തെർമൽ സ്കാനിങ്; പിന്നാലെ ക്വാറൻറീൻ
text_fieldsകൊച്ചി/ നെടുമ്പാശ്ശേരി: വ്യാഴാഴ്ച പ്രവാസികളെത്തുമ്പോൾ വലിയ സുരക്ഷ ക്രമീകരണങ്ങളും പരിശോധന സംവിധാനങ്ങളുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരുങ്ങുന്നത്. പരിശോധിക്കാൻ പ്രത്യേക തെർമൽ സ്കാനർ സ്ഥാപിച്ചു. ഇതിനായി യാത്രികരെ ടെർമിനലിനകത്ത് പ്രത്യേക ഭാഗത്ത് സാമൂഹിക അകലം പാലിച്ച് ഇരുത്തും. പ്ലാസ്റ്റിക് കസേരകളിൽ പ്രത്യേകതരം തുണികളും പൊതിയും. പരിസരം ഇടയ്ക്കിടെ അണുമുക്തമാക്കും.
ശരീര ഊഷ്മാവ് ഉയര്‍ന്ന നിലയിലുള്ളവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും. മറ്റുള്ളവരെ തുടര്‍ പരിശോധനക്കുശേഷം ക്വാറൻറീനിലേക്ക് വിടും. വിമാനത്താവളത്തിൽ വെച്ചായിരിക്കും ഓരോരുത്തരും എവിടെയാണ് 14 ദിവസം കഴിയേണ്ടതെന്ന് നിർദേശിക്കുക. ഇവരെ താമസ സ്ഥലങ്ങളിലേക്ക് എത്തിക്കാൻ ഡബിള്‍ ചേംബര്‍ ടാക്സി കാറുകളും തയാറാക്കിയിട്ടുണ്ട്. ജില്ലയിലാകെ നാലായിരത്തിലേറെ വീടുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ക്വാറൻറീൻ നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികളും സ്വീകരിക്കും. ഇവരെ നിരീക്ഷിക്കാൻ പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന സംവിധാനവും ഒരുങ്ങുന്നുണ്ട്.
വിദേശത്തുനിന്നെത്തുന്നവരുടെ വിവരങ്ങള്‍ അപഗ്രഥിക്കാനാവശ്യമായ ഉപകരണങ്ങള്‍ ക്രമീകരിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ജില്ല ഭരണകൂടം നിര്‍ദേശം നല്കി. കൊച്ചി തുറമുഖത്തും ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.