Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കള്ളൻമാരുടെ ഗുരു'...

'കള്ളൻമാരുടെ ഗുരു' പനക്കൽ ചന്ദ്രനും കൂട്ടാളിയും അറസ്റ്റിൽ

text_fields
bookmark_border
കള്ളൻമാരുടെ ഗുരു പനക്കൽ ചന്ദ്രനും കൂട്ടാളിയും അറസ്റ്റിൽ
cancel

ചാവക്കാട് (തൃശൂർ): തിരുവത്രയിലെ പ്രവാസിയുടെ വീട് കവർച്ചയുൾപ്പടെ നൂറോളം മോഷണകേസിൽ രണ്ട് അന്തർ സംസ്ഥാന പ്രതികൾ അറസ്റ്റിൽ. 'കള്ളൻമാരുടെ ഗുരു' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ്​ കോഴിക്കോട് പെരുവണ്ണാമൂഴി പനക്കൽ ചന്ദ്രൻ (63), കൂട്ടാളി കോഴിക്കോട് താമരശ്ശേരി കൂരപോയ്യിൽ വീട്ടിൽ മുഹമ്മദ് നിസാർ (29) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് സത്യമംഗലം കാട്ടിനുള്ളിലെ ഒളിത്താവളത്തിൽ നിന്നാണ് ഇവരെ അതിസാഹസികമായി പൊലീസ് പിടികൂടിയത്. ​​

ജയിലിൽ കഴിയുമ്പോൾ സഹതടവുകാരായ മോഷ്ടാക്കൾക്ക് രക്ഷപെടാൻ ആവശ്യമായ നിയമോപദേശം നൽകുന്നതും കോടതിയിൽ സമർപ്പിക്കാനുള്ള അപേക്ഷ തയ്യാറാക്കി നൽകുന്നതും ചന്ദ്രനാണ്. 'ശിഷ്യൻമാർ' ജയിലിൽനിന്നും ഇറങ്ങി എന്തെങ്കിലും മോഷണം നടത്തിയാൽ പനക്കൽ ചന്ദ്രന്​ മോഷണമുതലിന്‍റെ ഒരു പങ്ക് 'ഗുരുദക്ഷിണ' നൽകാറുണ്ടെന്നും പൊലീസ് പറഞ്ഞു.

15ാം വയസ്സിൽ തുടങ്ങിയ തസ്​കര വേഷം

പതിനഞ്ചാം വയസിൽ തുടങ്ങിയ മോഷണം 63ലും തുടരുകയാണ്​ പനക്കൽ ചന്ദ്രൻ. 48 വർഷത്തെ തസ്കര ജീവിതത്തിനിടെ കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി നൂറോളം കവർച്ച കേസുകളിൽ​ പ്രതിയായി. ഇതിനിടെ ഗൂഡല്ലൂർ ജയിലിൽ നിന്നും ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചു ജയിൽ ചാടി. 2017ൽ വീണ്ടും അറസ്റ്റിലായി മൂന്ന് വർഷത്തെ ജയിൽ വാസത്തിനു ശേഷം 2020 ജൂണിലാണ്​ പുറത്തിറങ്ങിയത്​. അതിനുശേഷം കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി മോഷണം ഇയാൾ നടത്തിയതായി പൊലീസ്​ പറഞ്ഞു.

നിസാർ മാല പൊട്ടിക്കൽ 'വിദഗ്​ധൻ'

ചന്ദ്രനൊപ്പം അറസ്റ്റിലായ താമരശ്ശേരി സ്വദേശി മുഹമ്മദ് നിസാർ കോഴിക്കോട് കണ്ണൂർ ജില്ലകളിലായി വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതോളം മാല പൊട്ടിക്കൽ കേസുകളിലെ പ്രതിയാണ്. 2016ൽ മാലപൊട്ടിക്കൽ കേസിൽ പിടിയിലായി ജയിലിലായി. നാല് വർഷത്തെ ജയിൽ വാസത്തിനു ശേഷം 2020 മേയിലാണ്​ മോചിതനായത്​. ജയിലിൽ വെച്ചാണ്​ പനക്കൽ ചന്ദ്രനെ പരിചയപ്പെട്ടത്​. ഇവർ കവർന്ന സ്വർണാഭരണങ്ങളും പണവും ബൈക്കും മറ്റു വസ്തുക്കളും കണ്ടെടുക്കുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.

കുടുക്കിയത്​ തിരുവത്രയിലെ മോഷണം

കഴിഞ്ഞ നവംബർ മൂന്നിന് തിരുവത്ര പുതിയറയിലുള്ള മുഹമ്മദ് അഷറഫ് എന്നയാളുടെ വീടിൻ്റെ പൂട്ടു പൊളിച്ചു അലമാരിയിൽ സൂക്ഷിച്ച 37 പവൻ മോഷണം നടത്തിയ കേസിൻ്റെ അന്വേഷണത്തിനൊടുവിലാണ് ഇവർ പിടിയിലായത്. ഈ കേസിൽ വാടാനപ്പള്ളി സ്വദേശി സുഹൈലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നാണ് പനക്കൽ ചന്ദ്രൻ, നിസാർ എന്നിവരുടെ പങ്ക് വ്യക്തമായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവർ കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഒളിത്താവളങ്ങളിൽ താമസിച്ചുവരികയായിരുന്നു. മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്ത പ്രതികളെ ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്.

ആൾതാമസമില്ലാതെ വീടുകളിൽ അലമാരയുടെയും ലോക്കറുകളുടെയും പൂട്ട്​ തകർത്ത്​ മോഷണം നടത്തുന്നതിൽ വിദഗ്​ധരാണ്​ ഇരുവരും. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നൂറോളം കേസുകളിൽ ഇവർക്ക്​ പങ്കുണ്ട്​. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യൻെറ നേതൃത്വത്തിൽ ഷാഡോ പൊലീസും ചാവക്കാട് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

മോഷണം കഴിഞ്ഞ്​ രക്ഷപ്പെട്ടത്​ മോഷ്​ടിച്ച ബൈക്കിൽ

പുതിയറയിൽനിന്നും 37 പവൻ സ്വർണാഭരണങ്ങൾ മോഷണം നടത്തിയതിനു ശേഷം രക്ഷപ്പെടാനായി മണത്തലയിലുള്ള ഷിറാസിന്‍റെ വീട്ടിൽ നിന്നും അമ്പതിനായിരം രൂപയോളം വില വരുന്ന ബൈക്ക് മോഷണം നടത്തി. കഴിഞ്ഞ ഒക്ടോബർ 11ന് രാത്രി വയനാട് ജില്ലയിലെ തലപ്പുഴയിലെ 44ാംമൈൽ നസ്രുത് ഇസ്​ലാം ജമാഅത്ത് മഖാമിലെ ഭണ്ഡാരത്തിന്‍റെ പൂട്ട്​ തകർത്തു പണം കവർന്നു. അന്നേ ദിവസം രാത്രി തലപ്പുഴ പാറത്തോട്ടം സെന്‍റ്​ മേരീസ് കത്തോലിക്ക പള്ളിയുടെ അടുക്കള വാതിൽ പൊളിച്ച്​ അകത്തു കടന്നു നേർച്ച പെട്ടിയുടെ പൂട്ട് പൊളിച്ച പണം കവർന്നതും പ്രതികൾ സമ്മതിച്ചു.

കോഴിക്കോട് മുക്കം മേഖലയിൽ മലഞ്ചരക്ക് സ്ഥാപനങ്ങളിൽ മോഷണം നടത്തി ലക്ഷങ്ങൾ വില വരുന്ന സാധനങ്ങൾ മോഷണം നടത്തിയതായും അവർ സമ്മതിച്ചിട്ടുണ്ട്.

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ യു.കെ. ഷാജഹാൻ, കെ.പി. ആനന്ദ്, തൃശൂർ സിറ്റി ഷാഡോ പോലീസ് അംഗങ്ങളായ എസ്.ഐ പി .രാജൻ, സീനിയർ സി.പി.ഒ ടി.വി. ജീവൻ, സി.പി.ഒമാരായ എം.എസ്. ലികേഷ്, കെ.വി. വിപിൻദാസ്, ചാവക്കാട് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ മാരായ സജിത്ത്, ബിന്ദുരാജ്, ബാബു , സീനിയർ സി.വി.ഒ ജിജി, സി.പി.ഒ മാരായ കെ. ആശിഷ് എന്ന്. ശരത്ത്, ജയകൃഷ്ണൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panakkal Chandran
News Summary - Thief Panakkal Chandran and nisar arrested
Next Story