പാലത്തായി വിധിയിൽ തനിക്കെതിരെ പരാമർശമില്ല, പ്രചാരണം ദുഷ്ടലാക്കോടെയെന്ന് കെ.കെ. ശൈലജ
text_fieldsകണ്ണൂർ: പാലത്തായി കേസിലെ കോടതി വിധിയിൽ തനിക്കെതിരെ പരാമർശമില്ലെന്ന് സി.പി.എം നേതാവ് കെ.കെ. ശൈലജ. ഇത് കരുതിക്കൂട്ടിയുള്ള, ദുഷ്‌ടലാക്കോടെയുള്ള പ്രചാരണമാണെന്നാണ് താൻ മനസിലാക്കുന്നത്. ഇതിന് പിന്നിൽ ആരാണുള്ളതെങ്കിലും അടിയന്തരമായി പിന്തിരിയണമെന്നാണ് പറയാനുള്ളത്. പ്രചാരണത്തിന് പിന്നിൽ നിക്ഷിപ്‌ത താത്പര്യക്കാർ ആണ്. ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ടെന്നും ശൈലജ പറഞ്ഞു.
അന്വേഷണത്തിന്‍റെ എല്ലാ ഘട്ടത്തിലും കുടുംബം തന്നെ ബന്ധപ്പെട്ടിരുന്നെന്നും ശൈലജ പറഞ്ഞു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി കുട്ടിയെ ബുദ്ധിമുട്ടിക്കരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പരാതി പറയാൻ കുട്ടിയേയും കൂട്ടി രക്ഷിതാക്കൾ പൊലീസിനെ കാണാൻ പോയപ്പോൾ തന്നെ അന്നത്തെ തലശ്ശേരി ഡി.വൈ.എസ്.പിയെ വിളിച്ച് സംസാരിച്ചിരുന്നെന്നും വളരെ ഗൗരവത്തിൽ തന്നെ കേസ് അന്വേഷിക്കണമെന്ന് പറഞ്ഞതായും ശൈലജ പറഞ്ഞു.
ഡി.വൈ.എസ്.പിയെ വിളിക്കുമ്പോൾ കുട്ടിയുടെ രക്ഷിതാക്കൾ മുന്നിലിരിക്കുന്നുണ്ടായിരുന്നെന്നും ശൈലജ കൂട്ടിച്ചേർത്തു. പിന്നീട് നാട്ടിൽ എത്തിയപ്പോൾ, അന്ന് വിളിക്കുമ്പോൾ തങ്ങൾ മുന്നിലിരിക്കുന്നുണ്ടായിരുന്നെന്നും ടീച്ചർ പറഞ്ഞത് പൊലീസ് തങ്ങളോട് പറഞ്ഞെന്നും കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞതായി ശൈലജ പറഞ്ഞു. ഏതെങ്കിലും തരത്തിൽ അന്നത്തെ ഏതെങ്കിലും കൗൺസലർമാർ കുട്ടിയെ ഉപദ്രവിക്കുന്ന ഘട്ടമുണ്ടായിട്ടുണ്ടെങ്കിൽ അതൊന്നും അന്വേഷിക്കുന്നതിന് തങ്ങളാരും എതിരല്ല എന്നും ശൈലജ കൂട്ടിച്ചേർത്തു.
അതേസമയം, പാലത്തായി പീഡനക്കേസിലെ കോടതി വിധിയിൽ വിമർശനം നേരിട്ട കെ.കെ ശൈലജ മാപ്പ് പറയണമെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി. 'ടീച്ചറെന്നോ അമ്മയെന്നോ ഉള്ള വിളിക്ക് അവർ അർഹയല്ല. സ്‌ത്രീയെന്ന മര്യാദ പോലും പാലത്തായി കേസില്‍ ശൈലജ കാണിച്ചിട്ടില്ല. സി.പി.എം- ബി.ജെ.പി ധാരണയുടെ ഭാഗമായി പ്രതിയെ ശൈലജ സഹായിച്ചെന്നും കെ.എം. ഷാജി പറഞ്ഞു.
അഞ്ച് വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ കണ്ണൂരിലെ പാലത്തായിയിലുള്ള പത്തുവയസുകാരിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കേസില്‍ തലശ്ശേരി അതിവേഗ പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്. പോക്‌സോ കുറ്റങ്ങളില്‍ നാല്‍പത് വര്‍ഷമാണ് തടവുശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

