ഓപ്‌ഷൻ നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 17 വരെയായിരുന്നു പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഏപ്രില്‍ 20 വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഏപ്രില്‍ 25 വരെയുമാണ് ഇതിനായുള്ള അവസാന തീയതി. ഇതിനകം 16374 പരാതികളും അപേക്ഷകളും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

