‘വിശ്രമത്തിന് സമയമില്ല, നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങണം’; യു.ഡി.എഫ് വിട്ടവർ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയമെന്ന് സണ്ണി ജോസഫ്
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് വിട്ടുപോയവർ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്. യു.ഡി.എഫിലേക്ക് മടങ്ങിവരണമോ എന്ന് കേരള കോൺഗ്രസിന് തീരുമാനിക്കാമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ജനവികാരം എവിടെയാണെന്ന് മനസിലാക്കണം. ലോക്സഭ തെരഞ്ഞെടുപ്പിൽ അത് വ്യക്തമായിരുന്നു. യു.ഡി.എഫ് പറഞ്ഞത് പോലെ ജനകീയ അടിത്തറ വികസിപ്പിച്ചു. പി.വി. അൻവറിന്‍റെ മുന്നണി പ്രവേശനം സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്. ഇനി സാങ്കേതികത്വം മാത്രമേയുള്ളൂ. യോജിച്ച് പോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
സർക്കാർ വിരുദ്ധ വികാരം, ശബരിമല മോഷണം, യു.ഡി.എഫിന്‍റെ കൂട്ടായ പ്രവർത്തനം, സ്ഥാനാർഥികളുടെ മേൽമ, ടീം വർക്ക് എല്ലാം വിജയത്തിന്‍റെ അടിത്തറയായി. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചില്ല. കുറച്ച് സമയവും സാമ്പത്തിക സൗകര്യവും കിട്ടിയിരുന്നെങ്കിൽ കോഴിക്കോട് കോർപറേഷനിൽ നേട്ടമുണ്ടാക്കാൻ സാധിച്ചേനെ.
തിരുവനന്തപുരം കോർപറേഷൻ കെ. മുരളീധരന്‍റെ നേതൃത്വം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. പത്ത് സീറ്റിനെ 19 ആയി വർധിപ്പിക്കാൻ സാധിച്ചു. വാർഡ് വിഭജനം എതിരായിട്ടും നില മെച്ചപ്പെടുത്തി. എൽ.ഡി.എഫിന്‍റെ അടിത്തറ ഇളകിയതാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണം.
നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിൽ യു.ഡി.എഫിന് അമിത ആത്മവിശ്വാസമില്ല. മത്സരങ്ങളിൽ അമിത ആത്മവിശ്വാസം പാടില്ല. കൂടുതൽ ശ്രദ്ധ വേണമെന്നും വിശ്രമത്തിന് സമയമില്ലെന്നും സണ്ണി ജോസഫ് വ്യക്തമക്കി.
തദ്ദേശ തെരഞ്ഞെടുപ്പിൽ നഗരസഭകൾ മുതൽ ഗ്രാമപഞ്ചായത്തുകൾ വരെ ഇടതുകോട്ടകൾ തകർത്തെറിഞ്ഞാണ് യു.ഡി.എഫ് നേട്ടം കൈവരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിച്ച് ജനമനസ്സുകളിലേക്കിറങ്ങിയ യു.ഡി.എഫിന് വലിയ ആത്മവിശ്വാസം നൽകുന്നതായി ഈ വിജയം.
ഗ്രാമപഞ്ചായത്ത് തലം മുതൽ കോർപറേഷനുകൾ വരെ ഇടതിന്റെ പ്രതിക്ഷകൾക്ക് വലിയ തിരിച്ചടിയുണ്ടായി. ആറ് കോർപറേഷനുകളിൽ കണ്ണൂർ ഒഴികെ അഞ്ചും എൽ.ഡി.എഫിന്‍റെ കൈയിലായിരുന്നു. അതിൽ കോഴിക്കോട് ഒഴികെ നാലും യു.ഡി.എഫ് പിടിച്ചെടുത്തു. തിരുവനന്തപുരം കോർപറേഷനിൽ 45 വർഷത്തെ ഇടത് ആധിപത്യത്തിന് അറുതിവരുത്തിയാണ് ഭരണം എൻ.ഡി.എ കൈപ്പിടിയിലൊതുക്കിയത്.
14 ജില്ല പഞ്ചായത്തുകളിൽ 12 എണ്ണം എൽ.ഡി.എഫിന്‍റെ കൈയിലായിരുന്നു. രണ്ടെണ്ണം യു.ഡി.എഫിന്റെയും. അഞ്ചെണ്ണം കൂടി സ്വന്തമാക്കി യു.ഡി.എഫ് ഏഴിടത്ത് ഭരണം ഉറപ്പിച്ചു. 87 മുനിസിപ്പാലിറ്റികളിൽ 43 എണ്ണം എൽ.ഡി.എഫിന്റെയും 42 എണ്ണം യു.ഡി.എഫിന്റെയും പക്കലായിരുന്നു. അതിപ്പോൾ 28 എണ്ണമായി എൽ.ഡി.എഫ് ഗ്രാഫ് ഇടിഞ്ഞു. അതേസമയം, 42ൽ നിന്ന് യു.ഡി.എഫ് 54ലേക്കാണ് കുതിച്ചത്.
152 ബ്ലോക്ക് പഞ്ചായത്തുകളിൽ 111 എണ്ണം ഉണ്ടായിരുന്ന എൽ.ഡി.എഫ് 63ലേക്ക് കൂപ്പുകുത്തി. യു.ഡി.എഫിനൊപ്പം 79 എണ്ണവും. 941 ഗ്രാമപഞ്ചായത്തുകളിലും വലിയ തിരിച്ചടി ഇടതുമുന്നണിക്ക് സംഭവിച്ചു. 580 എണ്ണം കൈവശം ഉണ്ടായിരുന്ന സ്ഥാനത്ത് 340 ആയി ചുരുങ്ങി. യു.ഡി.എഫ് ആകട്ടെ 340 ൽ നിന്ന് 505 ആയി വർധിപ്പിക്കുകയും ചെയ്തു. 12 ഗ്രാമപഞ്ചായത്തുകളുണ്ടായിരുന്ന എൻ.ഡി.എ നേട്ടം 24 ലേക്കും ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

