കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില് ബന്ധമില്ല; പരീക്ഷ ഫലം തടയാൻ സർക്കാറിന് എന്തവകാശം -ഹൈകോടതി
text_fieldsകൊച്ചി: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ വിദ്യാർഥികളുടെ പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിൽ ഹൈകോടതിയുടെ വിമർശനം. പരീക്ഷാഫലവും കുറ്റകൃത്യവും തമ്മിൽ ബന്ധമെന്താണെന്നും പരീക്ഷയുമായി ബന്ധപ്പെട്ടല്ല കുറ്റംകൃത്യം ചെയ്തിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. പരീക്ഷാഫലം തടഞ്ഞുവെച്ച സർക്കാർ നടപടി ആശ്ചര്യജനകമാണ്. എന്ത് അധികാരം ഉപയോഗിച്ചാണ് ഈ നടപടിയെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു.
ഷഹബാസ് വധക്കേസിലെ പ്രതികളായ പ്രായപൂർത്തിയാകാത്ത ആറുപേരുടെ ജാമ്യഹരജി പരിഗണിക്കവേയാണ് ഈ വിമർശനം. തുടർന്ന് ഹരജി വീണ്ടും ബധനാഴ്ച പരിഗണിക്കാൻ മാറ്റി. കേസ് ഡയറിയുൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാനും നിർദേശിച്ചു. ഏകജാല സംവിധാനം വഴി പ്ലസ് വണ്ണിന് അപേക്ഷിക്കേണ്ട അവസാന ദിവസം ചൊവ്വാഴ്ചയായിരുന്നെന്ന് ഹരജിക്കാർ അറിയിച്ചു.
ഫലം പ്രഖ്യാപിക്കാൻ ബാലാവകാശ കമീഷൻ നിർദേശിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി. ബാലാവകാശ കമീഷൻ നിർദേശം ശിപാർശ സ്വഭാവത്തിലുള്ളതാണെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, ക്രിമിനൽ നിയമസംവിധാനം ലക്ഷ്യമിടുന്നത് പരിവർത്തനമാണെന്ന് കോടതി പറഞ്ഞു.
കുറ്റകൃത്യത്തിൽ ഉൾപ്പെട്ടുവെന്ന പേരിൽ പരീക്ഷയെഴുതുന്നത് വിലക്കാൻ അധികാരമുണ്ടോയെന്ന് ചോദിച്ച കോടതി, ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഉത്തരവാദികളാകുമെന്ന് മുന്നറിയിപ്പ് നൽകി. ഇക്കാര്യത്തിൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു.
ജാമ്യത്തിൽ വിട്ടാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നും അവരുടെ ജീവൻ അപകടത്തിലാകുമെന്നും വിലയിരുത്തി നേരത്തേ പ്രതികളെ ജാമ്യഹരജി കോടതി തള്ളിയിരുന്നു. വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഷഹബാസ് ഫെബ്രുവരി 28നാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

