‘കേന്ദ്ര ബജറ്റില്‍ കേരളമില്ല; ആകെ കിട്ടിയത് ആമ മുട്ട’
text_fieldsതിരുവനന്തപുരം: സംസ്ഥാന ബജറ്റിന്റെ പൊതുചര്‍ച്ചക്കിടെ നിയമസഭയില്‍ മുഴങ്ങിയതേറെയും കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരായ പ്രതിഷേധം. പ്രതിപക്ഷം ചര്‍ച്ച ബഹിഷ്‌കരിച്ചതിനാല്‍ ഭരണപക്ഷത്തിന്‍റെ പ്രതിപക്ഷ വിമര്‍ശനവും ഏകപക്ഷീയമായി. കേന്ദ്ര ബജറ്റില്‍ കേരളമില്ലെന്നും ആകെ കിട്ടിയത് ആമ മുട്ടയാണെന്നും പറഞ്ഞ് ചര്‍ച്ച തുടങ്ങിവെച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ആമത്തോടിലൊളിച്ചോ എന്നും ചോദിച്ചു.
എയിംസ്, അതിവേഗ റെയില്‍, ശബരി പാത, വയനാട് പുനരധിവാസം അടക്കമുള്ളവയൊന്നും കേരളത്തിന് അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാന ബജറ്റിനെ അനുകൂലിച്ച അദ്ദേഹം കര്‍ഷക ക്ഷേമനിധി ബോര്‍ഡിന് തുക അനുവദിക്കണമെന്നും സാക്ഷരത പ്രേരക്മാരെ സ്ഥിരപ്പെടുത്തണമെന്നും ആശപ്രവര്‍ത്തകരെ സ്ഥിരപ്പെടുത്താനുള്ള ആവശ്യത്തിൽ സഭ പ്രമേയം പാസാക്കി കേന്ദ്രത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ടു.
അതിവേഗ റെയിലിനുപകരം അതിവേഗ അവഗണനയാണ് കേന്ദ്രത്തില്‍ നിന്നുണ്ടായതെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനം. തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി ജയിച്ചിട്ടും തലസ്ഥാനത്തിനുപോലും ഒരു പദ്ധതിയും നൽകിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന ബജറ്റിലെ വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞും കേന്ദ്ര ബജറ്റിലെ അവഗണനയില്‍ വിമര്‍ശനമുന്നയിച്ചും എന്തിനെയും എതിര്‍ക്കുന്ന പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയുമാണ് മറ്റുള്ളവരും ചര്‍ച്ചയില്‍ പങ്കെടുത്തത്. മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ നേരത്തെ കടുത്ത വിമര്‍ശനമുന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും അംഗങ്ങള്‍ പ്രതിഷേധ സ്വരമുയര്‍ത്തി. യു.ഡി.എഫ് തുറപ്പിച്ച നേമത്തെ ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ചതാണ് പ്രതിപക്ഷത്തിന് ശിവൻകുട്ടിയോടുള്ള വിരോധ കാരണമെന്നായിരുന്നു വിമർശനം.
കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും കാര്യക്ഷമമായ ധന മാനേജ്‌മെന്റാണ് ബജറ്റില്‍ കാണുന്നതെന്ന് വിശദീകരിച്ച ഇ.ടി. ടൈസണ്‍, മഴവെള്ളം കുടിവെള്ളമാക്കി മാറ്റുന്ന പദ്ധതിവേണമെന്ന് ആവശ്യപ്പെട്ടു. റവന്യു കമ്മി കുറക്കാനായത് മികവെന്ന് ചൂണ്ടിക്കാട്ടിയ ഡോ. എന്‍. ജയരാജ് തുറവൂര്‍ -പമ്പ പാത യാഥാര്‍ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ക്ഷേമപെന്‍ഷനുകള്‍ നല്‍കാന്‍ 14,500 കോടി നീക്കിവെച്ചത് ഗ്യാരണ്ടിയാണെന്ന് കെ. ആന്‍സലനും വികസന ഫണ്ടുകളൊന്നും വെട്ടിക്കുറച്ചിട്ടില്ലെന്ന് പി. മമ്മിക്കുട്ടിയും സാക്ഷ്യപ്പെടുത്തി.
കേന്ദ്ര ബജറ്റിലെ അവഗണനയില്‍ കേരളത്തില്‍ നിന്നുള്ള 19 എം.പിമാരെ കുറ്റപ്പെടുത്തിയായിരുന്നു എ. പ്രഭാകരന്‍ ചര്‍ച്ചയിൽ ഇടപെട്ടത്. വിശ്വാസ കാര്യങ്ങള്‍ പറഞ്ഞ് ഭിന്നിപ്പിക്കുകയും അവ തെരഞ്ഞെടുപ്പ് അജണ്ടയാക്കുകയും ചെയ്യുകയാണ് പ്രതിപക്ഷമെന്നും ശബരിമലയിലെ സ്വര്‍ണം കട്ടവര്‍ ശിക്ഷിക്കപ്പെടുമെന്നും മുഹമ്മദ് മുഹ്സിന്‍ പറഞ്ഞു. പി.വി. ശ്രീനിജന്‍, അഹമ്മദ് ദേവര്‍കോവില്‍, കെ.എന്‍. ഉണ്ണികൃഷ്ണന്‍, എം. വിജിന്‍, കെ. പ്രേംകുമാര്‍, എം. നൗഷാദ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പൊതുചര്‍ച്ച ചൊവ്വ, ബുധന്‍ ദിവസങ്ങളിലും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

