മണ്ണടിഞ്ഞ സ്വപ്നങ്ങൾക്കുമീതെ അവർ വീണ്ടും നടന്നു
text_fieldsകൽപറ്റ: മലവെള്ളപ്പാച്ചിൽ എല്ലാം കവർന്നെടുത്ത മണ്ണിലേക്ക് വീണ്ടുമെത്തിയപ്പോൾ അഷ്റഫിെൻറ കണ്ണുനിറഞ്ഞു. ചളിയും കല്ലും മരക്കുറ്റികളുംനിറഞ്ഞ മൺകൂനകൾക്കു മുകളിലൂടെ നടന്ന് ഒരു വലിയ കല്ലിൽ ചവിട്ടിനിന്ന് അഷ്റഫ് പറഞ്ഞു; ‘‘ഇവിടെയായിരുന്നു വീട്’’. പൊഴുതന കുറിച്യർമലയിലെ മേൽമുറിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അഷ്റഫിെൻറ വീടും കൃഷിയിടവും തൊഴുത്തും എല്ലാം ഒഴുകിപ്പോയി. ഇവിടം വലിയൊരു ചളിക്കൂന മാത്രമാണ്. മുകളിൽനിന്ന് വെള്ളച്ചാട്ടം പോലെ ഒഴുകിയിറങ്ങുന്ന വെള്ളം, വീടുണ്ടായിരുന്നതിനപ്പുറത്ത് തോടായി ഒഴുകുന്നു.
പാടത്തുംപീടികക്കൽ മൊയ്തുവിെൻറ മകനാണ് അഷ്റഫ്. 72കാരനായ മൊയ്തുവും ഭാര്യയും മകെൻറ കുടുംബവുമടക്കം ഏഴുപേർ, മണ്ണടിഞ്ഞുപോയ ഈ വീട്ടിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പശുക്കളെ പോറ്റിയാണ് ഇവർ കഴിഞ്ഞത്. ഏഴു പശുക്കളുള്ളതിൽ നാലിനും കറവയുണ്ട്. ദുരന്തം ആ മിണ്ടാപ്രാണികളെ തുടച്ചുനീക്കി. പശുക്കൾ പോയിട്ട് തൊഴുത്തിെൻറ അംശം പോലും ബാക്കിയില്ല. 42 സെൻറ് സ്ഥലം ഒലിച്ചുപോയി. പൊഴുതന മേഖലയെ പ്രളയത്തിൽ മുക്കിയ ഉരുൾപൊട്ടലിൽ മൊയ്തുവിേൻറതിനുപുറമെ പി. നൗഫൽ, ദാവൂദ് മാലായി, അലവി പട്ടിക്കാടൻ, സുലൈമാൻ പുളിക്കത്തൊടി, പുതിയപറമ്പിൽ ലത്തീഫ്, ഹംസ തെക്കുംപാടൻ, ഹാരിസ് മൈതാനിക്കുന്ന് തുടങ്ങിയവരുടെ വീടുകളും നാമാവശേഷമായി. മറ്റു പല വീടുകൾക്കും കേടുപാടുണ്ടായി. വിവാഹാവശ്യങ്ങൾക്കായി സ്വരൂപിച്ച പണവും സ്വർണവും മലവെള്ളം കവർന്നു.
വ്യാഴാഴ്ച രാവിലെ മൊയ്തുവിെൻറ ഭാര്യയാണ് ഉരുളിെൻറ ശബ്ദം ആദ്യം കേട്ടത്. നോക്കിയപ്പോൾ കുന്നിൻമുകളിൽനിന്ന് വൻമരങ്ങളും കൂറ്റൻ പാറക്കഷ്ണങ്ങളും മലവെള്ളത്തോടൊപ്പം ആർത്തലച്ച് വരുന്നു. ബഹളംകൂട്ടി അയൽവാസികളെയടക്കം വിവരമറിയിച്ച് ഓടി. അടുക്കള ഭാഗത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു.
മറുഭാഗത്തേക്കായിരുന്നെങ്കിൽ ആ മലവെള്ളപ്പാച്ചിലിൽ പെട്ടുപോയേനേ. ഉടുതുണിയൊഴിച്ച് ഒന്നും ബാക്കിയില്ലെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിെൻറ ആശ്വാസത്തിലാണിവർ. പി.വി. അബ്ദുൽ വഹാബ് എം.പിയുടെ ഉടമസ്ഥതയിലുള്ള കുറിച്യർമല പീവീസ് എസ്റ്റേറ്റിെൻറ ചായത്തോട്ടത്തിെൻറ ഒരു ഭാഗവും അതിനോടുചേർന്ന സ്വകാര്യ ഭൂമിയും ചേർന്ന് ഏക്കറുകണക്കിന് കൃഷിയാണ് കുത്തൊഴുക്കിൽ ഇല്ലാതായത്.
വയനാട്ടിൽ ഇതുവരെ സംഭവിച്ച വമ്പൻ ഉരുൾപൊട്ടലുകളിലൊന്നാണിത്. ഇതിനോട് ചേർന്ന് കൂടുതൽ കുടുംബങ്ങൾ താമസമില്ലാതിരുന്നതിനാൽ ആളപായം സംഭവിച്ചില്ലെന്നു മാത്രം. മല പൊട്ടിയൊലിച്ച് താഴെയെത്തും മുമ്പ് രണ്ടു കൈവരിയായി പിരിഞ്ഞതാണ് ദുരന്തമൊഴിവാക്കിയത്. അല്ലെങ്കിൽ കുറിച്യർമല എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന പാടികളെ കടപുഴക്കിയാകുമായിരുന്നു മലവെള്ളപ്പാച്ചിൽ.
ഇപ്പോൾ ഈ കുന്നിൽ ആരും താമസിക്കുന്നില്ല. ഭയംകൊണ്ട് എല്ലാവരും ഒഴിഞ്ഞുപോയി. കുന്നിനു താഴെയുള്ള പല വീടുകളിലായി ഒരുക്കിയ ക്യാമ്പുകളിലും ദൂരെയുള്ള ബന്ധുവീടുകളിലുമൊക്കെയാണ് പലരും അഭയം തേടിയത്. ദുരന്തം കഴിഞ്ഞതിനുപിന്നാലെ അമ്പലവയലിലുള്ള മകളുടെ വീട്ടിൽ അഭയംതേടിയ മൊയ്തുവും കുടുംബവും ആദ്യമായി സ്വന്തംഭൂമിയിൽ തിരിച്ചെത്തിയതായിരുന്നു. മകനും മരുമക്കളും വീടിരുന്ന സ്ഥലം നോക്കാൻ പോയപ്പോൾ മൊയ്തു ജീപ്പിൽതന്നെയിരുന്നു. ‘അതു കാണാനുള്ള കരുത്തില്ല’എന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
