മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം സി.പി.എമ്മും; പി. ശശിക്കെതിരെ പാർട്ടി അന്വേഷണമില്ല
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ അന്വേഷണം നടത്തണമെന്ന പി.വി അൻവർ എം.എൽ.എയുടെ പരാതി തള്ളി സിസ.പി.എം. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. പി.വി അൻവറിന്റെ ആരോപണങ്ങൾ പൂർണമായും തള്ളി ശശിക്കൊപ്പം നിൽക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനാണ് സി.പി.എം പിന്തുണ.
എ.ഡി.ജി.പിയെ മാറ്റുന്നത് സംബന്ധിച്ചും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച നടന്നുവെന്നാണ് സൂചന. എ.ഡി.ജി.പിയെ തിരക്കിട്ട് മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് എത്തി. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം തുടർ നടപടി സ്വീകരിച്ചാൽ മതിയെന്നാണ് സി.പി.എം നിലപാട്.
നേരത്തെ സർക്കാറിനും പാർട്ടിക്കുമെതിരെ പി.വി അൻവർ തുടർച്ചയായി മാധ്യമങ്ങൾ വഴി ആരോപണങ്ങൾ പ്രചരിപ്പിക്കുന്ന നിലപാടിനോട് യോജിക്കാനാവില്ലെന്ന് സി.പി.എം വ്യക്തമാക്കിയിരുന്നു. പി.വി അൻവർ എം.എൽ.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകൾ പാർട്ടി ശത്രുക്കൾക്ക് സർക്കാറിനേയും പാർട്ടിയേയും ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇതിൽ നിന്നും പി.വി അൻവർ പിന്തിരിയണമെന്നും പാർട്ടി അൻവറിനോട് ആവശ്യപ്പെട്ടിരുന്നു.
സി.പി.എമ്മിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ താൻ പാർട്ടിയെ അനുസരിക്കുമെന്ന് അറിയിച്ച് പി.വി അൻവറും രംഗത്തെത്തിയിരുന്നു. ഇനി തന്റെ ഭാഗത്ത് നിന്ന് പരസ്യപ്രസ്താവനകൾ ഉണ്ടാവില്ലെന്നും അൻവർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

