അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി ഒരു സഹകരണവുമില്ല; എം.വി. ഗോവിന്ദന്‍റെ വാക്കുകൾ വളച്ചൊടിച്ചെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആർ.എസ്.എസോ അനുബന്ധ സംഘടനകളോ ആയി സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം.വി. ഗോവിന്ദന്‍റെ വാക്കുകൾ വളച്ചൊടിച്ച് വാർത്തകൾ വന്നു. അതിന്‍റെ യാഥാർഥ്യം പിന്നീട് അദ്ദേഹം തന്നെ വ്യക്തമാക്കി. ശത്രുവിന്‍റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ എല്ലാകാലത്തും സി.പി.എം തയാറാണ്. ആർ.എസ്.എസുമായി ഒന്നിക്കാനുള്ള ശ്രമം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
“രാജ്ഭവനിൽ കണ്ടതുപോലുള്ള ചിത്രങ്ങൾക്കു മുന്നിൽ തലകുനിക്കുന്നവരല്ല സി.പി.എം. ഒരുകാലത്തും ഒരു വർഗീയ ശക്തിയെയും ഒപ്പംനിർത്താൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. വിട്ടുനിൽക്കാനേ ശ്രമിച്ചിട്ടുള്ളൂ. കോ-ലീ-ബി സഖ്യമെല്ലാം എല്ലാവരുടെയും മനസിൽ തങ്ങിനിൽക്കുന്ന കാര്യമാണ്. 215 സഖാക്കളെ കൊലപ്പെടുത്തിയ വിഭാഗമാണ് ആർ.എസ്.എസ്. അരുംകൊലകൾക്ക് നേതൃത്വം നൽകിയ സംഘടനയാണത്. അതിൽ ഒരിക്കലെങ്കിലും ആർ.എസ്.എസിനെ ആക്ഷേപിക്കാൻ കോൺഗ്രസ് തയാറായിട്ടില്ല. പകരം കാവൽ നിൽക്കുകയായിരുന്നുവെന്ന് മുൻ കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞിട്ടുണ്ട്.
ഏതെങ്കിലും തരത്തിൽ വിവാദമുണ്ടാക്കി സി.പി.എമ്മിന് ആർ.എസ്.എസുമായി ബന്ധമെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. ഫാസിസ്റ്റ് കാഴ്ചപ്പാടും ആശയവുമുള്ള ആർ.എസ്.എസിനെതിരായ നിലപാടാണ് സി.പി.എമ്മിന്‍റേതും കമ്മൂണിസ്റ്റുകളുടേതും. ഒരുഘട്ടത്തിലും അവരുമായി അടുക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ആരുടെയും നിഴലിൽ നിന്നല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പ്രവർത്തിച്ചത്. അന്നത്തെ അർധ ഫാസിസ്റ്റ് വാഴ്ചക്കാലത്ത് ഞങ്ങൾ ഞങ്ങളായിത്തന്നെ പോരാടി. കണ്ണൂരിൽ മാത്രം അനവധി രക്തസാക്ഷികളാണ് അക്കാലത്ത് സി.പി.എമ്മിനുണ്ടായത്. ജനതാപാർട്ടി 1977ലാണ് ഉണ്ടായത്. അടിയന്തരാവസ്ഥക്കാലത്ത് ജനസംഘവുമായോ അതനുശേഷം ജനതാപാർട്ടിയുമായോ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബന്ധമുണ്ടായിട്ടില്ല” -മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയിൽ അംഗീകൃതമല്ലാത്ത ബിംബങ്ങൾ വെച്ചത് ശരിയല്ലാത്തതിനാലാണ് കൃഷിമന്ത്രി വിട്ടുനിന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന അംഗീകരിക്കാത്ത ഒരു ചിത്രമാണവിടെ വെച്ചത്. രാജ്ഭവനെ ആർ.എസ്.എസിന്‍റെ പ്രചാരണത്തിനുള്ള വേദിയാക്കരുത്. രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കുന്നതിനെ അംഗീകരിക്കാനാകില്ല. ഭരണഘടനാ വിരുദ്ധമാണത്. ഭാരതാംബയെന്ന ചിത്രീകരണം ഭരണഘടനാ വിരുദ്ധമാണ്. ആർ.എസ്.എസിന് ആ ചിത്രം ബഹുമാനിക്കാം, എന്നാൽ എല്ലാവരും അത് അംഗീകരിക്കണമെന്ന് പറയാനാകില്ല.
സ്വാതന്ത്ര്യ സമര പ്രസ്ഥാനം ശക്തമായിരുന്ന ഘട്ടത്തിലാണ് ആർ.എസ്.എസ് രൂപവത്കരിച്ചത്. എന്നാലവർ സ്വീകരിച്ച നിലപാട് സ്വാതന്ത്ര്യ പ്രസ്ഥാനത്തിനെതിരായിരുന്നു. വൈദേശിക ശക്തിക്കെതിരെ പോരാടാൻ അവർ തയാറായിരുന്നില്ല. ആഭ്യന്തര ശത്രുക്കളായ മുസ്ലിംകൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകൾ എന്നിവർക്കെതിരെ പോരാടമമെന്നായിരുന്നു അവരുടെ ആവശ്യം. സ്വതന്ത്ര ഇന്ത്യയിൽനിന്ന് വിട്ടുനിന്ന തിരുവിതാംകൂർ രാജ്യത്തോടൊപ്പം ചേർക്കണമെന്നുപോലും ആർ.എസ്.എസുകാർ ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ രാജ്ഭവനെ ആർ.എസ്.എസ് ശാഖയാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ലഹരിവിരുദ്ധ പ്രചാരണങ്ങൾ സർക്കാർ ശക്തമായി മുന്നോട്ടു കൊണ്ടുപോകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തിലൂടെ ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യം. ലഹരിയുടെ ദൂഷ്യവശങ്ങള കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കും. അതിനായി പാഠ്യപദ്ധതിയിൽ മാറ്റം കൊണ്ടുവന്നു. അധ്യാപകർക്കും രക്ഷിതാക്കൾക്കും ആവശ്യമായ പരിശീലനം നൽകും. എക്സൈസിന്‍റെ സഹകരണത്തോടെ സ്കൂളുകളിൽ ആന്‍റി-നർകോട്ടിക് ക്ലബ്ബുകൾ സ്ഥാപിച്ചുവരികയാണ്.
വിദ്യാർഥികളുടെ സർഗശേഷി ഉയർത്തായി യുവജനോത്സവം 2025 എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കും. ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാൻ അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടുകൾക്കായി പ്രത്യേക വ്യായാമ പരിശീലനങ്ങൾ നൽകാനും നിർദേശിച്ചു. ലഹരിക്കെതിരെ കോഴിക്കോട് കോർപറേഷനും കാട്ടാക്കട പഞ്ചായത്തും സ്വീകരിച്ച പ്രചാരണ പരിപാടികൾ ശ്രദ്ധേയമാണ്.
മഴക്കെടുതി നേരിടാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്. 104 വീടുകളാണ് ഇതുവരെ തകർന്നത്. ദുരിതബാധിത പ്രദേശങ്ങളിലെ നിരവധിപേരെ മാറ്റിപാർപ്പിച്ചു. കേരളതീരത്ത് അപകടത്തിൽപെട്ട കപ്പലുകളിലെ കണ്ടെയ്നറുകളിൽ പലതും തീരത്തടിഞ്ഞു. ഇവ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
സയണിസ്റ്റ് ഭീകരത ലേകമനസ്സാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലാണ് ഇറാനെ ആക്രമിക്കുന്നത്. അമേരിക്കയുടെ ഒത്താശയോടെയാണിത്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണം. യുദ്ധം അവസാനിപ്പിക്കാൻ യു.എൻ മുന്നിട്ടിറങ്ങണം. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കാൻ കേന്ദ്രം തയാറാകണം. ഇസ്രായേലിനെതിരെ പ്രതിഷേധിക്കാൻ ഇന്ത്യ തയാറാകണം. സംഘർഷബാധിത പ്രദേശത്തുനിന്ന് മടങ്ങിയെത്തുന്നവർക്ക് സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

