കഴിഞ്ഞ തവണ ഭരണം കിട്ടുമെന്ന് കരുതി കാറിന്‍റെ നമ്പർ എടുക്കാൻ ജ്യോത്സ്യനെ കണ്ട് തിരിച്ചുവരുമ്പോൾ ഫലം മാറി -മന്ത്രി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പരിഹാസവുമായി മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞതവണ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് കരുതി വകുപ്പ് വരെ തിരിച്ചു. കാറിന്റെ കാര്യത്തിൽ മാത്രമായിരുന്നു ഒരു സംശയമുണ്ടായിരുന്നത്. പലർക്കും ജോത്സ്യനെ കണ്ടിട്ട് വേണമായിരുന്നു കാറിന്റെ നമ്പർ തീരുമാനിക്കാൻ. കാർ നമ്പർ എടുക്കാൻ പലരും ജ്യോത്സ്യനെ കണ്ട് തിരിച്ചുവന്നപ്പോഴാണ് ഫലം മാറിയത്. യു.ഡി.എഫിന്റെ പാരമ്പര്യം ഇതാണെന്നും ചില കാര്യങ്ങൾ എത്ര പറഞ്ഞാലും മാറില്ലെന്നും വി. ശിവൻകുട്ടി വിമർശിച്ചു. കോൺഗ്രസിൽ ഇപ്പോൾ മൂന്നു മുഖ്യമന്ത്രിമാരുടെ പട്ടികയാണുള്ളത്. ഇനിയും എണ്ണം കൂടും. മെയ് നാലുവരെ അങ്ങനെ പലതും കാണാം. എൽ.ഡി.എഫ് മന്ത്രിമാരെ ആരെയും തീരുമാനിച്ചിട്ടില്ലെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്. ഇത് കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ടെന്നും ചട്ടവിരുദ്ധമായി ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചുട്ടുപൊള്ളുന്ന വേനൽചൂട് കണക്കിലെടുത്ത് തൊഴിലാളികൾക്ക് ഉൾപ്പെടെ സർക്കാർ പുതുക്കിയ തൊഴിൽ സമയക്രമം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ, കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. കഠിനമായ ചൂടിൽ സ്കൂളുകളിലെ പഠനാന്തരീക്ഷം കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങി എല്ലാ സ്ട്രീമുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളും നിർദേശങ്ങൾ പാലിക്കണം. അവധിക്കാല ക്ലാസുകൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്മേഷത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഒരു കാരണവശാലും സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ലെന്നും ഇത് ലംഘിക്കുന്ന വിദ്യാലയങ്ങളെ നിരീക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

