ഈ വാർഡുകൾ 'കുടുംബസ്വത്താ'ണ്
text_fieldsമഞ്ചേരി (മലപ്പുറം): മഞ്ചേരി നഗരസഭയിലെ ചില വാർഡുകൾ 'കുടുംബസ്വത്ത്' പോലെ കൊണ്ടുനടക്കുകയാണ് ചിലർ. മത്സരിക്കുന്നത് ഒന്നുകിൽ ഭാര്യ, അല്ലെങ്കിൽ ഭർത്താവ്, അതുമല്ലെങ്കിൽ ബന്ധുക്കൾ എന്നതാണ് ഇവിടത്തെ കാഴ്ച. യു.ഡി.എഫിലും എൽ.ഡി.എഫിലും ബി.ജെ.പിയിലും ഈ കുടുംബാധിപത്യമുണ്ട്. എന്നാൽ, യു.ഡി.എഫിലാണ് കൂടുതൽ.
എട്ട് വാർഡുകളിലാണ് യു.ഡി.എഫിനായി ദമ്പതികൾ മാറിമാറി മത്സരിക്കുന്നത്. പത്താം വാർഡായ കോഴിക്കാട്ടുകുന്നിൽ ആക്കല മുഹമ്മദ് മുസ്തഫയായിരുന്നു കൗൺസിലർ. ഇത്തവണ ഭാര്യ ഷൈമ ആക്കലയാണ് യു.ഡി.എഫിനായി മത്സരിക്കുന്നത്. 11ാം വാർഡിൽ സജ്ല വല്ലാഞ്ചിറയായിരുന്നു കൗൺസിലർ. സീറ്റ് നിലനിർത്താൻ ഭർത്താവ് വല്ലാഞ്ചിറ സക്കീർ തന്നെ ഇത്തവണ രംഗത്തെത്തി. 15ാം വാർഡായ കോളജ്കുന്നിൽ അജ്മൽ സുഹീദായിരുന്നു മുസ്ലിം ലീഗ് കൗൺസിലർ. ഇത്തവണ മത്സരിക്കുന്നതാകട്ടെ ഭാര്യ ഫാത്തിമ സുഹ്റ. 2010ൽ അജ്മലിെൻറ മാതാവ് ചെറുമണ്ണിൽ ആസ്യയായിരുന്നു കൗൺസിലർ. മൂന്നാം തവണയും കുടുംബം തന്നെ സീറ്റ് നിലനിർത്താനുള്ള ശ്രമത്തിലാണ്.
16ാം വാർഡായ കിഴക്കേത്തലയിൽ തലാപ്പിൽ സൗജത്തായിരുന്നു കൗൺസിലർ. സീറ്റ് നിലനിർത്താൻ ഭർത്താവ് തലാപ്പിൽ അബ്ദുൽ ജലീൽ രംഗത്തെത്തി. വാർഡ് 27 അമയംകോടിൽ റിസ്വാന റഹീമായിരുന്നു കൗൺസിലർ. ഇത്തവണ മത്സരിക്കുന്നത് ഭർത്താവ് പുതുക്കൊള്ളി റഹീമാണ്. വാർഡ് 34 ശാന്തിഗ്രാമിൽ സിക്കന്തർ ഹയാത്തായിരുന്നു കൗൺസിലർ. വാർഡ് 'വനിത'യായതോടെ ഭാര്യ ഷാനി സിക്കന്തറിന് സ്ഥാനാർഥിത്വം ലഭിച്ചു. 39ാം വാർഡായ തടത്തിപ്പറമ്പിൽ അത്തിമണ്ണിൽ സൗജ ടീച്ചറായിരുന്നു കൗൺസിലർ. ഭർത്താവ് അത്തിമണ്ണിൽ അബ്ദുറഹിമാൻ (ബാപ്പുട്ടി) ആണ് ഇത്തവണ.
44ാം വാർഡായ പട്ടർകുളത്ത് സനൂജ മുനീറയായിരുന്നു അഞ്ചുവർഷം കൗൺസിലർ. ജനറൽ വാർഡായതോടെ ഭർത്താവ് എം.കെ. മുനീറാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 46ാം വാർഡായ വീമ്പൂരിൽ കുറ്റിക്കാടൻ കുഞ്ഞിമുഹമ്മദ് ഹാജിയായിരുന്നു കൗൺസിലർ. ഇത്തവണ മകൾ സഫൂറയാണ് സ്ഥാനാർഥി. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ഇവരെ എൽ.ഡി.എഫ് പിന്തുണക്കുന്നുമുണ്ട്.
എൽ.ഡി.എഫിനായി 17ാം വാർഡിൽ മരുന്നൻ സാജിദ് ബാബുവാണ് മത്സരിക്കുന്നത്. നേരേത്ത ഭാര്യ മരുന്നൻ സമിയ ആയിരുന്നു കൗൺസിലർ. ജനറൽ വാർഡായതോടെ ഭർത്താവിന് നറുക്ക് വീണു. ഭാര്യ തൊട്ടടുത്ത 18ാം വാർഡിൽ മത്സരിക്കുന്നു. ബി.ജെ.പിയുടെ ഏക സിറ്റിങ് സീറ്റായ മേലാക്കത്ത് നിലവിലെ കൗൺസിലറായ പി.ജി. ഉപേന്ദ്രെൻറ സഹോദരി പി.ജി. ഉഷയാണ് മത്സരിക്കുന്നത്.