കണ്ണീരോടെ മിഥുന് വിട നൽകി നാട്; അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ
text_fieldsകൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ വിടനൽകി നാട്. വൈകീട്ട് നാലരയോടെയാണ് സംസ്കാരചടങ്ങുകൾ പൂർത്തിയാക്കിയത്. ആയിരങ്ങളാണ് മിഥുന്റെ വീട്ടിൽ അന്ത്യഞ്ജലി അർപ്പിക്കാനെത്തിയത്. മിഥുന്റെ സഹോദരനാണ് അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്.
സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കിയാണ് വിളന്തറയിലെ വീട്ടിലേക്ക് മിഥുന്റെ ഭൗതികശരീരം വിലാപയാത്രയായി എത്തിച്ചത്. രണ്ടുദിവസം മുന്‍പുവരെ ചിരിച്ചും കളിച്ചും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മിഥുന്‍റെ ചേതനയറ്റ ശരീരം കണ്ട് സഹപാഠികളും അധ്യാപകരും വിങ്ങിപ്പൊട്ടി. സ്‌കൂളിലെ എന്‍.സി.സി കേഡറ്റുകള്‍ റോഡ് മാര്‍ച്ച് നടത്തിയാണ് മിഥുനെ സ്‌കൂള്‍ മുറ്റത്തെത്തിച്ചത്. നൂറ് കണക്കിന് ആളുകളാണ് കരഞ്ഞും തേങ്ങലടക്കിയും മിഥുന് ആദരാജ്ഞലി അർപ്പിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ തിരികെ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിലായിരിക്കും മിഥുന്റെ സംസ്കാര ചടങ്ങുകൾ നടക്കുക. ശാസ്താംകോട്ട ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം 12 മണിയോടെയാണ് സ്കൂളിലേക്ക് എത്തിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉള്‍പ്പെടെയുള്ളവർ മിഥുനെ കാണാൻ വീട്ടിലെത്തി.
കുവൈത്തില്‍ ജോലി ചെയ്യുന്ന അമ്മ സുജ, രാവിലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇളയമകന്‍ സുജിനും അമ്മയെ കൂട്ടിക്കൊണ്ടുപോവാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
മൂന്നുമാസം മുമ്പ് വീട്ടുജോലിക്കായി കുവൈത്തിൽ പോയ സുജ, മകന് ദുരന്തമുണ്ടാകുന്ന സമയത്ത് തുർക്കിയിലായിരുന്നു. ജോലിചെയ്യുന്ന വീട്ടിലുള്ളവരുമൊത്ത് ഒരുമാസം മുമ്പ് പോയതായിരുന്നു. എല്ലാ ദിവസവും വിഡിയോ കോളിലൂടെ മക്കളോട് സുജ സംസാരിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ 9.40നായിരുന്നു എട്ടാം ക്ലാസ് വിദ്യാർഥിയായ മിഥുന്റെ ദാരുണ മരണം. വിവരം സുജയെ അറിയിക്കാൻ കുടുംബാംഗങ്ങൾ ശ്രമം നടത്തിയിട്ടും മണിക്കൂറുകളോളം സാധിച്ചിരുന്നില്ല. ഒടുവിൽ വ്യാഴാഴ്ച രാത്രിയാണ് സുജ ദുഃഖവാർത്ത വിവരമറിഞ്ഞത്. തുടർന്ന്, വെള്ളിയാഴ്ച കുവൈത്തിലേക്ക് തിരിച്ചു.
ശാസ്താംകോട്ട തേവലക്കര കോവൂര്‍ ബോയ്സ് സ്കൂൾ കെട്ടിടത്തോട് ചേർന്ന സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ കയറിയപ്പോഴാണ് വലിയപാടം മിഥുന്‍ഭവനില്‍ മനുവിന്റെ മകനുമായ മിഥുൻ (13) വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മിഥുന്റെ മൃതദേഹം ശനിയാഴ്ച രാവിലെ 10ന് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിന്വെച്ചു. തുടർന്ന് വിളന്തറയിലെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകീട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

