സിദ്ധാർഥന്‍റെ സഹപാഠി അടക്കം ആറു പേരെ കുറിച്ച് വിവരമില്ല; പ്രതി ചേർക്കാത്തതിൽ ദുരൂഹതയെന്ന് കുടുംബം
text_fieldsസിദ്ധാർത്ഥൻ, പിതാവ് ജയപ്രകാശ്
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ സഹപാഠി അക്ഷയിനെ പ്രതി ചേർക്കാത്തതിൽ ദുരൂഹതയെന്ന് കുടുംബം. മരിക്കുന്നതിന്‍റെ അവസാന മൂന്നു ദിവസം സിദ്ധാർഥന്‍റെ ഒപ്പമുണ്ടായിരുന്നത് അക്ഷയ് ആണെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
മകനെ ഫോണിൽ കിട്ടാത്ത സാഹചര്യത്തിൽ സഹപാഠി അക്ഷയിനെ വിളിച്ചാണ് കാര്യങ്ങൾ തിരക്കിയിരുന്നത്. സിദ്ധാർഥൻ ആത്മഹത്യ ചെയ്യുന്ന ദിവസവും അക്ഷയ് വഴിയാണ് മകനുമായി ബന്ധപ്പെട്ടതെന്നും പിതാവ് വ്യക്തമാക്കി.
സിദ്ധാർഥന്‍റെ മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ അക്ഷയ് കൂടെ ഉണ്ടായിരുന്നു. എന്തൊക്കെയോ മറക്കുകയാണ്. താനുമായി ബന്ധപ്പെട്ട അഞ്ചോ ആറോ കുട്ടികളെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും മാതാവ് പറഞ്ഞു.
സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് അക്ഷയ് കള്ളം പറയുന്നുണ്ട്. സഹപാഠി മാത്രം പ്രതിയല്ലാതെ മാറിനിൽക്കുന്നു. അക്ഷയിനെ ചോദ്യം ചെയ്താൽ സിദ്ധാർഥന്‍റെ മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിക്കുമെന്ന് ബന്ധുവും ചൂണ്ടിക്കാട്ടുന്നു.
ഫെബ്രുവരി 18നാണ് ബി.വി.എസ്‍.സി രണ്ടാം വര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തിൽ സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു.
സിദ്ധാർഥൻ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജ് യൂണിയൻ ഭാരവാഹികളും എസ്.എഫ്.ഐ നേതാക്കളും അടക്കമുള്ള 18 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

