ലോക്ഡൗൺ മറവിലെ മോഷണ പരമ്പരക്ക് ഒടുവിൽ ബ്ലേഡ് അയ്യപ്പൻ പിടിയിൽ
text_fieldsകരുനാഗപ്പള്ളി: കരുനാഗപ്പള്ളി, ഓച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മാസക്കാലമായി മോഷണപരമ്പര തുടർന്നുവന്ന മോഷ്ടാവ് അറസ്റ്റിൽ. തിരുവനന്തപുരം ചെമ്പകമംഗലം ഊരുകോണത്ത് പുത്തൻവീട്ടിൽ ബ്ലേഡ് അയ്യപ്പൻ എന്ന് വിളിക്കുന്ന അയ്യപ്പൻ (33) ആണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്.
തഴവ, ഓച്ചിറ, പാവുമ്പ, തൊടിയൂർ മേഖലകളിൽ വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ലോക്ഡൗണിന്‍റെ മറവിൽ ഇയാൾ മോഷണം നടത്തിയിരുന്നു. പാവുമ്പാ പാല മൂട് ക്ഷേത്രം ഓഫിസ് തുറന്ന് കാണിക്കവഞ്ചിയിലെ പണം, പാവുമ്പാ ഷാപ്പ് മുക്കിലെ മൊബൈൽ കട, കൊറ്റമ്പള്ളി കുരിശടി, കറുങ്ങപ്പള്ളി മാർഏലിയാസ് ഓർത്തഡോക്സ് ദേവാലയം, മണപ്പള്ളി എൻ.എസ്.എസ് കരയോഗമന്ദിരം, റെയിവേ ക്രോസിന് സമീപം പളളി, തൊടിയൂർ എസ്.എൻ.ഡി.പി ശാഖാമന്ദിരം, കരുത്തേരി ജങ്ഷനിലെ നമസ്കാര പള്ളി ഉൾപ്പെടെ നിരവധി ആരാധനാലയങ്ങളുടെ അകത്ത് കടന്ന് കാണിക്ക വഞ്ചികൾ കുത്തിതുറന്ന് മോഷണം നടത്തിയിട്ടുണ്ട്.
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ മഞ്ജുലാലിന്‍റെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ട കടവി രജ്ഞിത്തിനെ സെൻട്രൽ ജയിലിൽ വെച്ച് കുത്തിയ കേസ്, പത്തനംതിട്ടയിൽ പൊലീസിനെ അക്രമിച്ച കേസ് തുടങ്ങി നിരവധി അടിപിടി കേസുകളിലും പ്രതിയാണ് ഇയാൾ.
പൊലീസ് പിടിയിലായാൽ ആക്രമണ സ്വഭാവം കാട്ടിയും ബ്ലേഡ് വെച്ച് ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ചും രക്ഷപ്പെടുന്ന രീതിയുള്ളതിനാലാണ് ബ്ലേഡ് അയ്യപ്പൻ എന്ന് പേര് വന്നത്. അഞ്ച് മാസം മുമ്പാണ് വിയ്യൂർ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്.
സബ് ഇൻസ്പെക്ടർമാരായ ജയശങ്കർ, അലോഷ്യസ്, അലക്സാണ്ടർ, ബി.പി ലാൽ, പ്രബേഷൻ എസ്.ഐമാരായ അനീഷ്, മഞ്ചുഷ,
എ.എസ് ഐന്മാരായ മനോജ്, ജയകുമാർ, രാംജയൻ, ഓമനക്കുട്ടൻ, സി.പി.ഒമാരായ ഹാഷിം, ഷഹാൽ, വനിത സി.പി.ഒ മിനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.