ഓർമകളിലുരുകി അവർ തിരികൊളുത്തി; പ്രതിഷേധം കത്തി
text_fieldsനിതിൻ രാജിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ജ്വാലയിൽ പങ്കെടുത്ത സഹോദരി നിഖിതയും പൂക്കോട് വെറ്ററിനറി കോളജിൽ മരിച്ച സിദ്ധാർഥന്റെ അമ്മ ഷീബയും
-ഫോട്ടോ- പി.ബി.ബിജു
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ രക്ഷിക്കാനും കേസ് വഴിതിരിച്ചുവിടാനുമുള്ള നീക്കത്തിനെതിരെ പ്രതിഷേധ ജ്വാല തെളിയിച്ച് നിതിൻ രാജിന്റെ സഹോദരിയും സിദ്ധാർത്ഥന്റെ മാതാവും. കലാലയങ്ങളിൽ പീഡനം അനുഭവിക്കുന്ന മക്കൾക്കായി ഒന്നിക്കണമെന്ന് കണ്ണീരോടെ പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർത്ഥന്റെ മാതാവ് ഷീബ പറഞ്ഞു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
നമ്മുടെ കുട്ടികൾക്ക് എന്ത് സുരക്ഷിത്വമാണ് ഭരണകൂടം ഒരുക്കുന്നതെന്ന് സിദ്ധാർത്ഥന്റെ മാതാവ് ചോദിച്ചു. സിദ്ധാർത്ഥൻ മരിച്ചപ്പോൾ മറ്റൊരു കുട്ടിക്കും ഇതേ ദുരന്തം ആവർത്തിക്കരുതെന്ന് ആഗ്രഹിച്ചു. ഇപ്പോൾ നിതിൻ രാജിന്റെ മാതാവിനും സഹോദരിക്കും തങ്ങളുടെ അതേ അവസ്ഥ തന്നെ വന്നിരിക്കുന്നു. ഇതിനെന്നാണ് അറുതി വരുത്താനാകുകയെന്നും അവർ ചോദിച്ചു. ലോൺ ആപ്പല്ല, കോളജ് അധികൃതരാണ് നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദിയെന്ന് നിതിൻ രാജിന്റെ സഹോദരി നിഖിത പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഫോൺ പിടിച്ചുവെച്ചില്ലായിരുന്നുവെങ്കിൽ നിതിൻ രാജ് ഇന്നും ജീവിച്ചിരുന്നേനെ. കേസിലെ പ്രതികളെ മുഴുവൻ തുറങ്കിൽ അടക്കുന്നത് വരെ കുടുംബം സമരവുമായി മുന്നോട്ടു പോകുമെന്ന് നിഖിത പറഞ്ഞു.
നിതിൻ രാജിന്റെ ബന്ധുക്കളും സാമൂഹിക, സാംസ്കാരിക പ്രമുഖരും പങ്കെടുത്ത പ്രതിഷേധ ജ്വാലയിൽ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം. ഷാജർഖാൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ. കെ.ജി. താരയും നിഖിതയും ഷീബയും ഒന്നിച്ച് പ്രതിഷേധ ജ്വാല തെളിയിച്ചു. ജനകീയ പ്രതിരോധ സമിതി ജില്ലാ സെക്രട്ടറി എസ്. മിനി, കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. റോസമ്മ, മണികണ്ഠൻ പൂലംന്തറ, എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടറി ആർ. അപർണ, എ.ഐ.ഡി.വൈ.ഒ സംസ്ഥാന കമ്മിറ്റിയംഗം എ. ഷൈജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

