'കള്ളൻ കപ്പലിൽ തന്നെ'; ഏഴു ചാക്ക് ലഹരി വസ്തുക്കൾ കാണാതായ സംഭവത്തിൽ പ്രതി പൊലീസുകാരൻ തന്നെയെന്ന് കണ്ടെത്തൽ
text_fieldsസുൽത്താൻ ബത്തേരി: പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച ഏഴു ചാക്ക് ലഹരി വസ്തുക്കൾ കാണാതായ സംഭവത്തിൽ പ്രതി സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എന്ന് സൂചന. സ്റ്റേഷനിലെ അതീവ സുരക്ഷയുള്ള പ്രോപ്പർട്ടി മുറിയിൽ സൂക്ഷിച്ച വസ്തുക്കൾ കാണാതായ സംഭവത്തിലാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഘം പ്രതിയിലേക്കെത്തിയെന്നാണ് ലഭിക്കുന്ന സൂചന. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സബിത്താണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതെന്നാണ് കണ്ടെത്തിയത്.
പ്രതി ജില്ല വിട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വയനാട് എസ്.പിക്ക് ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് കൈമാറി. ദൊട്ടപ്പൻകുളത്തെ വീട്ടിൽ നിന്ന് പിടിച്ച 13,800 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കോടതി നിർദേശപ്രകാരം ബത്തേരി സ്റ്റേഷനകത്ത് സൂക്ഷിച്ചിരുന്നു. ഇതു സൂക്ഷിച്ച മുറിയിൽ നിന്ന് ഏഴ് ചാക്ക് സാധനങ്ങൾ മോഷണം പോയി. പൊലീസ് സേനയ്ക്കാകെ നാണക്കേടായ കേസില്‍ സി.സി.ടി.വി ദൃശ്യങ്ങളാണ് നിര്‍ണായകമായത്.
ചാക്കുകൾ വണ്ടിയിൽ കടത്തുന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സംശയമുന സ്വാഭാവികമായും പൊലീസ് ഉദ്യോഗസ്ഥനിലേക്ക് നീണ്ടു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഉദ്യോഗസ്ഥന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. ഡി.വൈ.എസ്.പി എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിന് കാര്യങ്ങൾ വ്യക്തമായിട്ടുണ്ടെന്നും കുറ്റക്കാരായവരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള തീരുമാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാനാവില്ലെന്നും അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബത്തേരി ദൊട്ടപ്പൻകുളത്തെ വീട്ടിൽ നിന്ന് 13,800 പായ്ക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ച കേസിൽ ജൂൺ 26ന് കോടതിയിൽ നിന്ന് സ്‌റ്റേഷനിലെത്തിച്ച ചാക്കുകളാണ് സൂക്ഷിപ്പു മുറിയിൽ നിന്ന് മോഷണം പോയത്. കോടതി ബത്തേരി പൊലീസിനെ സൂക്ഷിക്കാനേൽപിച്ചവയായിരുന്ന ഇത്. സ്‌റ്റേഷനിലെയും പരിസരങ്ങളിലെയും അന്നുമുതലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചു. മോഷ്ടാവിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയെന്ന് കരുതുന്ന ആൾ മറ്റു ചില അനധികൃത ഇടപാടുകളിലും പങ്കാളിയാണെന്നും മുന്നറിയിപ്പ് നൽകിയിരുന്നുവെന്നുമാണ് ലഭിക്കുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

