സ്വാശ്രയ എൻജിനീയറിങ് ഫീസ് നിരക്കിൽ മാറ്റമുണ്ടാകില്ല
text_fieldsതിരുവനന്തപുരം: സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഈ വർഷവും ഫീസ് നിരക്കിൽ മാറ്റമുണ്ടാകില്ല. സീറ്റ് പങ്കിടൽ സംബന്ധിച്ച കരാർ ഒപ്പിടുന്നതിന്റെ മുന്നോടിയായി മാനേജ്മെന്റ് അസോസിയേഷനുകളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. ഫീസ് നിരക്കിൽ വർധന ആവശ്യമുയർന്നെങ്കിലും ഈ വർഷം നിലവിലെ നിരക്കിൽ പ്രവേശനം നടക്കട്ടെ എന്ന നിലപാടിലാണ് സർക്കാർ.
കേരള കാത്തലിക് എൻജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ (കെ.സി.ഇ.സി.എം.എ) ആണ് പ്രധാനമായും ഫീസ് വർധന ആവശ്യപ്പെട്ടിരുന്നത്. അസോസിയേഷന് കീഴിൽ 14 കോളജുകളാണുള്ളത്. ഇതിൽ തിരുവനന്തപുരം മാർ ബസേലിയോസ്, എറണാകുളം രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്നിവ സ്വയംഭരണ കോളജുകളാണ്. ഇതിനു പുറമെ, സ്വാശ്രയ മേഖലയിലുള്ള മറ്റൊരു സ്വയംഭരണ കോളജായ കോട്ടയം സെന്റ് ഗിറ്റ്സും ഫീസ് വർധന ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, കൂടുതൽ കോളജുകളെ പ്രതിനിധാനം ചെയ്യുന്ന കേരള സെൽഫ് ഫിനാൻസിങ് എൻജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ ഫീസ് വർധന ആവശ്യം ഉയർത്തിയിട്ടില്ല. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നികത്താനാവശ്യമായ ഇളവുകളാണ് അസോസിയേഷൻ ആവശ്യപ്പെട്ടത്. ഫീസ് വർധന ആവശ്യപ്പെട്ട കോളജുകളുടെ കാര്യത്തിൽ കൂടി അന്തിമ തീരുമാനമെടുത്ത ശേഷം പ്രവേശന കരാർ ഒപ്പിടും.
50 ശതമാനം സീറ്റുകളാണ് സ്വാശ്രയ കോളജുകൾ സർക്കാറിന് വിട്ടുനൽകുന്നത്. 35 ശതമാനം സീറ്റ് മാനേജ്മെന്റ് ക്വോട്ടയിലും 15 ശതമാനം സീറ്റ് എൻ.ആർ.ഐ ക്വോട്ടയിലുമാണ്. വ്യത്യസ്ത ക്വോട്ടകളിലേക്കുള്ള കരാർ പ്രകാരം നിശ്ചയിച്ച് സർക്കാർ വൈകാതെ ഉത്തരവിറക്കും.
നിലവിൽ സർക്കാറിന് വിട്ടുനൽകുന്ന സീറ്റിൽ പകുതിയിൽ താഴ്ന്ന വരുമാനക്കാർക്ക് 50,000 രൂപയാണ് വാർഷിക ട്യൂഷൻ ഫീസ്. ബാക്കിയുള്ള പകുതി സീറ്റിൽ 50,000 രൂപ ട്യൂഷൻ ഫീസിന് പുറമെ, 25000 രൂപ സ്പെഷൽ ഫീസ് ഈടാക്കാനും അനുമതിയുണ്ട്. മാനേജ്മെന്റ് ക്വോട്ടയിൽ 99,000 രൂപ വരെ ട്യൂഷൻ ഫീസും 25,000 രൂപ സ്പെഷൽ ഫീസും ഈടാക്കാം.
ഇതിനു പുറമെ, ഒന്നര ലക്ഷം രൂപ തിരികെ നൽകുന്ന പലിശരഹിത നിക്ഷേപവും വാങ്ങാം. എൻ.ആർ.ഐ ക്വോട്ടയിൽ ഒന്നര ലക്ഷം രൂപ വാർഷിക ഫീസും 25,000 രൂപ സ്പെഷൽ ഫീസും ഒന്നര ലക്ഷം പലിശരഹിത നിക്ഷേപവും വാങ്ങാം. കാത്തലിക് മാനേജ്മെന്റിന് കീഴിൽ മുഴുവൻ സീറ്റുകളിലും വാർഷിക ഫീസ് 75,000 രൂപയാണ്. ഒരു ലക്ഷം രൂപ നിക്ഷേപവും വാങ്ങാം. എൻ.ആർ.ഐ ക്വോട്ടയിൽ പ്രവേശനം നേടുന്നവരിൽനിന്ന് വാർഷിക ഫീസിന് പുറമെ, 7000 ഡോളർ കൂടി ഈടാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

