ഇടുക്കിയിലും മുല്ലപ്പെരിയാറിലും ആശങ്കയുടെ സാഹചര്യമില്ല- റോഷി അഗസ്റ്റിന്‍
text_fieldsതിരുവനന്തപുരം: തീവ്രമഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി- മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറില്‍ ജലവിഭവ വകുപ്പ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ 134.75 അടി ജലമാണുള്ളത്. ഇന്നത്തെ റൂള്‍ കര്‍വ് 137.15 അടിയാണ്. ഓഗസ്റ്റ് 10 ന് ഇത് 137.5 അടിയായി ഉയരും.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ജലനിരപ്പ് പരിശോധിക്കുന്നുണ്ട്. ഒറ്റ ദിവസം തന്നെ ജലനിരപ്പ് രണ്ട്-മൂന്ന് അടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പെരിയാറിന്റെ തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി.
ഇടുക്കിയില്‍ 2374.52 അടിയാണ് ഇന്നലെ വരെയുള്ളത്. അണക്കെട്ടിന്റെ ആകെ സംഭരണ ശേഷിയുടെ 75 ശതമാനം മാത്രമാണ് ഇപ്പോള്‍ വെള്ളം ഉള്ളത്. വൃഷ്ടി പ്രദേശത്ത് കാര്യമായ മഴയില്ല. എങ്കിലും കൃത്യമായ അവലോകം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
ജലനിരപ്പ് കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ തീവ്രമാകുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ ആവശ്യമെങ്കില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) കൂടുതല്‍ സംഘങ്ങളെ ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

