പണ്ടുപണ്ടല്ല; ഇപ്പോഴുമുണ്ട് ഇടുക്കിയിലൊരു രാജാവ്!
text_fieldsകോവിൽമല രാജാവ് രാമൻ രാജമന്നാൻ
തൊടുപുഴ: കോവിൽമലയിലുണ്ടൊരു രാജാവ്. കൈയിൽ ശംഖും നെൽക്കതിരുള്ള കാപ്പും തലയിൽ തലപ്പാവും അധികാരമേകുന്ന ദണ്ഡും തോളിൽ അംഗവസ്ത്രവുമൊക്കെയായി പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നൊരു രാജമന്നാൻ. കട്ടപ്പന കോവിൽമലയിലുള്ള മന്നാൻ ആദിവാസി രാജാവിന്റെ ഔദ്യോഗിക ചിഹ്നങ്ങളാണിവ. ഇന്ത്യയിൽ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിൽ ഒന്നായ ഇടുക്കി ജില്ലയിലെ രാജാവിന്റെ ആസ്ഥാനമാണ് കാഞ്ചിയാർ പഞ്ചായത്തിലെ കോവിൽമല. രാമൻ രാജമന്നാനാണ് ഇപ്പോഴത്തെ രാജാവ്. മന്നാൻ സമുദായത്തിന്റെ പതിനേഴാമത്തെ രാജാവാണ് ഇദ്ദേഹം.
പതിനാലാമത്തെ രാജാവായിരുന്ന നായൻ രാജമന്നാന്റെ കാലം മുതലാണ് ഈ വിഭാഗത്തെക്കുറിച്ച് പുറംലോകം കാര്യമായി അറിഞ്ഞ് തുടങ്ങിയത്. 1995 മാർച്ചിൽ നായൻ രാജമന്നാന്റെ മരണശേഷം തേവൻ രാജമന്നാൻ രാജാവായി. അദ്ദേഹത്തിന്റെ കാലശേഷം 26 വയസ്സ് മാത്രമുണ്ടായിരുന്ന അരിയാൻ രാജമന്നാനാണ് നാട് ഭരിച്ചത്. അരിയാൻ രാജമന്നാൻ 2011ൽ മരിച്ചതോടെയാണ് 2012ൽ രാമൻ രാജമന്നാൻ തെരഞ്ഞെടുക്കപ്പെട്ടത്. മന്നാൻ സമുദായത്തിന്റെ ജീവിതം തമിഴ് സംസ്കാരവുമായി ചേർന്നുനിൽക്കുന്നതാണ്. ഈ സമൂഹത്തിന്റെ ഭാഷയിലും ആചാരാനുഷ്ഠാനങ്ങളിലുമെല്ലാം അത് പ്രകടമാണ്. ഇവരുടെ പൂർവദേശം തമിഴ്നാടാണെന്നും ഇടുക്കിയിലേക്ക് കുടിയേറിയതാണെന്നും കരുതപ്പെടുന്നു. എന്നാൽ, കുടിയേറ്റ കാലഘട്ടം വ്യക്തമല്ല. ഇളയരാജാവ്, കാണിക്കാർ തുടങ്ങിയവരെല്ലാം ഉൾപ്പെടുന്ന ഭരണസംവിധാനവും ഇവർക്കുണ്ട്. 46 കുടികളിലായി മുക്കാൽ ലക്ഷത്തോളം അംഗങ്ങളാണ് മന്നാൻ സമുദായത്തിലുള്ളത്.
ജനനം, മരണം, വിവാഹം, കാർഷിക വൃത്തി തുടങ്ങിയവയെല്ലാമായി ബന്ധപ്പെട്ടാണ് ഇവരുടെ ആചാരങ്ങളും വിശ്വാസങ്ങളും രൂപപ്പെട്ടിരിക്കുന്നത്. പരമ്പരാഗത ആദിവാസി തനിമ നിലനിർത്തുന്ന ഇവരുടെ കാലാവൂട്ട് മഹോത്സവം ഫെബ്രുവരി, മാർച്ച് മാസത്തിലാണ് നടക്കുന്നത്. സമുദായത്തിന്റെ പരദേവത മുത്തിയമ്മയുടെ കോവിലിനു മുന്നിൽ പ്രത്യേക പൂജകൾക്ക് ശേഷമാണ് കൂത്ത് എന്ന കലാരൂപം അരങ്ങേറുന്നത്. മണ്ണും കൃഷിയുമായി മന്നാൻ സമുദായത്തിനുള്ള ആത്മബന്ധമാണ് കാലാവൂട്ട് മഹോത്സവം. ദൈവസ്തുതികൾക്കൊപ്പം മികച്ച വിളവുതന്ന മണ്ണിന്റെ സ്മരണയും നല്ലവിളവുതന്ന് ഞങ്ങളെ രക്ഷിക്കണമെന്ന തേട്ടവുമാണ് കൂത്തിന്റെ അടിസ്ഥാനം.
സംഘകാലം മുതൽ രൂപപ്പെട്ട കൂത്ത് എന്ന കലാരൂപത്തിലെ വിഷയം തമിഴ് സാഹിത്യത്തിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നായ ചിലപ്പതികാരകഥയിലെ കണ്ണകി-കോവിലൻ കഥാതന്തുവാണ്. പാട്ടുകൾ, ചൊല്ലുകൾ, സംഭാഷണങ്ങൾ എന്നിവ ഇടകലർന്നാണ് കൂത്ത്. മൃഗവേഷം, സ്ത്രീവേഷം, കോമാളിവേഷം, പക്ഷിവേഷം എന്നിവ കെട്ടിയ നൃത്തക്കാർ ആദിവാസി കൂത്തിന്റെ പ്രത്യേകതയാണ്. പിന്നണിയിൽ പാട്ടുകാരും ചെണ്ടക്കാരുമുണ്ടാവും. മുമ്പ് വനവിഭവങ്ങളും മറ്റും ശേഖരിച്ച് ഉപജീവനം നടത്തിയിരുന്ന ആദിവാസി വിഭാഗത്തിൽപെട്ടവരിൽ ഭൂരിഭാഗവും ഇപ്പോൾ കൃഷിയിടങ്ങളിലും മറ്റും ജോലി ചെയ്ത് പുറംലോകവുമായി ബന്ധപ്പെട്ടുവരുന്നുണ്ട്. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ബിരുദം നേടിയ വ്യക്തിയാണ് ഇപ്പോഴത്തെ രാജാവ് രാമൻ രാജമന്നാൻ.