Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാപ്പെഴുതി മോഷണമുതൽ തിരികെ വെച്ച് മുങ്ങിയ മോഷ്ടാവ് ഒടുവിൽ പിടിയിൽ

text_fields
bookmark_border
kerala police
cancel

കോഴിക്കോട്: അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ കയറി പത്ത് പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി ഒടുവിൽ പോലീസിന്റെ വലയിലായി. കുന്നംകുളം സ്വദേശി പുത്തൻപുരക്കൽ ഉണ്ണികൃഷ്ണൻ (32) ആണ് ഗുരുവായൂർ പൊലീസിന്‍റെ പിടിയിലായത്.

മേയ് എട്ടിന്​ രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ഡോ. അബൂബക്കറിന്റെ അരിയന്നൂരിലെ വീട്ടിൽ നിന്നാണ് സ്വർണം മോഷണം പോയത്. ഡോക്ടറുടെ ഭാര്യ ബുഷറയുടെ 10 പവനോളം വരുന്ന ആഭരണങ്ങളാണ് പ്രതി കവർന്നത്.

മോഷണം നടന്ന വീട്ടിലെ സിസിടിവി ക്യാമറകളിൽ പ്രതിയുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ പ്രതി പരിഭ്രാന്തിയിലായി. തുടർന്ന് മോഷണം നടന്ന് നാലാം ദിവസം മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ ഭൂരിഭാഗവും ഒരു മാപ്പപേക്ഷയോടൊപ്പം വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ കള്ളന്റെ ‘മനംമാറ്റത്തിൽ’ വീഴാതെ പൊലീസ് അന്വേഷണത്തിൽ പ്രതിയെ ചാവക്കാട് ഭാഗത്ത് നിന്നു പിടികൂടുകയായിരുന്നു.

പിടിയിലായ പ്രതി ഉണ്ണികൃഷ്ണനെ ബുധനാഴ്ച രാവിലെ ഡോക്ടർ അബൂബക്കറിന്റെ അരിയന്നൂരിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ രീതിയും സ്വർണം തിരികെ കൊണ്ടുവെച്ചതുമെല്ലാം പ്രതി പൊലീസിനോട് വിവരിച്ചു.

ബാക്കി സ്വർണത്തെ കുറിച്ച് പൊലീസ് ഊർജ്ജിതമായി അന്വേഷണം നടത്തി വരികയാണ്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി മോഷണ മുതൽ കണ്ടെടുക്കാൻ ശ്രമിക്കുമെന്നും പൊലീസ് അറിയിച്ചു. ഗുരുവായൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാൽ, സബ് ഇൻസ്പെക്ടർ മഹേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ രജനീഷ്, വിഷ്ണു, ജോസ്പോൾ, ജോമോൻ, ലാൽ എന്നിവരുമാണ് പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thief arrested in Guruvayur
Next Story