ഇവർ വയനാടിെൻറ ആദ്യ സാമാജികർ
text_fieldsവി. മധുര, എൻ.കെ. കുഞ്ഞികൃഷ്ണൻ നായർ
കൽപറ്റ: ഐക്യകേരള രൂപവത്കരണത്തിനു ശേഷം ആദ്യ നിയമസഭയിൽ വയനാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്തത് കോൺഗ്രസ് അംഗങ്ങളായ രണ്ടുപേർ.
അന്ന് സംസ്ഥാനത്തെ 114 നിയമസഭ മണ്ഡലങ്ങളിൽ 12 എണ്ണം ദ്വയാംഗ മണ്ഡലമായിരുന്നു. അതിലൊന്നായിരുന്നു വയനാട്. സംവരണ വിഭാഗത്തിലെ ഒരാളെയും കൂടുതൽ വോട്ട് ലഭിക്കുന്ന പൊതുവിഭാഗത്തിലോ സംവരണ വിഭാഗത്തിലോപെട്ട മറ്റൊരാളെയുമാണ് തെരഞ്ഞെടുക്കുക.
സംവരണ വിഭാഗത്തിൽനിന്ന് കോൺഗ്രസിലെ വി. മധുരയും പൊതുവിഭാഗത്തിൽനിന്ന് എൻ.കെ. കുഞ്ഞികൃഷ്ണൻ നായരുമാണ് വയനാടിെൻറ എം.എൽ.എമാരായി നിയമസഭയിലെത്തിയത്. പി.എസ്.പിയുടെ കുഞ്ഞമ്മദ് ഹാജി നീലിക്കണ്ടി, സി.പി.ഐയുടെ പി. ശങ്കർ, സ്വതന്ത്രരായ പുന്നാടൻ, എ. ഗോപാലൻ എന്നിവരായിരുന്നു ഇവരുടെ എതിരാളികൾ.
വി. മധുര
ഒന്നും രണ്ടും നിയമസഭകളിൽ വയനാട് തെക്ക് നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കുറുമ സമുദായക്കാരനും വാഴവറ്റ സ്വദേശിയുമായ വി. മധുര 1904ലാണ് ജനിച്ചത്. കർഷകനായ മധുര, ചെറുപ്പത്തിലേ കോൺഗ്രസിൽ അംഗമാവുകയും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരന്തരം പോരാടുകയും ചെയ്തിരുന്നു.
1957ലെ തെരഞ്ഞെടുപ്പിൽ 29,296ഉം 1960ൽ 77,380ഉം വോട്ട് നേടിയാണ് വിജയിച്ചത്. വിമോചന സമരകാലത്ത് 15 ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. വയനാട്ടിൽ സ്കൂളുകൾ അനുവദിക്കാനായിരുന്നു നിയമസഭയിൽ മധുര പ്രധാനമായും ആവശ്യപ്പെട്ടത്. ഭാര്യ: കല്യാണി. ഏഴു മക്കൾ. 1994ലാണ് മധുര അന്തരിച്ചത്.
എൻ.കെ. കുഞ്ഞികൃഷ്ണൻ നായർ
1917ൽ ജനിച്ച എൻ.കെ. കുഞ്ഞികൃഷ്ണൻ നായർ വയനാട്ടിലെ പ്രധാന കോൺഗ്രസ് നേതാക്കളിൽ ഒരാളും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. 31,993 വോട്ട് നേടിയാണ് നിയമസഭയിലേക്ക് വിജയിച്ചത്.
വയനാട് ഡി.സി.സി പ്രസിഡൻറ്, തലശ്ശേരി ഭൂപണയ ബാങ്ക് ഡയറക്ടർ, കെ.പി.സി.സി അംഗം, സേവാദൾ ബോർഡ് ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നായ ഏച്ചോം സർവോദയ എയ്ഡഡ് എലമെൻററി സ്കൂൾ സ്ഥാപിച്ചത് ഇദ്ദേഹമാണ്. 2002 ഒക്ടോബർ മൂന്നിനാണ് അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

