‘രാഹുലിന് ഇനി ഒരു തിരിച്ചുവരവില്ല, പാർട്ടിക്ക് അയാളുടെ കാര്യത്തിൽ ഒരു ഉത്തരവാദിത്തവുമില്ല’- കെ.മുരളീധരൻ
text_fieldsതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിന് പാർട്ടിയിലേക്ക് ഇനിയൊരു മടങ്ങിവരവില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വിഷയത്തിൽ പാർട്ടി അതിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിന്റെ കാര്യത്തിൽ കോൺഗ്രസന് ഒരു ഉത്തരവാദിത്വവുമില്ല. പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നത് വിഷയത്തിലേക്ക് ജനശ്രദ്ധ വഴിതിരിച്ചുവിടാനാണെന്നും മുരളീധരൻ പറഞ്ഞു.
ഒന്നുകിൽ കേരള പൊലീസിന് ചുണയില്ല, ഇങ്ങനെ ഇത്രയും പ്രവർത്തികൾ കാണിക്കുന്ന ഒരാൾ ഒളിൽ കഴിഞ്ഞിട്ട് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണ് കേരള പൊലീസ് മീശവെച്ച് നടക്കുന്നതെന്നും മുരളീധരൻ ചോദിച്ചു. രാഹുലിനെ പുറത്താക്കുന്നത് സംബന്ധിച്ച് സാങ്കേതിക തീരുമാനം മാത്രമാണ് സ്വീകരിക്കാനുള്ളത്. തങ്ങളെ സംബന്ധിച്ച് ആ വ്യക്തിയുടെ ഒരു പ്രവർത്തികൾക്കും കോൺഗ്രസിന് ഉത്തരവാദിത്വമില്ല. ഈ പ്രവർത്തി ചെയ്യുന്നയാളെ ഒരിക്കലും കോൺഗ്രസ് പാർട്ടിക്ക് ആവശ്യമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസവും മുരളീധരൻ രൂക്ഷവിമർശനമുയർത്തി രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞിരുന്നു. സസ്പെൻഷൻ എന്നത് തെറ്റുതിരുത്താനുള്ള മാർഗമായിട്ടാണ് കോൺഗ്രസ് പാർട്ടി ഇതുവരെ അനുവർത്തിച്ച് പോന്നിട്ടുള്ളതെങ്കിലും ഇനി അതിന് ഒരു സാധ്യതയില്ലാത്ത സാഹചര്യത്തിൽ ശക്തമായ നടപടി പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മുരളീധരൻ വ്യക്തമാക്കി. ‘നാടൻ ഭാഷയിൽ പറഞ്ഞാൽ ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി. ഞങ്ങളെ സംബന്ധിച്ച് പൊക്കിൾക്കൊടി ബന്ധം വിച്ഛേദിച്ചുകഴിഞ്ഞു. പിന്നെ ഞങ്ങൾക്കതിൽ ഒരു ഉത്തരവാദിത്തവുമില്ല’- കെ. മുരളീധരൻ പറഞ്ഞു.
പാർട്ടി ഏൽപ്പിച്ചത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ്. അല്ലാതെ മതിലുചാടനല്ല. ഇനി ചല നേതാക്കന്മാർ എന്നൊന്നുമില്ല. പുകഞ്ഞ കൊള്ളി പുറത്ത്. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം. പാർട്ടിയുടെ അന്തസ് കാത്തുസൂക്ഷിക്കണം എന്നാണ് പാർട്ടിയുടെ നിലപാട്. അതിനെതിരെ ആരു നീങ്ങിയാലും നടപടി ഉണ്ടാകും. കെ.പി.സി.സി പ്രസിഡന്‍റുമായി സംസാരിച്ചിട്ടുണ്ടെന്നും കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍ രേഖാമൂലമുള്ള പരാതി സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടേയോ മുമ്പില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാഹുലിനെതിരെ ഔദ്യോഗികമായി പരാതി സര്‍ക്കാരിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും മുന്നിലുണ്ട്. രാഹുല്‍ കോണ്‍ഗ്രസിലുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി തലത്തില്‍ കൂടി അന്വേഷണം നടത്തിയേനേ. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സസ്‌പെന്‍ഷനിലായതിനാല്‍ പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നുവെന്ന് കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

